ആഴക്കടല്‍ മത്സ്യബന്ധനം; ഇ.എം.സി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
Kerala News
ആഴക്കടല്‍ മത്സ്യബന്ധനം; ഇ.എം.സി.സിയുമായി ഉണ്ടാക്കിയ ധാരണാപത്രം റദ്ദാക്കി; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 22nd February 2021, 5:03 pm

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനമായ കേരള ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനും (കെ.എസ്.ഐ.എന്‍.സി) സ്വകാര്യ കമ്പനിയായ ഇ.എം.സി.സിയും ചേര്‍ന്ന് ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഒപ്പിട്ട ധാരണ പത്രം റദ്ദാക്കി സംസ്ഥാന സര്‍ക്കാര്‍.

കെ.എസ്.ഐ.എന്‍.സിക്കായി 400 ട്രോളറുകളും ഒരു കപ്പലും നിര്‍മിക്കാനുള്ള ധാരണാപത്രമാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം റദ്ദാക്കിയത്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണത്തിനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കരാര്‍ ഇടാന്‍ ഇടയായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീ. ചീഫ് സെക്രട്ടറി ടി. കെ ജോസിനെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ് ധരണാപത്രമെന്ന് വ്യക്തമായതിനെ തുടര്‍ന്നാണ് ധാരണാ പത്രം റദ്ദാക്കുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

മത്സ്യബന്ധനത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നും വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ തുടര്‍ നടപടികള്‍ സ്വീകരിക്കൂ എന്നും മുഖ്യമന്ത്രിയും ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയും നേരത്തെ വ്യക്തമാക്കിയിരുന്നു.

സര്‍ക്കാരിന്റെ അറിവോടെയല്ല ധാരണാപത്രത്തില്‍ ഒപ്പുവെച്ചതെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. കെ.എസ്.ഐ.എന്‍.സി എം.ഡി എന്‍. പ്രശാന്ത് ഐ.എ.എസിനെതിരെ പരോക്ഷ വിമര്‍ശനവും മേഴ്‌സിക്കുട്ടിയമ്മ നടത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: EMCC contract for deep-sea fishing repeals by Government