| Monday, 3rd March 2025, 8:06 am

അനോറയും വിക്കഡും എമിലിയ പെരെസും ഒപ്പത്തിനൊപ്പം, ഓസ്‌കാര്‍ ലോകത്ത് ആര് തിളങ്ങുമെന്ന് ഉറ്റുനോക്കി സിനിമാലോകം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

95ാമത് അക്കാഡമി അവാര്‍ഡ് പുരോഗമിക്കുകയാണ്. ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് അവാര്‍ഡ് ദാന ചടങ്ങ് പുരോഗമിക്കുന്നത്. പ്രധാന വിഭാഗങ്ങളിലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയപ്പോള്‍ എല്ലാവരും ഉറ്റുനോക്കിയ രണ്ട് ചിത്രങ്ങള്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഫ്രഞ്ച് ചിത്രം എമിലിയ പെരെസും ഹോളിവുഡ് ചിത്രം അനോറയുമായിരുന്നു ഏറ്റവുമധികം അവാര്‍ഡുകള്‍ നേടാന്‍ സാധ്യത കല്പിച്ച ചിത്രങ്ങള്‍.

മികച്ച സഹനടിക്കുള്ള പുരസ്‌കാരം എമിലിയ പെരെസിലെ പ്രകടനത്തിന് സോയി സല്‍ഡാനെയെ തേടിയെത്തി. അവതാര്‍, ഗാര്‍ഡിയന്‍സ് ഓഫ് ഗാലക്‌സി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ സോയിയുടെ ആദ്യ ഓസ്‌കര്‍ അവാര്‍ഡാണിത്. ഈ വര്‍ഷം ഏറ്റവുമധികം ആളുകള്‍ സാധ്യത കല്പിച്ച പ്രകടനങ്ങളിലൊന്ന് സോയുടെയായിരുന്നു.

മികച്ച ഗാനത്തിനുള്ള അവാര്‍ഡും എമിലിയ പെരെസിനെ തേടിയെത്തി. ക്ലെമെന്റ് ഡ്യുക്കോളും കാമിലിയും ചേര്‍ന്ന് വരികളെഴുതി സംഗീതമൊരുക്കിയ എല്‍ മാല്‍ എന്ന ഗാനത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മികച്ച നടി, ചിത്രം, അന്താരാഷ്ട്ര ചിത്രം, സൗണ്ട് ഡിസൈന്‍, സംഗീതം തുടങ്ങി എട്ട് നോമിനേഷനുകള്‍ എമിലിയ പെരെസിനുണ്ട്.

അമേരിക്കന്‍ ചിത്രമായ അനോറയും രണ്ട് അവാര്‍ഡുകള്‍ സ്വന്തമാക്കിയിരിക്കുകയാണ്. തിരക്കഥ, എഡിറ്റിങ് എന്നീ മേഖലകളിലാണ് അനോറക്ക് പുരസ്‌കാരം ലഭിച്ചത്. സീന്‍ ബേക്കറിനാണ് രണ്ട് പുരസ്‌കാരവും ലഭിച്ചത്. മികച്ച ചിത്രം, നടി, സംവിധാനം എന്നിങ്ങനെ ഏഴ് നോമിനേഷനുകള്‍ അനോറക്കുണ്ട്.

പ്രൊഡക്ഷന്‍ ഡിസൈന്‍, കോസ്റ്റിയൂം ഡിസൈന്‍ എന്നീ പുരസ്‌കാരങ്ങള്‍ വിക്കഡിനെ തേടിയെത്തി. ദി വിസാര്‍ഡ് ഓഫ് ഓസ് എന്ന നേവലിനെ ആസ്പദമാക്കി ഒരുങ്ങിയ ഫാന്റസി ചിത്രമാണ് വിക്കഡ്.

എ റിയല്‍ പെയിന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് കിറന്‍ കുള്‍ക്കിന് മികച്ച സഹനടനുള്ള പുരസ്‌കാരം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തെ മികച്ച ചിത്രങ്ങളിലൊന്നായ ദി സബ്സ്റ്റന്‍സും അവാര്‍ഡിന് അര്‍ഹമായി. മേക്കപ്പ് & ഹെയര്‍ സ്റ്റൈലിങ് വിഭാഗത്തിനാണ് സബ്സ്റ്റന്‍സിന് അവാര്‍ഡ് ലഭിച്ചത്. മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്‌കാരം ദി കോണ്‍ക്ലേവ് സ്വന്തമാക്കിയപ്പോള്‍ മികച്ച അനിമേഷന്‍ ചിത്രത്തിനുള്ള അവാര്‍ഡ് ഫ്‌ളോ സ്വന്തമാക്കി.

Content Highlight: Emelia Perez, Anora, Wicked movies shines in Academy Award 2025

We use cookies to give you the best possible experience. Learn more