എഡിറ്റോ-റിയല്‍/ഷഫീക്ക് എച്ച്.
“അടങ്ങാത്ത ലാഭക്കൊതി മൂലം പൊന്മുട്ടയിടുന്ന താറാവിനെ കൊന്ന് മുട്ട മുഴുവന്‍ ഒന്നിച്ചെടുത്ത് വിറ്റ് കാശാക്കുക എന്ന വികസന നയമാണ് ചൂഷകശക്തികളുടേത്.”
-വി.എസ്.അച്യുതാനന്ദന്‍
“ജനാധിപത്യ രാജ്യം” എന്ന് പുകഴ്‌പെറ്റ ഇന്ത്യയിലെ സര്‍ക്കാരുകള്‍ ഒട്ടും ജനാധിപത്യപരമല്ല എന്നതാണ് വാസ്തവം. എന്തു നെറികേടും ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാം എന്നതാണ് ഇവരുടെ നിഘണ്ടുവിലെ “ജനാധിപത്യം”. ഒരര്‍ത്ഥത്തില്‍ ഇവര്‍ അതിസാമര്‍ത്ഥ്യം കാണിക്കുന്ന വിഡ്ഢിക്കോമരങ്ങളാണ്. ചരിത്രത്തില്‍ നിന്നും പാഠം പഠിക്കാന്‍ ഇവരുടെ അധികാര ഹുങ്ക് അനുവദിക്കാറില്ല എന്ന് സത്യം.[]
ജനം എന്നാല്‍ എന്തെന്ന് ഇവരോട് ചോദിച്ചാല്‍ തത്തയെ പറഞ്ഞു പഠിപ്പിച്ചപോലെ ഇവര്‍ ആവര്‍ത്തിക്കും, “കഴുത” എന്ന്. എന്നാല്‍ ജനങ്ങളാണോ കഴുത അതോ ഇവരോ? കേരളത്തില്‍ ഇപ്പോള്‍ നടന്നുവരുന്ന ജനകീയ സമരങ്ങളുടെ പ്രത്യകത ശ്രദ്ധിച്ചാല്‍ മാത്രം മതി ഇത് മനസ്സിലാക്കാന്‍. ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍ കേരളത്തിലെ സര്‍ക്കാരുകളെ നയിച്ചിരുന്ന ഗമണ്ടന്‍ പാര്‍ട്ടികളെ ആശ്രയിക്കാതെ ജനങ്ങളും കുഞ്ഞു കുഞ്ഞു രാഷ്ട്രീയ സംഘടനകളും ഒന്നുചേര്‍ന്ന് സമരം ചെയ്യുന്നു. സമരങ്ങള്‍ വിജയിക്കുകയും ചെയ്യുന്നുണ്ട്.
ഇവരോട് ജനം എന്തെന്ന് ചോദിച്ചാല്‍ തത്തയെ പറഞ്ഞു പഠിപ്പിച്ചപോലെ ഇവര്‍ ആവര്‍ത്തിക്കും, “കഴുത” എന്ന്. എന്നാല്‍ ജനങ്ങളാണോ കഴുത അതോ ഇവരോ..
കേരളം ഉയര്‍ത്തെഴുന്നേല്‍ക്കുന്നു എന്നാണ് യു.ഡി.എഫിന്റെ പുതിയ നിക്ഷേപക സംഗമം അരുള്‍പ്പാട് ചെയ്തിരിക്കുന്നത്. ആരുടെ ഉയര്‍ത്തെഴുന്നേല്‍പ്പാണ് ശ്രീമാന്‍ ഉമ്മന്‍ചാണ്ടി നിങ്ങള്‍ കേരളത്തില്‍ നടത്താന്‍ പോകുന്നത്? ഇത് ഒരു കേവല പരിസ്ഥിതിവാദിയുടെ ചോദ്യമല്ല. മറിച്ച് ഒരുനേരത്തെ അന്നത്തിന് വകയില്ലാത്ത, ഉടുതുണിക്ക് മറുതുണി ഗതിയില്ലാത്ത ഒരു ജനതയില്‍ നിന്നും വരുന്ന ചോദ്യമാണ്.
നിങ്ങളുടെ വെബ്‌സൈറ്റിന്റെ തലവാചകം പറയുന്നുണ്ട് നിങ്ങള്‍ മാലോകര്‍ക്ക് അവസരങ്ങളുടെ ഒരു പൂച്ചെണ്ടാണ് നല്‍കുന്നുണ്ടെന്ന്. ഞങ്ങളും പറയുന്നു നിങ്ങള്‍ നല്‍കുന്നത് അവസരങ്ങളുടെ പൂച്ചെണ്ട് തന്നെയാണെന്ന്. ഒരുമുഴം കയറുകൊണ്ട് തന്റെ ആയുസ്സിനറുതിവരുത്താന്‍ കേരളത്തിലെ പാവപ്പെട്ട ജനതയ്ക്ക് നല്‍കുന്ന അവസരങ്ങളുടെ ശവം നാറുന്ന പൂച്ചെണ്ട്. ഇന്നലെവരെ ജീവിച്ച ചുറ്റുപാടില്‍ നിന്ന് പെട്ടിയും പ്രമാണവുമെടുത്ത് തെരുവിലേയ്ക്കിറങ്ങുന്നവന്‍, നാലുവരി പാതയ്ക്കുവേണ്ടി ഭൂമിയേറ്റെടുക്കുമെന്നറിഞ്ഞ് ആത്മഹത്യചെയ്ത ലക്ഷമണന്‍മാര്‍, ഉപജീവനവും അതിജീവനവും സാധ്യമല്ലാത്ത പാവങ്ങള്‍.. ഇവരുടെ ഉണങ്ങാത്ത കണ്ണീര് സുഖശീതളമെത്തയില്‍ ഉല്ലസിക്കുന്ന നിങ്ങള്‍ക്കും നിങ്ങളുടെ പരിസേവകര്‍ക്കും മനസ്സിലാവില്ല. കാരണം കേരള ജനത എന്നത് നിങ്ങള്‍ക്ക് “ഐസ്‌ക്രീം” കുടിക്കാനുള്ള കിട്ടാചരക്ക് മാത്രമാണ്.
ഞങ്ങളും പറയുന്നു നിങ്ങള്‍ നല്‍കുന്നത് അവസരങ്ങളുടെ പൂച്ചെണ്ട് തന്നെയാണെന്ന്. ഒരുമുഴം കയറുകൊണ്ട് തന്റെ ആയുസ്സിനറുതിവരുത്താന്‍ കേരളത്തിലെ പാവപ്പെട്ട ജനതയ്ക്ക് നല്‍കുന്ന അവസരങ്ങളുടെ ശവം നാറുന്ന പൂച്ചെണ്ട്.
ഒരു കാര്യത്തില്‍ നിങ്ങള്‍ സത്യസന്ധത പുലര്‍ത്തിയിട്ടുണ്ട്. ക്രിയാത്മകം (pro active) എന്നാണ് സ്വന്തം സര്‍ക്കാരിനെ നിങ്ങള്‍ വിശേഷിപ്പിച്ചത്. ജനപക്ഷം (pro people) ആണെന്ന് ആമുഖത്തില്‍ പറയുന്നില്ലല്ലോ. നന്ന്. നിങ്ങള്‍ ക്രിയാത്മകമല്ലെന്ന് ആരും പറയുന്നില്ല. പാവപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ എന്ന പിച്ചചട്ടിയിലും കൈയ്യിട്ടുവാരി ആഗോളമൂലധന ശക്തിക്ക് കാണിക്ക അര്‍പ്പിക്കാനും നിങ്ങളുടെ സര്‍ക്കാരിന്റെ ദുരമൂത്ത ലാഭക്കൊതിക്കായി എന്നതുതന്നെ നിങ്ങള്‍ ആര്‍ക്കുവേണ്ടിയാണ് ക്രിയാത്മകമാകുന്നത് എന്നത് വ്യക്തമാക്കി തരുന്നുണ്ട്.
സംബന്ധം കൂടാനെത്തുന്ന വിരുന്നുകാരനായ പണക്കാരന്റെ പോക്കറ്റിലെ കാശുകണ്ട് ജീവിക്കേണ്ടവരാണോ കേരളത്തിലെ ജനകോടികള്‍? അവന്‍ വാരിയെറിയുന്ന ചില്ലിക്കാശ് കേരളത്തിലെ ജനകൊടികളുടെ പൊതു സ്വത്തിനെ നക്കിത്തുടച്ചിട്ട് വലിച്ചെറിഞ്ഞുതരുന്ന എല്ലിന്‍ കഷ്ണങ്ങളാണെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ആ എല്ലിന്‍ കഷ്ണങ്ങള്‍ക്കായി നിങ്ങള്‍ കടിപിടി കൂടുമ്പോള്‍ നഷ്ടപ്പെടുന്നത് വരാനിരിക്കുന്ന തലമുറക്കുകൂടി അവകാശപ്പെടുന്ന, മിണ്ടാനും പറയാനും പറ്റാത്ത ഇവിടുത്തെ ജന്തുജാലങ്ങള്‍ക്കുകൂടി അര്‍ഹതപ്പെട്ട പ്രകൃതി വിഭവങ്ങളാണ്. പ്രതിപക്ഷ നേതാവ് വി.എസ് പറഞ്ഞതുപോലെ, നമ്മുടെ സമ്പത്ത്, നമ്മുടെ നിക്ഷേപം, നമ്മുടെ ഭൂമിയും അന്തരീക്ഷവും ജലവും വനവും പ്രകൃതിവിഭവങ്ങളുമെല്ലാമാണ്. അത് വരാനിരിക്കുന്ന എല്ലാ തലമുറകളുടെയും എല്ലാ ജീവജാലങ്ങളുടെയും സ്വത്താണ്. അത് ഉപയോഗിക്കാനല്ലാതെ ചൂഷണം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല.
ഇത് കേരള ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ കാലം തന്നെയാണ്. ജനവിരുദ്ധ വികസനനയത്തിനെതിരായയുള്ള ജനതയുടെ ചെറുത്തുനില്‍പ്പുകളുടെ ഉയര്‍ത്തെഴുന്നേല്‍പ്പ്. കെ.പി.ശശിയുടെ ഒരു വീഡിയോയില്‍ ആദിവാസി ജനത വിളിച്ചു പറയുന്നുണ്ട്,
“ഞങ്ങടെ നാടും വിട്ടുതരില്ല
ഞങ്ങടെ കാടും വിട്ടുതരില്ല
ഭൂമീദേവിയേം വിട്ടുതരില്ല
പോരാട്ടോം നിര്‍ത്തുകയില്ല.”
ഈ വരികള്‍ ഉണര്‍ത്തുപാട്ടാക്കിക്കൊണ്ട് കേരളക്കരയിലെ മക്കളും സമരഭൂമിയുടെ ഭൂപടം തീര്‍ക്കുകതന്നെ ചെയ്യും. സംശയമില്ല.