| Thursday, 11th December 2014, 8:41 pm

അടിയന്തരാവസ്ഥ ഇന്ദിരക്ക് പറ്റിയ അബദ്ധം ആയിരുന്നുവെന്ന് പ്രണബ് കുമാര്‍ മുഖര്‍ജി

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: 1975ലെ അടിയന്തരാവസ്ഥ ഒഴിവാക്കാമായിരുന്നുവെന്നും  ഇതിന്റെ പേരില്‍ കോണ്‍ഗ്രസും ഇന്ദിരാ ഗാന്ധിയും കനത്ത വില നല്‍കേണ്ടി വന്നെന്നും പ്രണബ് കുമാര്‍ മുഖര്‍ജിയുടെ പുസ്തകം. “ദ ഡ്രമാറ്റിക് ഡികേഡ്: ദ ഇന്ദിരാ ഇയേര്‍സ്”  എന്ന തലക്കെട്ടിലുള്ള പുസ്തകത്തിലൂടെയാണ് അടിയന്താവസ്ഥ ഇന്ദിരാ ഗാന്ധിയുടെ ഭാഗത്ത് നിന്നുള്ള എടുത്ത് ചാട്ടം ആയിരുന്നുവെന്ന് ഇന്ദിര മന്ത്രി സഭയിലെ ധനമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജി പറയുന്നത്. അടിയന്തരാവസ്ഥയെ കുറിച്ചുള്ള ചട്ടങ്ങള്‍ ഇന്ദിരക്ക് അറിയില്ലായിരുന്നുവെന്നും ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന സിദ്ധാര്‍ത്ഥ ശങ്കര്‍ റേ യാണ് ഇതിനായി ഇന്ദിരയെ പ്രേരിപ്പിച്ചതെന്നും പ്രണബ് തന്റെ പുസ്തകത്തില്‍ പറയുന്നു. അടിയന്തരാവസ്ഥയെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ഷാ കമ്മീഷന് മുന്‍പില്‍ റേ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ലെന്നും പുസ്തകം പറയുന്നു

321 പേജുകളുള്ള പുസ്തകത്തില്‍ അടിയന്തരാവസ്ഥക്കാലത്ത് ശക്തമായിരുന്ന ജയപ്രകാശ് നാരായണിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിന് ദിശാബോധം ഇല്ലായിരുന്നുവെന്നും പറയുന്നു. ഇത് കൂടാതെ പുസ്തകത്തില്‍ ബംഗ്ലാദേശ് വിമോചന സമരം, 1977ലെ ഇലക്ഷന്‍ തോല്‍വി, കോണ്‍ഗ്രസിലെ ഭിന്നിപ്പ് എന്നീ കാര്യങ്ങളാണ് പറയുന്നത്. അടിയന്തരാവസ്ഥക്ക് ശേഷം രാജ്യത്തിന്റെ പൊതു ജീവിതം മെച്ചപ്പെട്ടതായും പുസ്തകത്തില്‍വ പറയുന്നു

ഇന്ന് 79ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖര്‍ജിയുടെ മൂന്ന് ഘട്ടങ്ങള്‍ ആയി ഇറങ്ങുന്ന പുസ്തകത്തിന്റെ ആദ്യ പതിപ്പാണ് ഡ്രമാറ്റിക് ഡികേഡ് എന്ന പേരില്‍ തുടങ്ങുന്ന പുസ്തകം. 1969 മുതല്‍ 80 വരെയുള്ള കാര്യങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. 1980-98, 1998-2012 എന്നീ കാലഘട്ടങ്ങളിലെ പ്രണബിന്റെ രാഷ്ട്രീയ ജീവിതം പറയുന്ന പുസ്തകത്തിന്റെ രണ്ട്, മൂന്ന് പതിപ്പുകള്‍ കൂടെ വരും ദിവസങ്ങളില്‍ ഇറങ്ങുമെന്നാണ് കരുതപ്പെടുന്നത്.

We use cookies to give you the best possible experience. Learn more