മുഖ്യമന്ത്രിയാവാന്‍ തയാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് എ.കെ.ജി ഇ.എം.എസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി മകളുടെ വെളിപ്പെടുത്തല്‍
Kerala
മുഖ്യമന്ത്രിയാവാന്‍ തയാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് എ.കെ.ജി ഇ.എം.എസിനെ ഭീഷണിപ്പെടുത്തിയിരുന്നതായി മകളുടെ വെളിപ്പെടുത്തല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 1st January 2018, 7:35 pm

കാസര്‍കോട്: ഇ.എം.എസ് മുഖ്യമന്ത്രിയാവാന്‍ തയാറായില്ലെങ്കില്‍ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്ന് എ.കെ.ജി ഭീഷണിപ്പെടുത്തിയതായി ഇ.എം.എസിന്റെ മകള്‍ രാധ. ഇ.എം.എസ് രണ്ടാമതും മുഖ്യമന്ത്രിയായത് എ.കെ.ജിയുടെ ഭീഷണിയെത്തുടര്‍ന്നാണെന്നും രാധ വനിതാ സാഹിതിയുടെ പാഠശാല ഉദ്ഘാടന വേദിയില്‍ പറഞ്ഞു.

ഇ.എം.എസ് രണ്ടാമതും മുഖ്യമന്ത്രിയാവുന്നതിനെ അമ്മ ആര്യാ അന്തര്‍ജനം എതിര്‍ത്തിരുന്നെന്നും അപ്പോഴാണ് എ.കെ.ജി ഭീഷണിയുമായി രംഗത്തെത്തിയതെന്നുമാണ് രാധ വനിതാ സാഹിതി വേദിയില്‍ പറഞ്ഞത്. “അച്ഛന്‍ മുഖ്യമന്ത്രിപദത്തില്‍ എത്തുന്നതില്‍ ആയിരുന്നില്ല അമ്മയുടെ എതിര്‍പ്പ്. ക്ലിഫ് ഹൗസിലെ ജീവിതം ഓര്‍ത്തായിരുന്നു അമ്മ എതിര്‍പ്പു പ്രകടിപ്പിച്ചത്. എതിര്‍പ്പു ശക്തമായതോടെ എ.കെ.ജി ഇടപെട്ടു. അദ്ദേഹം വീട്ടില്‍ വന്നു സംസാരിച്ചു. മുഖ്യമന്ത്രിയാവാന്‍ തയാറായില്ലെങ്കില്‍ ഇഎംഎസിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുമെന്നു പറഞ്ഞു. അതോടെയാണ് അമ്മ അയഞ്ഞത്.” രാധ പറഞ്ഞു.

ക്ലിഫ് ഹൗസിനു പകരം സ്വന്തം വീട്ടില്‍ താമസിക്കാം എന്ന ഉപാധിയോടെ ആയിരുന്നു അമ്മയുടെ സമ്മതമെന്നും രാധ പറഞ്ഞു. പാര്‍ട്ടി അംഗമല്ലാതിരുന്നിട്ടും അമ്മയുടെ മൃതദേഹം എ.കെ.ജി സെന്ററില്‍ പൊതു ദര്‍ശനത്തിനു വെച്ചത് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്തുടര്‍ന്നു ജീവിച്ചത് കൊണ്ടാണെന്നും പിണറായി വിജയനായിരുന്നു അന്നു അതിനു അനുമതി നല്‍കിയതെന്നും രാധ പറഞ്ഞു.

“അമ്മ പാര്‍ട്ടി അംഗമല്ലായിരുന്നു. എന്നാല്‍ കമ്യൂണിസ്റ്റ് ആയിരുന്നു. അച്ഛനൊപ്പം അദ്ദേഹത്തിന്റെ ജീവിത രീതികളും ആശയങ്ങളും പിന്തുടര്‍ന്നാണ് അമ്മ ജീവിച്ചത്. അതുകൊണ്ടാണ് അമ്മയുടെ മൃതദേഹം കീഴ്വഴക്കങ്ങള്‍ നോക്കാതെ തന്നെ എ.കെ.ജി സെന്ററില്‍ പൊതു ദര്‍ശനത്തിനു വച്ചത്. പിണറായി വിജയനാണ് അതിന് അനുമതി നല്‍കിയത്.” അവര്‍ പറയുന്നു.

അച്ഛന്റെ മരണ ശേഷം, എന്തു സഹായമാണ് ചെയ്തുതരേണ്ടത് എന്ന ചോദ്യവുമായി കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍ വീട്ടില്‍ വന്നിരുന്നു. എല്ലാം എ.കെ.ജി സെന്ററില്‍നിന്നു ചെയ്യുന്നുണ്ട് എന്നായിരുന്നു അമ്മയുടെ മറുപടി. അമ്മയുടെ ലളിത ജീവിതം അച്ഛനെയും മക്കളായ തങ്ങളെയും സഹായിച്ചിട്ടുണ്ടെന്നും ഇ.എം രാധ പറഞ്ഞു.