പറഞ്ഞാ പറഞ്ഞതാ, ഈ എമി വന്നത് ചുമ്മാ പോവനല്ല; ഇനി കളി അങ്ങ് ചാമ്പ്യൻസ് ലീഗിൽ
Football
പറഞ്ഞാ പറഞ്ഞതാ, ഈ എമി വന്നത് ചുമ്മാ പോവനല്ല; ഇനി കളി അങ്ങ് ചാമ്പ്യൻസ് ലീഗിൽ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 15th May 2024, 11:49 am

2024-25 ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടി ആസ്റ്റണ്‍ വില്ല. 1983ന് ശേഷം ഇത് ആദ്യമായാണ് ആസ്റ്റണ്‍ വില്ല ചാമ്പ്യന്‍സ് ലീഗിലേക്ക് യോഗ്യത നേടുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി- ടോട്ടന്‍ഹാം ഹോട്‌സ്പര്‍ മത്സരത്തില്‍ ടോട്ടന്‍ഹാം പരാജയപ്പെട്ട പിന്നാലെയാണ് ആസ്റ്റണ്‍ വില്ല ചാമ്പ്യന്‍സ് ലീഗിലേക്ക് മുന്നേറിയത്.

തോല്‍വിയോടെ ടോട്ടല്‍ഹാം 37 മത്സരങ്ങളില്‍ നിന്നും 19 വിജയവും ആറ് സമനിലയും 12 തോല്‍വിയും അടക്കം അഞ്ചാം സ്ഥാനമാണ്. അതേസമയം കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ലിവര്‍പൂവിനെതിരെ ആസ്റ്റണ്‍ വില്ല സമനില നേടിയിരുന്നു.

ഇതോടെ 37 മത്സരങ്ങളില്‍ നിന്ന് 20 വിജയവും എട്ട് സമനിലയും ഒമ്പത് തോല്‍വിയും അടക്കം 68 പോയിന്റോടെ നാലാം സ്ഥാനത്താണ് ആസ്റ്റണ്‍ വില്ല. സ്പര്‍സുമായി അഞ്ച് പോയിന്റിന്റെ വ്യത്യാസമാണ് ആസ്റ്റണ്‍ വില്ലക്ക് ഉള്ളത്.

ആസ്റ്റണ്‍ വില്ലയുടെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം എമിലിയാനോ മാര്‍ട്ടീനസിന്റെ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ലയണല്‍ മെസിക്ക് വേണ്ടി കോപ്പ അമേരിക്ക നേടണമെന്ന് എമിലിയാനോ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ 2021ല്‍ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിക്കൊണ്ട് അര്‍ജന്റീന കോപ്പ അമേരിക്ക കിരീടം സ്വന്തമാക്കിയിരുന്നു.

അടുത്ത വര്‍ഷത്തില്‍ നടന്ന 2022 ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയെ ലോക ചാമ്പ്യന്മാര്‍ ആക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച താരമായുന്നു എമി. ലോകപ്പിന് മുന്നോടിയായി ഈ വേള്‍ഡ് കപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ആകണമെന്നും എമിലിയാനോ പറഞ്ഞിരുന്നു. ലോകകപ്പിന്റെ ഫൈനലില്‍ ഫ്രാന്‍സിനെ പെനാല്‍ട്ടിയില്‍ വീഴ്ത്തിക്കൊണ്ട് അര്‍ജന്റീന ലോകകപ്പ് കിരീടം ഉയര്‍ത്തുമ്പോള്‍ എമിലിയാനോ മാര്‍ട്ടിനെസ് ആയിരുന്നു ലോകകപ്പിലെ മികച്ച ഗോള്‍കീപ്പര്‍ ആയി മാറിയത്.

ഇപ്പോള്‍ നീണ്ട 41 വര്‍ഷങ്ങള്‍ക്ക് ശേഷം ആസ്റ്റണ്‍ വില്ല ചാമ്പ്യന്‍സ് ലീഗിലേക്ക് മുന്നേറിയപ്പോള്‍ ഇതിനുമുമ്പ് എമിലിയാനോ വില്ലക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് കളിക്കുമെന്ന് പറഞ്ഞിരുന്നു.

‘ക്ലബ്ബിലെ എന്റെ ആദ്യ ആഗ്രഹം എന്തെന്നാല്‍ ടീമിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടുക എന്നുള്ളതാണ്. ആ ദിവസം ഈ ക്ലബ്ബ് വിടുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ചാമ്പ്യന്‍സ് ലീഗ് കളിക്കാനും ആ ട്രോഫി നേടാനും ആഗ്രഹിക്കുന്ന ടീമാണ് ഞങ്ങളുടേത്. ആസ്റ്റണ്‍ വില്ലയുടെ ഹോം ഗ്രൗണ്ടായ വില്ല പാര്‍ക്ക് വിപുലീകരിക്കാന്‍ ഞങ്ങള്‍ക്ക് പദ്ധതിയുണ്ട്. ഞാന്‍ ക്ലബ്ബില്‍ ചേരുമ്പോള്‍ പറഞ്ഞതുപോലെ ഇവിടെ എനിക്ക് കളയാന്‍ സമയമില്ല. ഞാന്‍ ക്ലബ്ബിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം നേടാനാണ് ശ്രമിക്കുന്നത്,’ എമിലിയാനോ പറഞ്ഞിരുന്നു.

Content Highlight: Emiliano Martines talks early the season Aston Villa play in UCL