ട്വിറ്ററിനു മേല്‍ വീണ്ടും തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്മര്‍ദം; കാണാതായ 20 ലക്ഷം ഇ.വി.എമ്മുകളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകന്‍ തയ്യാറാക്കിയ വീഡിയോ നീക്കം ചെയ്തു
ന്യൂദല്‍ഹി: ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകള്‍ക്ക് പ്രചരിക്കുന്നത് തടയാന്‍ ട്വിറ്ററിന് മേല്‍ വീണ്ടും സമ്മര്‍ദം ചെലുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. 20 ലക്ഷം വോട്ടിംഗ് യന്ത്രങ്ങള്‍ കാണാനില്ലെന്ന് റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ജന്‍താ കാ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ തയ്യാറാക്കിയ വീഡിയോ ബ്ലോഗ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സമര്‍ദം മൂലം നീക്കം ചെയ്തു.
മുംബൈയിലെ ആര്‍.ടി.ഐ ആക്ടിവിസ്റ്റ് ആയ മനോരഞ്ജന്‍ റോയ് 2017, 2018 കാലയളവില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി പ്രസ്തുത വിവരം പുറത്തു വിട്ടത്. ദ ഹിന്ദുവിന്റെ കീഴിലുള്ള ഫ്രണ്ട്ലൈനിന്റെ കവര്‍ സറ്റോറിയായി ഇത് പ്രസിദ്ധീകരിച്ചതോടെയാണ് വീണ്ടും വാര്‍ത്താ പ്രാധാന്യം നേടുന്നത്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, ഇലക്ട്രോണിക് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുമായി 40 ലക്ഷം ഇ.വി.എമ്മുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുണ്ട്. എന്നാല്‍ കമ്മീഷന്റെ പക്കല്‍ 20 ലക്ഷം ഇ.വി.എമ്മുകളുടെ കണക്കുള്‍ മാത്രമാണുള്ളതെന്ന് സമ്മതിച്ചിരുന്നു.
പ്രസ്തുത വിഷയം വിശദീകരിച്ചു കൊണ്ട് ജന്‍താ കാ റിപ്പോര്‍ട്ടര്‍ എഡിറ്റര്‍ റിഫാത്ത് ജാവെദ് നിര്‍മിച്ച വീഡിയോ ബ്ലോഗ് മാധ്യമ സ്ഥാപനത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ പങ്കു വെച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെട്ട് ഇത് നീക്കം ചെയ്യുകയായിരുന്നു.
എന്നാല്‍ വോട്ടിംഗ് യന്ത്രങ്ങള്‍ കാണാനില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും ഭാഗികമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നുമായിരുന്നു വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം.
മുമ്പും തെരഞ്ഞെുടപ്പ് കമ്മീഷന്‍ ഇ.വി.എമ്മുകളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിന് മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ലഖ്നൗവില്‍ നടന്ന നാലാം ഘട്ട തെരഞ്ഞെടുപ്പിനിടെ ഇ.വി.എമ്മുകള്‍ യാതൊരു സുരക്ഷാ സന്നാഹവുമില്ലാതെ ട്രക്കില്‍ കയറ്റിക്കൊണ്ടു പോകുന്ന വീഡിയോ ആയിരുന്നു കമ്മീഷന്‍ ഇടപെട്ട് നീക്കം ചെയ്തത്.
മാധ്യമപ്രവര്‍ത്തകനായ അനുരാഗ് ദന്‍തയായിരുന്നു യാതൊരു സുരക്ഷയുമില്ലാതെ ഇ.വി.എം മെഷീനുകളായി യാത്ര തിരിക്കുന്ന ട്രക്കിന്റെ വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തത്. ‘ വോട്ടിങ് അവസാനിക്കുന്ന സമയം 6 മണിയാണ്. എന്നാല്‍ 5.30 ന് ഇത്രയും ഇ.വി.എമ്മുകള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്? അത് തന്നെ യാതൊരു സുരക്ഷയും ഇല്ലാതെ? ‘ എന്നായിരുന്നു അദ്ദേഹം വീഡിയോ ഷെയര്‍ ചെയ്തുകൊണ്ട് ട്വിറ്ററില്‍ ചോദിച്ചത്.
തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളിലും ഇ.വി.എമ്മുകളില്‍ അട്ടിമറി നടന്നുവെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ 50 ശതമാനം വിവിപാറ്റുകള്‍ എണ്ണമെന്ന ആവശ്യവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി ആവശ്യം തള്ളിയിരുന്നു.