അര്‍ജന്റീനക്ക് പുറത്ത് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള രാജ്യങ്ങളാണ് ഇന്ത്യയും ബംഗ്ലാദേശും. ഖത്തര്‍ ലോകകപ്പ് നടക്കുന്ന സമയത്ത് ഇരു രാജ്യങ്ങളില്‍ നിന്നുമുള്ള ആരാധകര്‍ അര്‍ജന്റീനക്ക് നല്‍കിയ പിന്തുണ ലോകത്ത് തന്നെ ചര്‍ച്ചയായതാണ്. ലോകകപ്പ് വിജയങ്ങള്‍ക്ക് ശേഷം ഇരു രാജ്യങ്ങളിലുമുള്ള ആരാധകര്‍ക്ക് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നന്ദിയറിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.
നിലവില്‍ ബംഗ്ലാദേശിലും ഇന്ത്യയിലും പര്യടനത്തിലാണ് അര്‍ജന്റീനയുടെ ലോകകപ്പ് ഹീറോ എമിലിയാനോ മാര്‍ട്ടിനസ്. തിങ്കളാഴ്ച പുലര്‍ച്ചെ 5.10ന് അദ്ദേഹം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി എമിലിയാനോ കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ബംഗ്ലാദേശിലെ ആദ്യ ദിനം നവ്യാനുഭവമാണെന്ന് പറയുകയാണ് താരം.
‘ബംഗ്ലാദേശിലെ ആളുകളുടെ സ്‌നേഹവും കരുതലും സമാനതകളില്ലാത്തതാണ്. അവരുടെ ആതിഥ്യമര്യാദ കണ്ട് എന്റെ ഹൃദയംനറഞ്ഞു. സമീപഭാവിയില്‍ വീണ്ടും ഈ മനോഹരമായ രാജ്യത്തേക്ക് തിരിച്ചുവരവുണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
Argentina World Cup Hero Emiliano Martínez Arrives At Dhaka #Bangladesh To Express Gratitude To Bangladesh Fans And Meet PM Sheikh Hasina pic.twitter.com/gMGrmeYtXR
പ്രധാനമന്ത്രിയുടെ ഓഫീസ്, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളൊക്കെ എന്നെ നന്നായി സ്വീകരിച്ചു. എല്ലാവര്‍ക്കും എന്റെ ആത്മാര്‍ത്ഥമായ നന്ദി.
ബംഗ്ലാദേശുമായി ഇപ്പോള്‍ പങ്കിടുന്ന ഈ പ്രത്യേക ബന്ധം തുടര്‍ന്നും ഉണ്ടാകട്ടേയെന്ന് ആഗ്രഹിക്കുന്നു,’ എമിലിയാനോ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ കുറിച്ചു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയിലും ബംഗ്ലാദേശിലുമായി രണ്ടര ദിവസമായിരിക്കും താരമുണ്ടാകുക. നിലവില്‍ ബംഗ്ലാദേശിലുള്ള എമി നാളെ വൈകുന്നേരമായിരിക്കും ഇന്ത്യയിലെത്തുക. കൊല്‍ക്കത്തയില്‍ വിവിധ പരിപാടികളില്‍ താരം പങ്കെടുക്കും.