പുത്തന്‍ താരങ്ങളെ വാര്‍ത്തെടുക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന ടൂര്‍ണമെന്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. അന്താരാഷ്ട്ര തലത്തില്‍ കഴിവ് തെളിയിച്ച താരങ്ങള്‍ക്കൊപ്പമോ ചിലപ്പോള്‍ അവരേക്കാള്‍ മികച്ചതായോ പെര്‍ഫോം ചെയ്യാന്‍ കുട്ടി താരങ്ങള്‍ക്കും സാധിക്കാറുണ്ട്.
എല്ലാ വര്‍ഷവും മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് എമര്‍ജിംഗ് പ്ലയര്‍ ഓഫ് ദി സീസണ്‍ അവാര്‍ഡ് ലഭിക്കാറുണ്ട്. കാണികളുടെ വോട്ടിംഗ് വഴിയാണ് വിജയിയെ പ്രഖ്യാപിക്കുക. ഈ സീസണിലെ വോട്ടിംഗ് നില എങ്ങനെയെന്ന് നോക്കാം.
46 താരങ്ങളടങ്ങിയ ലിസ്റ്റില്‍ 20 ശതമാനത്തിനു മുകളില്‍ വോട്ട് ലഭിച്ചിരിക്കുന്നത് രണ്ടുപേര്‍ക്ക് മാത്രമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസര്‍ ഉമ്രാന്‍ മാലിക്കും, മുംബൈ ഇന്ത്യന്‍സിന്റെ യുവ ബാറ്റര്‍ തിലക് വര്‍മയുമാണ് ഇതുവരെയുള്ള വോട്ടിംഗില്‍ മുന്‍പന്തിയിലുള്ളത്.
ചെന്നൈ സൂപ്പര്‍ കിംഗസിന്റെ ബൗളര്‍മാരായ മഹേഷ് തീക്ഷണയും മുകേഷ് ചൗധരിയുമാണ് മൂന്നും നാലും സ്ഥാനങ്ങളിലുള്ളവര്‍. മുംബൈയുടെ തന്നെ ഡെവാള്‍ഡ് ബ്രെവിസാണ് നിലവില്‍ അഞ്ചാം സ്ഥാനത്തുള്ളത്.
ഒന്നാം സ്ഥാനത്തുള്ള ഉമ്രാന്‍ മാലിക്കിന് 22 ശതമാനം വോട്ടാണ് നിലവില്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ഹൈദരാബാദിനായി അരങ്ങേറിയ ഉമ്രാന്‍ മികച്ച പ്രകടനമാണ് ഈ സീസണില്‍ തന്റെ ടീമിനായി കാഴ്ചവെച്ചത്. സണ്‍റൈസേഴ്‌സ് നിലനിര്‍ത്തിയ താരങ്ങളിലൊരാല്‍ കൂടിയായിരുന്നു ഉമ്രാന്‍.
13 മത്സരത്തില്‍ നിന്നും ഒരു അഞ്ച് വിക്കറ്റ് നേട്ടമടക്കം 21 വിക്കറ്റുകളാണ് ഈ 22 വയസുകാരന്‍ കൊയ്തത്. തുടര്‍ച്ചയായി 150 കി.മി മുകളില്‍ പന്തെറിയുന്ന ഈ യുവതാരത്തെ ‘കശ്മീരി എക്സ്പ്രസ്’ എന്നാണ് ആരാധകര്‍ വിശേഷിപ്പിച്ചത്. പ്ലേ ഓഫ് കാണാതെ പുറത്തായ ഹൈദരാബാദിന്റെ സീസണിലെ പോസിറ്റുവുകളില്‍ ഒന്നാണ് ഉമ്രാന്റെ പ്രകടനം.
മുംബൈ ഇന്ത്യന്‍സിന്റെ തിലക് വര്‍മയാണ് രണ്ടാം സ്ഥാനത്തുള്ളത്. 20 ശതമാനം വോട്ടാണ് നിലവില്‍ തിലകിന്റെ സമ്പാദ്യം. മുംബൈ ആരാധകര്‍ മറക്കാന്‍ ആഗ്രഹിക്കുന്ന ഈ സീസണിലെ ടീമിന്റെ മികച്ച ബാറ്റര്‍ ഈ 19 കാരനാണ്.
ടി-20 സ്‌പെഷ്യലിസ്റ്റ് രോഹിത് ശര്‍മ, വേള്‍ഡ് ക്ലാസ് ഓള്‍ റൗണ്ടര്‍ കെയ്‌റോണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ ടീമിനെ താഴോട്ട് വലിക്കുമ്പോല്‍ തിലക് വര്‍മയടക്കമുള്ള ചില താരങ്ങള്‍ മാത്രമാണ് ആരാധകര്‍ക്ക് ആശ്വാസമാവുന്നത്. സീസണിലുടനീളം സ്ഥിരതയോടെ ബാറ്റ് വീശിയ താരം 37 ശരാശരിയില്‍ 376 റണ്‍സ് നേടിയിട്ടുണ്ട്.
പാണ്ഡ്യ ബ്രദേര്‍സ്, ജസ്പ്രീത് ബുംറ പോലെയുള്ള താരങ്ങളെ വാര്‍ത്തെടുത്ത മുംബെയുടെ അടുത്ത കണ്ടെത്തലാണ് തിലക് വര്‍മ.
സി.എസ്.കെയുടെ ശ്രീലങ്കന്‍ സ്പിന്നറായ മഹേഷ് തീക്ഷണയാണ് നിലവില്‍ മൂന്നാം സ്ഥാനത്തുള്ളത്. 13 ശതമാനം വോട്ടുകള്‍ ഇദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ഈ സീസണില്‍ ഐ.പി.എല്‍ അരങ്ങേറ്റം കുറിച്ച തീക്ഷണ 7 മത്സരത്തില്‍ നിന്നും 12 വിക്കറ്റുകളും നേടിയിട്ടുണ്ട്. ബാംഗ്ലൂരിനെതിരെ 33 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച പ്രകടനം.
സി.എസ്.കെയുടെ തന്നെ മുകേഷ് ചൗധരിയാണ് നാലാം സ്ഥാനത്തുള്ളത്. 13 മത്സരം കളിച്ച മുകേഷ് 16 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ആദ്യ മത്സരങ്ങളില്‍ പരാജയമായിരിന്നിട്ടും വേണ്ട പിന്തുണ നല്‍കിയ സി.എസ്.കെ മാനേജ്മെന്റ് ഇക്കാര്യത്തില്‍ പ്രത്യേക അഭിന്ദനവും അര്‍ഹിക്കുന്നു.
അഞ്ചു ശതമാനം വോട്ടുമായി മുംബെയുടെ ഡെവാള്‍ഡ് ബ്രെവിസാണ് അഞ്ചാം സ്ഥാനത്തുള്ളത്. സീസണ്‍ ആരംഭത്തില്‍ കളിച്ച കുറച്ചു വെടികെട്ട് ഇന്നിംഗ്സുകളാണ് ബ്രെവിസിനു വോട്ടിംഗില്‍ നേട്ടമുണ്ടാക്കിക്കൊടുത്തത്.
ആറ് മത്സരങ്ങള്‍ മുംബൈക്കുവേണ്ടി കളിച്ച ബ്രെവിസ് 124 റണ്ണുകളാണ് നേടിയത്. 155ാണ് താരത്തിന്റെ പ്രഹരശേഷി. ദക്ഷിണാഫ്രിക്കയുടെ സ്വന്തമായ ബ്രെവിസിനെ ബേബി ഡിവില്ലേഴ്സ് എന്നാണ് ക്രിക്കറ്റ് ആരാധകര്‍ വിശേഷിപ്പിക്കുന്നത്.
ഒരുപാട് യുവതാരങ്ങളുടെ പ്രകടനമായിരുന്നു സീസണിന്റെ ഹൈലൈറ്റ്. പല സീസനിയര്‍ താരങ്ങളും നിറം മങ്ങിയപ്പോള്‍ യുവതാരങ്ങളുടെ ചെറുത്ത് നില്‍പായിരുന്നു പല ടീമിനേയും ടൂര്‍ണമെന്റില്‍ നിലനിര്‍ത്തിയത്.
എന്നത്തേയും പോലെ ഐ.പി.എല്ലിലെ മികച്ച താരത്തെ ദേശീയ ടീമിനായി കളിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
Content Highlight: Emerging Players of IPL 2022