| Saturday, 11th February 2023, 8:20 pm

ഇനി മേലാൽ ഇത് ആവർത്തിക്കരുതെന്ന് മെസി എന്നോട് പറഞ്ഞു; എമിലിയാനോ മാർട്ടിനെസ്

സ്പോര്‍ട്സ് ഡെസ്‌ക്

ലോകകപ്പ് ഫൈനലിന് ശേഷം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരമാണ് എമിലിയാനോ മാർട്ടീനെസ്. ലോകകപ്പ് വേദിയിലും തുടർന്നും നിരവധി തവണ ഫ്രഞ്ച് താരം എംബാപ്പെയേ അധിക്ഷേപിച്ചതിന്റെ പേരിലാണ് എമിലിയാനോ മാർട്ടീനെസിന് തുടർച്ചയായ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്.

എന്നാലിപ്പോൾ തന്റെ ലോകകപ്പിന് ശേഷമുള്ള പ്രവർത്തികൾ വെറും തമാശയായിരുന്നെന്നും ഫ്രഞ്ച് താരങ്ങളെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും അഭിപ്രായപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് എമിലിയാനോ മാർട്ടീനെസ്.

കൂടാതെ മെസിയുൾപ്പെടെ നിരവധിപേർ തന്നോട് തന്റെ ആംഗ്യങ്ങൾ ശ്രദ്ധിക്കണമെന്നും അത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് നിർദേശം നൽകിയതായും എമിലിയാനോ മാർട്ടീനെസ് അഭിപ്രായപ്പെട്ടു.

“ഞാൻ ആ സെലിബ്രഷനുകൾ ചെയ്തതിൽ ഖേദിക്കുന്നുണ്ടോ എന്നത് മറുപടി പറയാൻ വളരെ ബുദ്ധിമുട്ടേറിയ ഒരു ചോദ്യമാണ്. പക്ഷെ ചില കാര്യങ്ങൾ ഞാൻ മുമ്പ് ചെയ്ത രീതിയിൽ പിന്നീട് ചെയ്യില്ല എന്ന കാര്യം തീർച്ചയാണ്. ആരെയും എന്റെ കരിയറിന്റെ ഒരവസരത്തിലും വേദനിപ്പിക്കണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല.

ഞാൻ ഫ്രഞ്ച് പ്ലെയേഴ്സുമായി നിരവധി തവണ കളിച്ചിട്ടുണ്ട്. അവരുമായി എനിക്ക് യാതൊരു പ്രശ്നവുമില്ല. സംശയം ഉള്ളവർക്ക് ജെറൂദിനോട് ചോദിച്ചുനോക്കാം. ഞാൻ എങ്ങനെയുള്ള താരമാണെന്ന് ജെറൂദ് പറയും. ഫ്രഞ്ച് സംസ്കാരവും രീതികളും എനിക്ക് വളരെയേറെ ഇഷ്ടമാണ്,’ എമിലിയാനോ മാർട്ടിനെസ് പറഞ്ഞു.

“ലോകകപ്പ് വേദിയിൽ വെച്ച് പുരസ്കാരം സ്വന്തമാക്കാൻ എത്തിയപ്പോൾ ഞാൻ കാണിച്ച ആംഗ്യം വെറും തമാശയാണ്. കോപ്പാ അമേരിക്കയിലും ഞാൻ ഇതാവർത്തിച്ചിട്ടുണ്ട്. എന്നാൽ മെസിയുൾപ്പെടെ നിരവധിപ്പേർ ഇതാവർത്തിക്കരുതെന്ന് എന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഞാൻ അത് ടീമിന് വേണ്ടി വെറുതെ ചെയ്തതായിരുന്നു,’ മാർട്ടീനെസ് കൂട്ടിച്ചേർത്തു.

കൂടാതെ മെസി വിരമിച്ചു കഴിഞ്ഞാൽ എംബാപ്പെയാകും ബാലൻ ഡി ഓർ പുരസ്കാരം വാരിക്കൂട്ടുകയെന്നും അദ്ദേഹം വലിയ പ്രതിഭയുള്ള താരമാണെന്നും മാർട്ടിനെസ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം പരിക്ക് പറ്റി വിശ്രമത്തിലായിരിക്കുന്ന എംബാപ്പെക്ക് ചാമ്പ്യൻസ് ലീഗിലെ ചില മത്സരങ്ങൾ നഷ്ടപ്പെട്ടേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. എംബാപ്പെയില്ലെങ്കിൽ ശക്തരായ ജർമൻ ക്ലബ്ബ് ബയേൺ മ്യൂണിക്കിനെതിരെയുള്ള ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ ആദ്യപാദ മത്സരത്തിൽ പി.എസ്.ജിക്ക് വിയർക്കേണ്ടി വരുമെന്ന് ഫുട്ബോൾ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്.
ജനുവരി 11ന് മൊണോക്കോക്കെതിരെയാണ് പി.എസ്.ജിയുടെ അടുത്ത മത്സരം.

Content Highlights:Emi Martinez reveals Lionel Messi advice about controversial celebration at 2022 FIFA World Cup

We use cookies to give you the best possible experience. Learn more