തിരുവനന്തപുരം: ഇ.എം.സി.സിയുമായി താന്‍ ഒത്തുകളിച്ചെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ് ജാക്സണ്‍ പുള്ളയിലില്‍ നിന്നാണ് താന്‍ കരാറിന്റെ കാര്യം അറിഞ്ഞതെന്ന് ചെന്നിത്തല പറഞ്ഞു.
‘ഐശ്വര്യ കേരള യാത്രയില്‍ എല്ലാ ദിവസവും അതാത് ജില്ലകളിലെ ആളുകളുമായി സംവദിക്കുന്ന ഒരു പരിപാടിയുണ്ട്. ആലപ്പുഴയിലെ പരിപാടിയില്‍ പങ്കെടുക്കുന്ന ഘട്ടത്തില്‍ ജാക്സണ്‍ പുള്ളയിലാണ് ഈ നിര്‍ണായക വിവരം തന്നോട് പറഞ്ഞത്’, ചെന്നിത്തല പറഞ്ഞു.
ഇ.എം.സി.സി എന്ന അമേരിക്കന്‍ കമ്പനിയും കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറഷനും തമ്മില്‍ 400 ട്രോളറുകള്‍ക്കും അഞ്ച് മദര്‍ ഷിപ്പുകള്‍ക്കും വേണ്ടിയുള്ള കരാര്‍ ഒപ്പിട്ടു. തീരപ്രദേശത്ത് ഇത് വന്‍പ്രതിസന്ധിയുണ്ടാക്കുമെന്ന് ജാക്സണ്‍ തന്നോട് പറഞ്ഞെന്ന് ചെന്നിത്തല പറഞ്ഞു.
‘തുടര്‍ന്നാണ് ഞാന്‍ അന്വേഷണം നടത്തുന്നതും സര്‍ക്കാരിന്റെ കള്ളക്കളികള്‍ ഓരോന്ന് പുറത്ത് കൊണ്ടുവരുന്നതും. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ അല്ല’, ചെന്നിത്തല പറഞ്ഞു.
ഇ.എം.സി.സിക്കാര്‍ തന്നെ വന്നുകണ്ടുവെന്നും പഴയ പ്രൈവറ്റ് സെക്രട്ടറി രേഖകള്‍ തന്നുവെന്ന് പറയുന്നതും അസത്യമാണ്. ഇ.എം.സി.സിക്കാര്‍ അവരുടെ കരാറിന് വിലങ്ങുതടിയാകുന്ന ഒരു കാര്യം ചെയ്യുമെന്ന് സ്ഥിരബുദ്ധിയുള്ള ആരെങ്കിലും പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
ഇ.എം.സി.സി ഫയല്‍ മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ രണ്ടു തവണ കണ്ടിട്ടുണ്ട്. 2019 ഒക്ടോബര്‍ 21 നും നവംബറിലും മന്ത്രി ഫയല്‍ കണ്ടു. ഫിഷറീസ് മന്ത്രി കണ്ട ഫയല്‍ പുറത്തുവിടാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: EMCC Deal Ramesh Chennithala Reveals