| Monday, 18th July 2022, 10:08 am

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊളംബോ: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും നിലവിലെ ആക്ടിങ് പ്രസിഡന്റുമായ റനില്‍ വിക്രമസിംഗെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്.

ഞായറാഴ്ച രാത്രിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ പ്രസ്താവന റോയിട്ടേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.

സാമൂഹികപരമായി രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ രാജ്യത്തിന്റെയും പൊതുജനങ്ങളുടെയും സുരക്ഷയും പബ്ലിക് ഓര്‍ഡറും ഉയര്‍ത്തിപ്പിടിക്കേണ്ട ആവശ്യകതയുണ്ടെന്നായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകൊണ്ട് വിക്രമസിംഗെ പ്രതികരിച്ചത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ഇടക്കാല പ്രസിഡന്റായി റനില്‍ വിക്രമസിംഗെ അധികാരമേറ്റത്.

അതേസമയം ജൂലൈ 20ന് ലങ്കയില്‍ പ്രസിഡന്റെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഗോതബയ രജപക്‌സെ രാജി വെച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.

ജൂലൈ 19ന് നോമിനേഷനുകള്‍ സമര്‍പ്പിക്കണമെന്നും ഒന്നിലധികം നോമിനേഷനുകള്‍ ലഭിക്കുകയാണെങ്കില്‍ ജൂലൈ 20ന് വോട്ടെടുപ്പ് നടത്തുമെന്നും പാര്‍ലമെന്റ് സെക്രട്ടറി ജനറല്‍ പ്രഖ്യാപിച്ചിരുന്നു.

നാല് നേതാക്കളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് മത്സരരംഗത്തുള്ളത്. റനില്‍ വിക്രമസിംഗെ, പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ, അണുര കുമാര ദിസ്സനായകെ (മാര്‍ക്സിസ്റ്റ് ജനതാ വിമുക്തി പെരമുണ നേതാവ്), ദല്ലാസ് അളഹപ്പെരുമ എന്നിവരാണ് നോമിനേഷനുകള്‍ സമര്‍പ്പിക്കാനിരിക്കുന്നത്.

രജപക്സെമാരുടെ പാര്‍ട്ടിയായ ‘ശ്രീലങ്ക പൊതുജന പെരമുണ’ തെരഞ്ഞെടുപ്പില്‍ റനില്‍ വിക്രമസിംഗെക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 225 അംഗ പാര്‍ലമെന്റില്‍ ശ്രീലങ്ക പൊതുജന പെരമുണക്കാണ് ആധിപത്യമുള്ളത്.

2024 നവംബര്‍ വരെയായിരിക്കും പുതിയ പ്രസിഡന്റിന്റെ കാലാവധി.

Content Highlight: emergency declared in Sri Lanka by acting president Ranil Wickremesinghe

We use cookies to give you the best possible experience. Learn more