ഖത്തര്‍ വേള്‍ഡ് കപ്പ് തന്റെ കരിയറിലെ അവസാനത്തെ വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് ആയിരിക്കുമെന്ന് ലയണല്‍ മെസി നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് താരത്തിന്റെ അവസാന ലോകകപ്പ് ആയിരിക്കില്ലെന്നും 2026ലെ ലോകകപ്പിലും മെസി ഇതേ മികവോടെ കളിക്കുമെന്നുമാണ് അര്‍ജന്റീനയുടെ സൂപ്പര്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ടിനെസ് പറയുന്നത്.
മെസിക്ക് ഇതേ ഫോമില്‍ 50 വയസുവരെ കളിക്കാനാകുമെന്നും ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച താരമാണ് മെസിയെന്നുമാണ് മാര്‍ടിനെസ് പറഞ്ഞത്. ഫുട്‌ബോളേഴ്‌സ് ലൈവ്‌സ് ഡോട്ട് ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘എന്റെ അഭിപ്രായത്തില്‍ അദ്ദേഹത്തിന് 50 വയസുവരെ കളിക്കാനാവും. ഈ പ്രായത്തിലും അദ്ദേഹത്തിന്റെ പ്രതിഭയിലോ പ്രകടനത്തിലോ യാതൊരു കോട്ടവും തട്ടിയിട്ടില്ല. അത്രയും മികച്ച രീതിയിലാണ് അദ്ദേഹം ഇപ്പോഴും പന്ത് തട്ടുന്നത്. അതത്ര എളുപ്പമുള്ള കാര്യമല്ല. അദ്ദേഹം ഇത്രയും ശക്തമായി എങ്ങനെയാണ് പന്തടിക്കുന്നതെന്ന് ഇപ്പോഴും അറിയില്ല.
ക്രൊയേഷ്യക്കെതിരെ അദ്ദേഹമെടുത്ത പെനാല്‍ട്ടി ശ്രദ്ധിച്ചാല്‍ മതിയാകും. പോസ്റ്റിന്റെ വലതുമൂലയിലാണ് അത് തുളച്ചുകയറിയത്. ചെറിയൊരു പിഴവ് പറ്റിയിരുന്നെങ്കില്‍ അത് ക്രോസ് ബാറിലിടിക്കുകയും പുറത്തേക്ക് പോവുകയോ ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ഇടം കാല്‍ ചെറുതായിരിക്കാം. പക്ഷെ അതില്‍ നിന്ന് വരുന്ന ഷോട്ടുകള്‍ ശക്തമാണ്,’ മാര്‍ടിനെസ് വ്യക്തമാക്കി.
അതേസമയം കഴിഞ്ഞ ദിവസം ക്രൊയേഷ്യക്കെതിരെ നടന്ന സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ഇത് തന്റെ അവസാനത്തെ ലോകകപ്പ് ആയിരിക്കുമെന്ന് മെസി പ്രഖ്യാപിക്കുകയായിരുന്നു.
അടുത്ത ലോകകപ്പിന് ഇനിയുമൊരുപാട് വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടതായിട്ടുണ്ടെന്നും അന്നൊരുപക്ഷേ തനിക്ക് കളിക്കാന്‍ സാധിക്കുമോ എന്നറിയാത്തതിനാല്‍ ഈ ലോകകപ്പ് കിരീടം സ്വന്തമാക്കി സന്തോഷത്തോടെ മടങ്ങണമെന്നുമാണ് ആഗ്രഹമെന്നും മെസി മാധ്യമങ്ങളോട് പറഞ്ഞു. ക്രൊയേഷ്യക്കെതിരായ ജയത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെസി.
Content Highlights: Emiliano Martinez about Lionel Messi