ബൈ ബൈ പി.എസ്.ജി; ക്ലബ്ബ് വിടാനൊരുങ്ങി എംബാപെ; അങ്കത്തട്ട് ഇനി സ്പാനിഷ് ലീഗ്
Sports News
ബൈ ബൈ പി.എസ്.ജി; ക്ലബ്ബ് വിടാനൊരുങ്ങി എംബാപെ; അങ്കത്തട്ട് ഇനി സ്പാനിഷ് ലീഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 31st January 2022, 10:51 pm

പാരീസ് സെന്റെ ഷെര്‍മാങ്ങിന്റെ ആക്രമണത്തിലെ മുന്നേറ്റക്കാരന്‍ കിലിയന്‍ എംബാപെ ക്ലബ്ബ് വിടുന്നു. ഈ സീസണോടെ പി.എസ്.ജിയുമായുള്ള കരാര്‍ അവസാനിപ്പിക്കുന്ന താരം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിലേക്കാണ് ചേക്കേറാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

എംബാപെ റയലുമായി ധാരണയിലെത്തിയെന്ന് വിവിധ ഫ്രഞ്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പി.എസ്.ജിയില്‍ കളിക്കുമ്പോള്‍ താരത്തിന് ലഭിക്കുന്നതിന്റെ ഇരട്ടി തുകയാണ് സ്പാനിഷ് ക്ലബ്ബ് എംബാപെയ്ക്ക് നല്‍കാനൊരുങ്ങുന്നത്. പ്രതിവര്‍ഷം 50 ദശലക്ഷം ഡോളര്‍ (416 കോടി രൂപ) ആണ് റയല്‍ മാഡ്രിന്റെ ഓഫര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Mbappe hints leaving PSG when season ends, explains Neymar debacle | Daily  Sabah

കരാര്‍ നീട്ടാന്‍ എംബാപെയുമായി പി.എസ്.ജി നിരവധി തവണ ചര്‍ച്ചകള്‍ നടത്തിയെങ്കിലും കരാര്‍ പുതുക്കാന്‍ താരം വിസമ്മതിക്കുകയായിരുന്നു.

ജനുവരി ട്രാന്‍സ്ഫര്‍ കാലയളവില്‍ താന്‍ ഫ്രഞ്ച് ക്ലബ്ബ് വിടുന്നില്ലെന്ന് എംബാപെ വ്യക്തമാക്കിയിരുന്നു.

ഫ്രഞ്ച് ക്ലബ്ബായ എ.എസ് മൊണാക്കോയിലൂടെ പ്രൊഫഷണല്‍ രംഗത്ത് അരങ്ങേറിയ എംബാപെ 2017-ലാണ് പി.എസ്.ജിയിലെത്തുന്നത്്. വായ്പാടിസ്ഥാനത്തില്‍ ടീമിലെത്തിയ താരത്തെ പിന്നീട് 180 ദശലക്ഷം ഡോളര്‍ നല്‍കി പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു.

Kylian Mbappe: 12 fun facts about France's football star

2018-19 മുതല്‍ തുടര്‍ച്ചയായ മൂന്നു സീസണില്‍ ലീഗ് ടോപ് സ്‌കോററായ എംബാപെ റയലിന്റെ കണ്ണിലെ ‘നോട്ടപ്പുള്ളി’യാകുകയായിരുന്നു. എംബാപെ കൂടി ടീമിലെത്തുന്നതോടെ ടീമിന്റെ മുന്നേറ്റ നിര കൂടുതല്‍ ഉണര്‍ന്നു കളിക്കുമെന്നാണ് ടീം മാനേജ്‌മെന്റ് കണക്കുകൂട്ടല്‍.

പി.എസ്.ജിക്കു വേണ്ടി 100 മത്സരങ്ങളില്‍ 88-ഗോളുകള്‍ അടിച്ചുകൂട്ടിയ എംബാപെ ഫ്രാന്‍സ് ദേശീയ ടീമിനു വേണ്ടിയും തിളങ്ങിയിരുന്നു. 53 മത്സരങ്ങളില്‍ 24-ഉം ഗോളുകളാണ് എംബാപെ ദേശീയ ടീമിന് വേണ്ടി അടിച്ചുകൂട്ടിയത്.

Content Highlight: Embape refuses to stay in PSG, Moving to Real Madrid Spanish League