തമിഴകത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനും മലയാളിയുമായ ഗൗതം മേനോനെതിരെ കേസ്. ഗൗതം മേനോന്റെ വിണ്ണൈതാണ്ടി വരുവായ എന്ന സിനിമയുടെ നിര്‍മാതാക്കളായ എല്‍റെഡ് കുമാര്‍, ആര്‍. ജയരാമന്‍ എന്നിവരാണ് ഗൗതമിനെതിരെ കേസുമായി എത്തിയിരിക്കുന്നത്.[]
ഗൗതം മേനോനും നിര്‍മാതാവായ പി. മദനനുമെതിരെയാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. 2008 ല്‍ ഇരുവരും തങ്ങള്‍ക്കൊപ്പം ചേര്‍ന്ന് സിനിമയെടുക്കുമെന്ന് കാരാര്‍ നല്‍കിയിരുന്നെങ്കിലും കാരാര്‍ ലംഘിച്ചു എന്നാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്.
എ.ആര്‍ റഹ്മാന്റെ സംഗീത സംവിധാനത്തില്‍ ചിലമ്പരശനെ നായകനാക്കി സിനിമയെടുക്കാമെന്നായിരുന്നു കാരാര്‍. പിന്നീട് തമിഴില്‍ വിണ്ണൈതാണ്ടി വരുവായ എന്ന സിനിമയെടുത്തപ്പോള്‍ തെലുങ്കില്‍ അല്ലു അര്‍ജുനെ നായകനാക്കി സിനിമയെടുക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ കരാര്‍ പ്രകാരം സിനിമയെടുത്തില്ലെന്നും കേസില്‍ പറയുന്നു.
ഗൗതം മേനോനും മദനനുമായി നല്ല ബന്ധമാണ് ഉള്ളതെന്നും എന്നാല്‍ കച്ചവടമായതിനാല്‍ സൗഹൃദത്തിന് പ്രധാന്യം നല്‍കാനാവില്ലെന്നും കുമാര്‍ പറഞ്ഞു.
4.25 കോടി രൂപയാണ് സിനിമയ്ക്കായി നിര്‍മാതാക്കള്‍ സംവിധായകനും മദനനും നല്‍കിയത്. എന്നാല്‍ ഇപ്പോള്‍ ഗൗതം മേനോന്‍ പറയുന്നത് അദ്ദേഹം സൂര്യയുമായി ചേര്‍ന്ന് സിനിമയെടുക്കുന്നു എന്നാണ്.
സൂര്യയുമായുള്ള സിനിമയ്ക്ക് മുമ്പ് പണം തിരച്ചുനല്‍കാനോ അല്ലെങ്കില്‍ കരാര്‍ പ്രകാരമുള്ള ചിത്രം എടുക്കാനോ ഗൗതമിനോട് ആവശ്യപ്പെട്ടിരുന്നെന്നും കുമാര്‍ പറയുന്നു.
അതേസമയം, കേസിനെ കുറിച്ച് ഗൗതം ഇതുവരെ യാതൊരു അഭിപ്രായവും പറഞ്ഞിട്ടില്ല.