ഖത്തര്‍ ലോകകപ്പില്‍ മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ അര്‍ജന്റീന ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ടിനെസ് അശ്ലീല ആംഗ്യം കാണിച്ചുവെന്നാരോപിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അവാര്‍ഡ് സ്വീകരിച്ചതിന് ശേഷം ടീം അംഗങ്ങളുടെ അടുത്തേക്ക് പോകാനൊരുങ്ങവേയാണ് മാര്‍ടിനെസ് ആംഗ്യം കാണിച്ചത്.
ഖത്തര്‍ ഭരണാധികാരികളും, ഫിഫ തലവനും നോക്കിനില്‍ക്കെയാണ് മാര്‍ടിനെസിന്റെ പ്രകടനം. താരം ചെയ്തത് അതിരുകടന്ന പ്രവൃത്തിയാണെന്നും ഏത് വേദിയിലാണ് നില്‍ക്കുന്നതെന്ന ബോധ്യമെങ്കിലുമുണ്ടായിരുന്നെങ്കില്‍ അങ്ങനെ ചെയ്യില്ലെന്നായിരുന്നു ചിലര്‍ അഭിപ്രായപ്പെട്ടത്.
മറ്റുചിലര്‍ താരത്തിന് പിന്തുണയുമായും എത്തി. മാര്‍ടിനെസ് സന്തോഷ പ്രകടനത്തില്‍ ചെയ്തുപോയതാകുമെന്നും അതിലിത്ര കാര്യമാക്കാനില്ലെന്നുമാണ് ആരാധകരില്‍ ചിലരുടെ അഭിപ്രായം.
വിഷയം വലിയ രീതിയില്‍ വിവാദമായതോടെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാര്‍ടിനെസ്. അറിയാതെ സംഭവിച്ചതല്ലെന്നും മനഃപൂര്‍വം ചെയ്തത് തന്നെയാണെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഫ്രഞ്ചുകാര്‍ തന്നെ ചീത്ത വിളിച്ചിരുന്നെന്നും അവരുടെ അഹങ്കാരം തന്നോട് നടക്കില്ലെന്നും മാര്‍ടിനെസ് കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ അങ്ങനെ ചെയ്തത് ഫ്രഞ്ചുകാര്‍ എന്നെ ചീത്ത വിളിച്ചത് കൊണ്ടാണ്. അഹങ്കരിക്കുന്നവരെ എനിക്കിഷ്ടമല്ല. ഞങ്ങള്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടാണ് ഇവിടെ വരെ എത്തിയത്. വളരെ സങ്കീര്‍ണമായ മത്സരമായിരുന്നു നടന്നത്. അവര്‍ക്ക് ജയിക്കാനുള്ള സാധ്യതയുണ്ടായിരുന്നെങ്കിലും ഭാഗ്യത്തിന് എനിക്ക് തടുക്കാന്‍ സാധിച്ചു,’ മാര്‍ടിനെസ് വ്യക്തമാക്കി.
അതേസമയം ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരെ ജയം നേടിയതില്‍ മാര്‍ടിനെസ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ഫൈനല്‍ മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയപ്പോള്‍ അര്‍ജന്റീന ആരാധകര്‍ എമി മാര്‍ടിനെസില്‍ രക്ഷകനെ കണ്ടിരുന്നു.
👶 Best Young Player: Enzo Fernandez 🇦🇷
🥇 Golden Ball: Lionel Messi 🇦🇷
🧤 Golden Glove: Emiliano Martinez 🇦🇷
⚽️ Golden Boot: Kylian Mbappe 🇫🇷
കോപ്പ അമേരിക്കയിലും ലോകകപ്പിന്റെ ക്വാര്‍ട്ടറിലും ഷൂട്ടൗട്ടിലും മാര്‍ടിനെസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഫ്രഞ്ച് പടയും മുട്ടുകുത്തിയത് എമിലിയാനോ മാര്‍ടിനൈസിന്റെ കൈക്കരുത്തിന്റെ മുന്നിലാണ്.
ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്തതോടെ അര്‍ജന്റീന ചരിത്രത്തിലെ മൂന്നാം ലോകകിരീടമാണ് നേടിയിരിക്കുന്നത്.
120 മിനിട്ടുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമും 3-3 സമനിലയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിനെ പെനാല്‍ട്ടിയില്‍ 4-2ന് തകര്‍ത്താണ് മെസി അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.