എസ്സേയ്‌സ്/പ്രൊഫ. കെ. അരവിന്ദാക്ഷന്‍
“എമേര്‍ജിങ് കേരള” എന്ന ഓമനപ്പേരിട്ട് “ഗ്ലോബല്‍ ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റ്” (ജിം)ന്റെ പിന്‍ഗാമിയായി രംഗപ്രവേശം ചെയ്തിരിക്കുന്ന കേരള സംസ്ഥാനത്തിന്റെ “സമഗ്രവികസന” ആഗോള സംഗമം, ഇതോടകംതന്നെ പലരും വിശേഷിപ്പിച്ചിട്ടുള്ളതു പോലെ അക്ഷരാര്‍ത്ഥത്തില്‍ “എമേര്‍ജിങ് മാഫിയാ” കൂടിച്ചേരല്‍ ആയിരിക്കുമെന്നാണ് നമുക്കെത്തിച്ചേരാന്‍ കഴിയുന്ന നിഗമനം.[]
മുന്‍ എല്‍.ഡി.എഫ്. സര്‍ക്കാരില്‍ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന എളമരം കരീമും, അദ്ദേഹത്തിന്റെ വിശ്വസ്ത അനുയായിയും വ്യവസായ വകുപ്പു സെക്രട്ടറിയുമായിരുന്ന ടി. ബാലകൃഷ്ണനും ചേര്‍ന്നൊരുക്കിയ മാഫിയാ വികസന പദ്ധതി എങ്ങുമെത്താതെപോയി. യു.ഡി.എഫ്. സര്‍ക്കാരിലെ വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിയുടെ മുന്‍കൈയ്യോടെയും, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെയും ധനമന്ത്രി കെ. എം. മാണിയുടേയും അനുഗ്രഹാശിസ്സുകളോടെയും 2012 സെപ്റ്റംബര്‍ 12, 13 തീയതികളില്‍ കൊച്ചിയില്‍ അരങ്ങേറാനിരിക്കുന്ന ഈ കേരള നിക്ഷേപ (മാഫിയ) മാമാങ്കത്തെ ഈ മാഫിയ രഹസ്യമായി പിന്‍തുണക്കുന്നുണ്ടായിരിക്കണം.
കിനാലൂര്‍ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ സി. ആര്‍. നീലകണ്ഠനെ ക്രൂരമായി മര്‍ദ്ദിച്ചവര്‍ ആരൊണെന്നതും പരസ്യമായ രഹസ്യമാണ്. പറശ്ശിനിക്കടവില്‍ കോടികള്‍ മുടക്കി “വിസ്മയപാര്‍ക്ക്” എന്നൊരു വിനോദസഞ്ചാരകേന്ദ്രം സ്ഥാപിച്ചതിനു പിന്നില്‍ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രമല്ല, കോര്‍പ്പറേറ്റ് താല്‍പ്പര്യങ്ങളാണുള്ളത് എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്കെല്ലാം അറിവുള്ളതാണ്.
ഇതിലേക്കായി നിക്ഷേപിച്ച പണത്തേക്കാളേറെ പ്രധാനം ഈ പാര്‍ക്കിന്റെ നടത്തിപ്പിനാവശ്യമായി വരുന്ന വെള്ളത്തിന്റെയും, വൈദ്യുതിയുടെയും വിനിയോഗമാണ്. കണ്ണൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ തകര്‍ക്കാനും, കണ്ടല്‍ക്കാടുകളുടെ നാശത്തിലേക്കു നയിക്കാനും ഇടയാക്കുന്ന വിധത്തില്‍ മറ്റൊരു വിനോദകേന്ദ്രവും, പാര്‍ക്കും സ്ഥാപിക്കാനുള്ള സി.പി.ഐ.എം നേതാക്കളുടെ നീക്കങ്ങള്‍ അതിശക്തമായ പ്രാദേശിക പ്രതിരോധങ്ങളുടേയും, ജില്ലാ കോണ്‍ഗ്രസിന്റെ സമയോജിതമായ ഇടപെടലുകളുടേയും ഫലമായി പാതിവഴി ഉപേക്ഷിക്കേണ്ടിവന്ന കഥയും നമുക്കറിയാം.
വേമ്പനാട്ടു കായല്‍ നികത്താനുള്ള പദ്ധതിയും, കരിമണല്‍ ഖനന പദ്ധതിയും ദേശീയ-ബഹുദേശീയ കുത്തകകളെ ഏല്പിക്കാനുള്ള തന്ത്രവും, കരീം-ബാലകൃഷ്ണന്‍ കണക്കുകൂട്ടിയതുപോലെ നടക്കുകയുണ്ടായില്ല.
ഇതിനെല്ലാം പുറമേ, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ “വെറുക്കപ്പെട്ടവന്‍” എന്ന് പലവട്ടം പരസ്യമായി വിശേഷിപ്പിച്ച പുത്തന്‍പണക്കാരന്‍ ഫാരിസ് അബൂബക്കര്‍ അനധികൃതമായി എന്ന് കരുതപ്പെടുന്നവിധം വാങ്ങിക്കൂട്ടിയ ഭൂമി- എറണാകുളം ജില്ലയില്‍ മരട് പ്രദേശത്ത് കണ്ടല്‍ക്കാടുകള്‍ തിങ്ങിനില്‍ക്കുന്നൊരു പ്രദേശമാണിത്- പി.എം.ഹരി മേനോന്റെ ശോഭാ ഡെവലപ്പേഴ്‌സിന് ഹൈടെക് സിറ്റി പദ്ധതിക്കായി കൈമാറാന്‍ നടന്ന പരിശ്രമവും, “വികസന വിരോധികള്‍” എന്ന് പരക്കെ അധിക്ഷേപിക്കപ്പെടുന്ന പരിസ്ഥിതി സംരക്ഷകരുടെ അപ്രതിരോധ്യമായ എതിര്‍പ്പിനുമുന്നില്‍ നടക്കാതെ പോയതും ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. വേമ്പനാട്ടു കായല്‍ നികത്താനുള്ള പദ്ധതിയും, കരിമണല്‍ ഖനന പദ്ധതിയും ദേശീയ-ബഹുദേശീയ കുത്തകകളെ ഏല്പിക്കാനുള്ള തന്ത്രവും, കരീം-ബാലകൃഷ്ണന്‍ കണക്കുകൂട്ടിയതുപോലെ നടക്കുകയുണ്ടായില്ല.
ഭൂമാഫിയകളുടേയും കോര്‍പ്പറേറ്റ് താലപര്യങ്ങളുടേയും മറ്റൊരു പദ്ധതിയായിരുന്ന എല്‍.ഡി.എഫ്. ഭരണകാലത്ത് കുപ്രസിദ്ധനായ ലിസ് ചാക്കോയുടെ മുന്‍കയ്യോടെയും, കേരള ക്രിക്കറ്റ് അസ്സോസിയേഷന്റെയും താല്‍പ്പര്യപ്രകാരവും, ഇടക്കൊച്ചിയിലെ സംരക്ഷിത പ്രദേശവും കോസ്റ്റല്‍ റെഗുലേഷന്‍ മേഖലാ നിയന്ത്രണ നിയമത്തിന്റെ പരിധിയില്‍ വരുന്നതുമായ ഇടക്കൊച്ചി തീരപ്രദേശത്ത് ഒരു ക്രിക്കറ്റ് കോംപ്ലക്‌സ് ആരംഭിക്കാനുള്ള സംഘടിത ശ്രമമുണ്ടായത്. മാധ്യമങ്ങളുടെ സംഘടിതമായ പിന്‍തുണയുണ്ടായിട്ടും, ഈ പദ്ധതി ഇന്നും ചാപിള്ളയായി തുടരുകയാണ്.
എച്ച്.എം.ടി.യുടെ കണ്ണായ ഭൂമിയുടെ ഒരു ഭാഗം ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് എന്ന റിയല്‍ എസ്‌റ്റേറ്റ് കമ്പനിക്ക് കുറഞ്ഞ വിലയ്ക്ക് കൈമാറാനുള്ള ശ്രമവും പൂര്‍ത്തീകരിക്കാന്‍ എല്‍.ഡി.എഫ്. ഭരണകാലത്ത് നടന്നിരുന്നില്ല.അനധികൃത ലോട്ടറി വ്യാപാരത്തിലൂടെ ലക്ഷക്കണക്കിനു പാവപ്പെട്ട ഭാഗ്യാന്വേഷികളെ കൊള്ളയടിച്ച് വാരിക്കൂട്ടിയ കോടികള്‍ സമ്പാദിച്ച സാന്റിയാഗോ മാര്‍ട്ടിനും എച്ച്.എം.ടി.യുടേതായൊരു “തുണ്ട്” ഭൂമി നല്‍കാനുള്ള നീക്കവും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് പാളിപ്പോവുകയാണുണ്ടായത്.
ഇതെല്ലാം പോകട്ടെ, വ്യാജസന്യാസിയും, നിരവധി അധാര്‍മ്മിക നടപടികള്‍ക്ക് ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തപ്പെട്ടവനുമായ സന്തോഷ് മാധവന്‍, എറണാകുളം ജില്ലയിലെ പുത്തന്‍വേലിക്കരയില്‍ നൂറിലേറെ ഏക്കര്‍ ഭൂമി നിസ്സാരവിലയ്ക്ക് വാങ്ങി ബാംഗ്ലൂരിലേയോ, മറ്റോ ഒരു റിയല്‍ എസ്‌റ്റേറ്റ് സ്ഥാപനത്തിന് വിറ്റഴിച്ചതിനെതിരായി അന്വേഷണം നേരിടുകയാണിപ്പോള്‍. ഈ ഭൂമി സര്‍ക്കാര്‍ തന്നെ ഈയിടെ കണ്ടുകെട്ടുകയും ചെയ്തിരിക്കുന്നു.
മുകളില്‍ സൂചിപ്പിച്ച ഭൂമിയിടപാടുകളുമായി ബന്ധപ്പെട്ട തിരിമറികള്‍ വികസനത്തിന്റെ പേരില്‍ നടന്ന ഏതാനും ചില കാര്യങ്ങള്‍ മാത്രം. എന്നാല്‍, ഇതിലും വലിയ സൂപ്പര്‍മാഫിയാ ഇടപാടുകളാണ് യു.ഡി.എഫ്. ഭരണത്തില്‍ നടക്കാന്‍പോകുന്നത്. ഇതിന് കോപ്പുകൂട്ടുന്നത് വ്യവസായ വകുപ്പിനുകീഴിലുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ കേരള ലിമിറ്റഡ് (ഇന്‍കെല്‍) എന്ന സ്വകാര്യ സ്ഥാപനം. (എല്‍.ഡി.എഫ്. ഭരണകാലത്തും ഇത് സജീവമായി രംഗത്തുണ്ടായിരുന്നു) ഒരു സര്‍ക്കാര്‍ വക സ്ഥാപനമെന്ന വ്യാജേനയാണ് ടൂറിസം പദ്ധതികളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ വസ്തുത “എമേര്‍ജിങ് കേരള”യുടെ വെബ്‌സൈറ്റില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
പതിനായിരം കോടി രൂപയിലേറെ വിലമതിക്കുന്ന റവന്യൂ ഭൂമി, മാഫിയാ സംഘങ്ങള്‍ക്ക് വിട്ടുകൊടുക്കില്ലെന്ന ഉന്നതതല ഉറപ്പും തീരുമാനവും എമേര്‍ജിങ് കേരളയുടെ വരവോടെ ജലരേഖയായി മാറിയിരിക്കുകയാണ്. മാത്രമല്ല, ഇന്‍കെല്‍ ഏറ്റെടുത്ത മലപ്പുറം ജില്ലയിലെ പാണക്കാട്ട് 183 ഏക്കറില്‍ എഡ്യൂ ഹെല്‍ത്തി സിറ്റി സ്ഥാപിക്കുമെന്ന് വെബ്‌സൈറ്റില്‍ തുടരുന്നുമുണ്ട്. ഇതിനുപുറമേ, ഈ പദ്ധതിയോട് ചേര്‍ന്ന് രണ്ടേക്കര്‍ സര്‍ക്കാര്‍ ഭൂപ്രദേശത്ത് ഒരു ആഢംബര ഹോട്ടലും തുടങ്ങാനിരിക്കുകയാണ്.
ഈ രണ്ടു പദ്ധതികള്‍ക്കുമായുള്ള മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാന്‍ ഒരു അന്താരാഷ്ട്ര ഏജന്‍സിയെ ഏല്പിച്ചുകഴിഞ്ഞിട്ടുണ്ടെന്നും വെബ്‌സൈറ്റില്‍ ചേര്‍ത്തിരിക്കുന്നു. വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടേയും, ഇന്‍കെല്‍ മേധാവി ടി. ബാലകൃഷ്ണന്റേയും തനിനിറം വ്യക്തമായറിയാവുന്ന കേരള ജനതയ്ക്ക് കാര്യങ്ങളുടെ പോക്ക് ഏതുദിശയിലേക്കെന്നറിയാന്‍ പാഴൂര്‍പടി വരെ പോകേണ്ടതില്ല.
ടൂറിസം വകുപ്പിന്റെ വിക്രിയകള്‍ ഇവിടംകൊണ്ടും തീരുന്നില്ല. പീരുമേട്ടിലെ പരിസ്ഥിതി ദുര്‍ബ്ബലപ്രദേശത്ത് റിസോര്‍ട്ട് മാഫിയകളെ കുടിയിരുത്താന്‍ മിസ്റ്റ്‌വാലി ഹെല്‍ത്ത് റിസോര്‍ട്ട്, ഹില്‍സ്‌റ്റേഷന്‍ കോട്ടേജുകള്‍, ആഢംബര ഹോട്ടലുകള്‍, യോഗ-ധ്യാന കേന്ദ്രങ്ങള്‍, റിക്രിയേഷന്‍-ബിസിനസ് സെന്ററുകള്‍ തുടങ്ങിയവയുടേതായൊരു പാക്കേജാണ് വിഭാവനം ചെയ്തിരിക്കുന്നത്.
ദേവികുളത്തെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്ത് സ്‌പൈസസ്‌വാലി ആഢംബര റിസോര്‍ട്ട്, തലശ്ശേരിയിലെ ധര്‍മ്മടത്ത് പൈതൃക പ്രാധാന്യമുള്ള തുരുത്തുകളില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ഇക്കോ ടൂറിസം റിസോര്‍ട്ടുകള്‍ എന്നിവയും, മുഴപ്പിലങ്ങാട് ബീച്ചില്‍ അഡ്വെന്‍ഞ്ചര്‍ ടൂറിസം-കായിക കേന്ദ്രം, കാപ്പില്‍ കായല്‍തീര റിസോര്‍ട്ട്, ഇലവീഴാപൂഞ്ചിറയില്‍ ഇക്കോ റിസോര്‍ട്ട്, കക്കയത്ത് ഇക്കോ ക്യാമ്പ്, കാരാപ്പുഴയില്‍ ഇക്കോ റിസോര്‍ട്ടും, കണ്‍വെന്‍ഷന്‍ സെന്ററും- ഇത്തരത്തില്‍ 25 പദ്ധതികളുടെ ഒരു പരമ്പര തന്നെയുണ്ട്.
“ജിം” ആസൂത്രണം ചെയ്തപ്പോള്‍ നിലവിലുണ്ടായിരുന്നതില്‍ നിന്നും ഒരര്‍ത്ഥത്തില്‍ വ്യത്യസ്തമായൊരു രാഷ്ട്രീയ-സാമ്പത്തിക അന്തരീക്ഷവും, സാഹചര്യങ്ങളുമാണ് ഇപ്പോള്‍ സംസ്ഥാനത്ത് നിലവിലുള്ളതെന്നു തോന്നുന്നു. അന്ന് കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനം മൊത്തത്തില്‍ ഒറ്റക്കെട്ടായാണ് ഈ ആഗോളനിക്ഷേപക ആഭാസത്തെ എതിര്‍ത്ത് പരാജയപ്പെടുത്തിയത്. എന്നാല്‍, ഇപ്പോള്‍ പ്രധാന ഇടതുപക്ഷ പാര്‍ട്ടിയായ സി.പി.ഐ.എമ്മിന്റെ ഔദ്യോഗിക വിഭാഗത്തിന്റെയെങ്കിലും പരോക്ഷ പിന്തുണ യു.ഡി.എഫ്. സര്‍ക്കാരിനും വ്യവസായ വകുപ്പു മന്ത്രിക്കും ഉണ്ടാകാനിടയുണ്ട് എന്ന സവിശേഷതയാണ് നിലനില്‍ക്കുന്നത്.
അതേസമയം, നെല്ലിയാമ്പതി വിഷയത്തെ തുടര്‍ന്ന്, കോണ്‍ഗ്രസിലെ യുവ എം.എല്‍.എ.മാരില്‍ ഒരു വിഭാഗം സീനിയര്‍ നേതാവായ വി. എം. സുധീരന്റെ അനുഗ്രഹാശിസ്സുകളോടെയും തുറന്ന പിന്‍തുണയോടെയും രാഹുല്‍ഗാന്ധിയുടെ മൗനാനുവാദത്തോടെയും ഹരിതരാഷ്ട്രീയത്തെ പിന്‍തുണച്ച് രംഗത്തുവന്നിരിക്കുന്നത് “എമേര്‍ജിങ് കേരള”യിലൂടെ ഭൂമാഫിയകളേയും കോര്‍പ്പറേറ്റുകളേയും സഹായത്തിനായി ഇറങ്ങിത്തിരിച്ചിട്ടുള്ളവരെ പുതുതായൊരു വെല്ലുവിളി നേരിടേണ്ടൊരു പതനത്തിലെത്തിച്ചിരിക്കുകയുമാണ്. കേരളത്തിലെ മുഖ്യധാര ഇടതുപാര്‍ട്ടികള്‍ മറ്റു സമാന ചിന്താഗതിക്കാരോട് ചേര്‍ന്നുള്ളൊരു പ്രക്ഷോഭണത്തിന് മടിച്ചുനില്‍ക്കുന്നു എന്നതാണ് ദയനീയമായൊരു വസ്തുത.
കടപ്പാട്: സഖാവ് മാസിക