എമേര്‍ജിങ് ഏഷ്യാ കപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടത്തിനായാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ഏറ്റവും വീറും വാശിയുമേറിയ പോരാട്ടത്തിനാണ് കൊളംബോ പ്രേമദാസ സ്റ്റേഡിയം സാക്ഷിയാകാന്‍ ഒരുങ്ങുന്നത്.
ഗ്രൂപ്പ് ബിയിലെ ഇരുടീമിന്റെയും അവസാന പോരാട്ടമാണിത്. നിലവില്‍ രണ്ട് മത്സരത്തില്‍ രണ്ട് വിജയവുമായി ഇന്ത്യയും രണ്ട് വിജയവുമായി പാകിസ്ഥാനുമാണ് സെമിയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. രണ്ട് വീതം വിജയവുമായി നാല് പോയിന്റാണ് ഇരുവര്‍ക്കുമുള്ളതെങ്കിലും റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയാണ് മുമ്പില്‍.
ഗ്രൂപ്പ് ഘട്ടത്തില്‍ പരാജയമറിയാത്തവര്‍ ഏറ്റുമുട്ടുമ്പോള്‍ ഒരാളുടെ വിന്നിങ് സ്ട്രീക്കിന് അവസാനമാകും. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി സെമിയില്‍ കടക്കാനും സാധിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ യു.എ.ഇയോട് എട്ട് വിക്കറ്റിന് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ നേപ്പാളിനോട് ഒമ്പത് വിക്കറ്റിനും വിജയിച്ചിരുന്നു. ഓമാന്‍ ഉയര്‍ത്തിയ 176 റണ്‍സിന്റെയും നേപ്പാള്‍ മുമ്പോട്ടുവെച്ച 168 റണ്‍സിന്റെയും വിജയലക്ഷ്യം ഇന്ത്യന്‍ പുലിക്കുട്ടികള്‍ അനായാസം മറികടക്കുകയായിരുന്നു.
അതേസമയം, തങ്ങളുടെ ആദ്യ മത്സരത്തില്‍ നേപ്പാളിനോട് നാല് വിക്കറ്റിന് വിജയിച്ച പാക് പട രണ്ടാം മത്സരത്തില്‍ യു.എ.ഇയെ 184 റണ്‍സിനും പരാജയപ്പെടുത്തിയിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 310 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ യു.എ.ഇ 125ന് ഓള്‍ ഔട്ടാവുകയായിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളും വന്‍ മാര്‍ജിനില്‍ വിജയിച്ചാണ് ഇരുടീമും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നത് എന്ന വസ്തുതയും ഈ മത്സരത്തിന് ഹൈപ്പ് ഏറ്റുന്നുണ്ട്.
ഇന്ത്യ എ സ്‌ക്വാഡ്
നേഹല്‍ വധേര, നിതീഷ് കുമാര്‍ റെഡ്ഡി, നികിന്‍ ജോസ്, പ്രദോഷ് രഞ്ജന്‍ പോള്‍, സായ് സുദര്‍ശന്‍, യാഷ് ധുള്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, ഹര്‍ഷ് ദുബെ, മോഹിത് റെഡ്കര്‍, നിഷാന്ത് സിന്ധു, റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), സ്‌നെല്‍ പട്ടേല്‍ (വിക്കറ്റ് കീപ്പര്‍), ആകാശ് സിങ്, ഹര്‍ഷിത് റാണ, മാനവ് സുതര്‍, രാജ്‌വര്‍ധന്‍ ഹങ്കാര്‍ഗേക്കര്‍, യുവ്‌രാജ്‌സിന്‍ഹ് ദോഡിയ.
പാകിസ്ഥാന്‍ എ സ്‌ക്വാഡ്
അബ്ദുള്‍ ബംഗല്‍സായ്, ഒമൈര്‍ യൂസഫ്, സിയാം അയ്യൂബ്, തയ്യബ് താഹിര്‍, അമദ് ബട്ട്, കമ്രാന്‍ ഗുലാം, മുഹമ്മദ് ജുനൈദ്, മുബാസിര്‍ ഖാന്‍, ഖാസിം അക്രം, ഹസീബുള്ള ഖാന്‍ (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് ഹാരിസ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), രോഹൈല്‍ നസീര്‍ (വിക്കറ്റ് കീപ്പര്‍), അബ്ബാസ് അഫ്രിദി, അര്‍ഷാദ് ഇഖ്ബാല്‍, മെഹ്രാന്‍ മുംതാസ്, ഷഹനവാസ് ദഹാനി, സൂഫിയാന്‍ മുഖീം.
Content Highlight: Emerging Asia Cup, India A vs Pakistan A