| Monday, 22nd April 2019, 5:59 pm

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; സ്ഫോടനങ്ങള്‍ക്കു പിന്നില്‍ പ്രാദേശിക തീവ്ര ഇസ്‌ലാമിക സംഘടനയെന്ന് സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ട്. ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടന പരമ്പരകള്‍ക്ക് പിന്നാലെയാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ അടിയന്തരാവസ്ഥ നിലവില്‍ വരും. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് പ്രഖ്യാപനം നടത്തിയത്.

അതേസമയം, പ്രാദേശിക തീവ്ര ഇസ്‌ലാമിക സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്ത് (എന്‍.ടി.ജെ.) ആണ് സ്ഫോടനത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി ശ്രീലങ്കന്‍ സര്‍ക്കാര്‍ പറഞ്ഞു. അന്താരാഷ്ട്ര ബന്ധമില്ലാതെ ഇവര്‍ക്ക് സ്ഫോടനം നടത്താനാവില്ലെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

‘ഈ രാജ്യത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്ന സംഘം മാത്രമാണ് ഇതിന് പിന്നിലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അന്താരാഷ്ട്ര ബന്ധമില്ലാതെ ഇത്തരത്തിലൊരു ആക്രമണം നടത്താന്‍ സാധിക്കില്ല’ ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവ് രജിത സേനരത്നെ പറഞ്ഞു.

അതേസമയം, സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ മൂന്നു ക്രിസ്ത്യന്‍ പള്ളികള്‍ ഉള്‍പ്പെടെ എട്ടിടങ്ങളിലുണ്ടായ സ്‌ഫോടന പരമ്പരയില്‍ 290 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അഞ്ഞൂറിലേറെ പേര്‍ക്ക് പരിക്കേറ്റിരുന്നു.

സ്ഫോടനപരമ്പരയില്‍ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സ്ഥിരീകരിച്ചിരുന്നു.  ശ്രീലങ്കന്‍ പൗരത്വമുള്ള മലയാളി പി.എസ് റസീന, ലോകാശിനി, നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നിവരാണു കൊല്ലപ്പെട്ടതെന്ന് കൊളംബോയിലെ നാഷണല്‍ ഹോസ്പിറ്റല്‍ അറിയിച്ചതായും സുഷമ അറിയിച്ചിരുന്നു. റസീന കാസര്‍കോട് സ്വദേശിനിയാണ്.

കൊഛികഡെയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നെഗൊമ്പോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബട്ടികാളൊ ചര്‍ച്ച് എന്നീ പള്ളികളിലും ഹോട്ടലുകള്‍ കേന്ദ്രീകരിച്ചുമാണ് സ്ഫോടനം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Latest Stories

We use cookies to give you the best possible experience. Learn more