ഖത്തര്‍ ലോകകപ്പില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ സ്വന്തമാക്കിയ എമിലിയാനോ മാര്‍ട്ടിനെസ് ജീവിതത്തിലും ഹീറോയായിരിക്കുകയാണ്.
ഗോള്‍ഡന്‍ ഗ്ലൗ ലേലത്തില്‍ വിറ്റുകിട്ടിയ 36 ലക്ഷം രൂപ കാന്‍സര്‍ ബാധിതരായ കുട്ടികളുടെ ചികിത്സക്ക് നല്‍കികൊണ്ടാണ് അര്‍ജന്റൈന്‍ ഗോള്‍ കീപ്പര്‍ ഒരിക്കല്‍ കൂടി ഹീറോയായത്.
ലോകകപ്പില്‍ ഫ്രാന്‍സിനെതിരായ ഫൈനലില്‍ ചാമ്പ്യന്മാരായതിന് ശേഷം നേടിയ ഗ്ലൗ ആണ് താരം ലേലത്തില്‍ വിറ്റത്.
ജീവിതത്തില്‍ തനിക്കേറ്റവും വിലപ്പെട്ടതാണ് ഈ ഗോള്‍ഡന്‍ ഗ്ലൗ എന്നും എന്നാല്‍ ഈ കുട്ടികള്‍ക്കൊരു സഹായമാകുമെങ്കില്‍ തന്റെ വീട്ടിലെ ചില്ല് കൂട്ടില്‍ കിടക്കുന്നതിനെക്കാള്‍ എത്രയോ നല്ലതാണിങ്ങനെ ചെയ്യുന്നതെന്നും എമി പറഞ്ഞു.
ഖത്തറില്‍ അര്‍ജന്റീന ചാമ്പ്യന്‍ഷിപ്പ് നേടുന്നതില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന്റെ പ്രകടനം നിര്‍ണായകമായിരുന്നു. ക്വാര്‍ട്ടറിലും ഫൈനലിലും നിര്‍ണായകമായ പെനാല്‍ട്ടി കിക്കുകള്‍ എമി തടഞ്ഞിട്ടിരുന്നു.
ഫ്രാന്‍സിനെതിരായ ഫൈനലില്‍ അവസാന നിമിഷം ഗോളെന്നുറപ്പിച്ച പന്ത് സേവ് ചെയ്തതും എമിയായിരുന്നു. പിന്നാലെ അദ്ദേഹത്തെ തേടി ഗോള്‍ഡന്‍ ഗ്ലൗവും മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഫിഫയുടെ പുരസ്‌കാരവും ലഭിക്കുകയായിരുന്നു.
നിലവില്‍ ആസ്റ്റണ്‍വില്ലക്കായാണ് എമിലിയാനോ മാര്‍ട്ടിനെസ് ബൂട്ടുകെട്ടുന്നത്.
Content Highlights: Emiliano Martinez Auctions World Cup Gloves for Cancer Hospital