| Sunday, 5th March 2023, 11:49 am

സൗദി അറേബ്യയിൽ മരണപ്പെട്ട യുവാവിന്റെ നഷ്ടപരിഹാര തുകയിൽ നിന്ന് വിഹിതം ആവശ്യപ്പെട്ട് എംബസി; സൗദി വക്കീലിനെ നിയോ​ഗിക്കാനെന്ന് വാ​ദം

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയാദ്/തൃശൂർ: സൗദി അറേബ്യയിൽ വെച്ച് ഭർത്താവ് മരണപ്പെട്ട സംഭവത്തിൽ ലഭിച്ച നഷ്ടപരിഹാരതുകയിൽ നിന്നും യുവതിയോട് വിഹിതം ആവശ്യപ്പെട്ട് എംബസി. കേസിൽ ഹാജരായ അഭിഭാഷകന് നൽകാനുള്ള ഫീസെന്ന് ചൂണ്ടിക്കാട്ടിയാണ് എംബസിയുടെ ആവശ്യം. എന്നാൽ കേസന്വേഷണത്തിന് എംബസിയോടാണ് ആവശ്യപ്പെട്ടതെന്നും വക്കീൽ ഹാജരായിട്ടില്ലെന്നും ചൂണ്ടിക്കാട്ടി യുവാവിന്റെ ഭാര്യ സൗദിയിലെ ഇന്ത്യൻ അംബാസിഡർക്ക് പരാതി നൽകിയിട്ടുണ്ട്.

2016 ൽ സൗദി അറേബ്യയിലെ അൽ-ജുബൈലിൽ വെച്ചു നടന്ന വാഹനാപകടത്തിലാണ് വിൻസൺ ചിറയൻകത്ത് വർഗീസ് എന്ന യുവാവ് മരണപ്പെടുന്നത്. സംഭവത്തിൽ നഷ്ടപരിഹാരം ഉറപ്പാക്കാൻ എംബസിയിലെ കമ്മ്യൂണിറ്റി ക്ഷേമ വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് ഭാര്യ ജിൻസി ഇന്ത്യൻ എംബസിക്ക് മുക്ത്യാർ നൽകുന്നത്. ഇതിന് പിന്നാലെ ജിൻസി സൗദി കോൺസുലേറ്റിന്റെ സാക്ഷ്യപ്പെടുത്തലോടു കൂടിയ മുക്ത്യാർ ഇന്ത്യൻ എംബസിക്ക് സമർപ്പിച്ചിരുന്നു.

ഏഴ് വർഷങ്ങൾക്ക് ശേഷമാണ് കുടുംബത്തിന് നഷ്ടപരിഹാര തുക അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് വരുന്നത്. എന്നാൽ ഇതിന് പിന്നാലെ പണം ലഭിക്കണമെങ്കിൽ സൗദി വക്കീലിനെ ഏല്പിക്കണമെന്നും ഇതിനായി നഷ്ടപരിഹാര തുകയുടെ 20 ശതമാനം നൽകണമെന്നും എംബസി ആവശ്യപ്പെട്ടതായാണ് കുടുംബം വ്യക്തമാക്കുന്നത്.

എന്നാൽ കേസന്വേഷണത്തിന് സൗദി വക്കീലിനെ നിയോഗിക്കാൻ താൻ അനുമതി നൽകുകയോ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്ന് ജിസ്ന പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

1,13,000 റിയാൽ (24.5 ലക്ഷം രൂപ) ആണ് ഇവർക്ക് നഷ്ടപരിഹാരമായി ലഭിച്ചത്. ഇതിന്റെ 20 ശതമാനം നൽകണമെന്നാണ് എംബസിയുടെ ആവശ്യം.

ഇന്ത്യൻ എംബസിയുടെ നടപടി കൊടിയ അനീതിയും തട്ടിപ്പുമാണെന്ന് അഭിഭാഷകനും നേരത്തെ സൗദിയിൽ സാമൂഹ്യ പ്രവർത്തകനുമായ അഡ്വ. മുരളീധരൻ പറഞ്ഞു. നോർക്കയും വിദേശകാര്യ മന്ത്രാലയവും പുതുതായി എംബസിയിൽ ചാർജെടുത്ത അംബാസഡറും വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ഇത് കൊടിയ അനീതിയും തട്ടിപ്പുമാണ്. കേസ് നടത്തിപ്പിന്റെ ഒരു ഘട്ടത്തിലും ഒരു സൗദി അഭിഭാഷകനും പങ്കെടുക്കാതിരിക്കെ, നഷ്ടപരിഹാരത്തുക കിട്ടിയപ്പോൾ പൊടുന്നനെ എവിടെ നിന്നാണ് ഒരു സൗദി അഭിഭാഷകൻ പ്രത്യക്ഷപ്പെടുന്നത്? അതും ഈ എംബസിയുടെ കെയറോഫിൽ? കേസ് നടത്തുന്നതിന് എംബസിക്ക് പവർ ഓഫ് അറ്റോർണി കൊടുക്കുന്നതിനർത്ഥം കേസിന്റെ വിചാരണവേളയിൽ എംബസിയിലെത്തന്നെ ഒരുദ്യോഗസ്ഥന് കോടതിയിൽ ഹാജരാവുന്നതിനുള്ള അധികാരപത്രം കൊടുക്കുകയെന്നതാണ്. അല്ലാതെ സൗദി അഭിഭാഷകരെ ഏൽപ്പിക്കുന്നതിനല്ല.

മാത്രമല്ല, സൗദി വക്കീലന്മാർ ഫീസ് മുൻകൂറായാണ് വാങ്ങുക. നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം എന്നത് അവർക്കുകിട്ടുന്ന ബോണസാണ്. അതുകൊണ്ട് ഈ വിഷയത്തിൽ സമഗ്രമായ ഒരന്വേഷണം നടത്തണം. നോർക്കയും വിദേശകാര്യമന്ത്രാലയവും പുതുതായി എംബസിയിൽ ചാർജ്ജെടുത്ത അംബാസഡറും പ്രശ്നപരിഹാരത്തിനായി ശ്രമിക്കണം.

പാവപ്പെട്ട പ്രവാസികളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന എംബസി ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Embassy requesting share from the compensation amount of the young man who died in Saudi Arabia

We use cookies to give you the best possible experience. Learn more