[] ട്രിപ്പോളി: ലിബിയയുടെ തലസ്ഥാനമായ ട്രിപ്പോളിയില്‍ അടിയന്തിരാവസ്ഥ. ലിബിയയില്‍ നിന്നും സായുധസംഘം പിന്‍മാറണണെന്ന പ്രധാനമന്ത്രി അലി സെയ്ദാന്റെ ഉത്തരവിനെത്തുടര്‍ന്നുണ്ടായ പുതിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ട്രിപ്പോളിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
48 മണിക്കൂര്‍ നേരത്തേക്കാണ് ലിബിയയില്‍ താല്‍ക്കാലിക അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.
സായുധസംഘം ആയുധമുപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ വെള്ളിയാഴ്ച്ച നടത്തിയ പ്രതിഷേധത്തിന് നേരെ നടന്ന വെടിവെയ്പ്പില്‍ 40 പേരാണ് കൊല്ലപ്പെട്ടത്.
പുതിയ സംഘര്‍ഷത്തില്‍ ഒരാളുടെ ജീവന്‍ വെടിഞ്ഞതടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ട്രിപ്പോളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ആയുധധാരികളെ എതിര്‍വശത്തുള്ള തോക്കുധാരി തടയാന്‍ ശ്രമിച്ചതാണ് പുതിയ സംഘര്‍ഷങ്ങള്‍ക്ക് വഴിതെളിച്ചതെന്ന് ലിബിയന്‍ വൃത്തങ്ങള്‍ പറഞ്ഞു.
ലിബിയയില്‍ ഗദ്ദാഫിയെ പുറത്താക്കിയതിന് ശേഷവും സായുധസംഘം ആയുധങ്ങള്‍ ഉപേക്ഷിക്കാന്‍ തയ്യാറാവാതിരുന്നത് ജനങ്ങള്‍ക്കും സര്‍ക്കാരിനും ഭീഷണിയായിരുന്നു.
സമാധാന ചിഹ്നങ്ങളും ദേശീയപതാകയും വഹിച്ച് ദേശീയ ഗാനം ആലപിച്ച് മെലൈന ചത്വരത്തില്‍ ആദ്യം ഒത്തുകൂടിയ പ്രതിഷേധക്കാര്‍ മിസ്രത എന്ന സായുധഗ്രൂപ്പിന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തവേയാണ് വെടിവെയ്പ്പുണ്ടായത്.