| Tuesday, 20th February 2018, 12:09 am

ഈലോണ്‍ മസ്‌കയുടെ ടെസ്‌ല സ്‌പോര്‍ട്‌സ് കാര്‍ ഭൂമിയില്‍ പതിച്ചേക്കാം; എപ്പോഴാണ് പതിക്കുകയെന്നും പ്രവചിച്ച് ശാസ്ത്രജ്ഞര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടൊറന്റോ: കഴിഞ്ഞ ആഴ്ച ബഹിരാകാശത്തേക്ക് സ്‌പോര്‍ട്‌സ് കാര്‍ അയച്ച് വാര്‍ത്തകളില്‍ ഇടം പിടിച്ച ആ “കിറുക്കനെ” ആരും മറന്നിട്ടുണ്ടാകില്ല. സ്‌പേസ് എക്‌സ് എന്ന സ്വകാര്യ ബഹിരാകാശ ഏജന്‍സിയുടേയും ടെസ്‌ല കാര്‍ കമ്പനിയുടേയും ഉടമയായ ഈലോണ്‍ മസ്‌കയാണ് സ്‌പോര്‍ട്‌സ് കാറിനെ ബഹിരാകാശത്തേക്ക് അയച്ചത്.

ഇപ്പോഴിതാ ടെസ്‌ല റോഡ്‌സ്റ്റര്‍ എന്ന കാറിന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. കാര്‍ ഭൂമിയിലേക്കോ ശുക്രനിലേക്കോ പതിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. പേടിക്കേണ്ട, അടുത്ത 10 ലക്ഷം വര്‍ഷത്തിനിടെയാണ് ഇത് സംഭവിക്കാന്‍ സാധ്യതയുള്ളത്.

ഓര്‍ബിറ്റല്‍ ഡൈനാമിക്‌സ് വിദഗ്ധരായ ഹാനോ റെയിന്‍, ഡാനിയേല്‍ ടമായോ. ഡേവിഡ് വി എന്നിവര്‍ ഉള്‍പ്പെട്ട ശാസ്ത്രസംഘത്തിന്റേതാണ് ഈ നിഗമനം. കാര്‍ ശുക്രനില്‍ പതിക്കാനുള്ള സാധ്യത 2.5 ശതമാനവും ഭൂമിയില്‍ പതിക്കാനുള്ള സാധ്യത ആറു ശതമാനവുമാണെന്ന് ഇവര്‍ പറയുന്നു.

കൂടാതെ ഇവയില്‍ ഏതു ഗ്രഹത്തിനെ ലക്ഷ്യമാക്കിയാണ് കാര്‍ പോകുന്നതെങ്കിലും ഗ്രഹോപരിതലത്തില്‍ എത്തുന്നതിനു മുന്‍പ് അത് കത്തിപ്പോകാനും സാധ്യതയുണ്ട്. റോയല്‍ അസ്‌ട്രോണമിക് സൊസൈറ്റിയുടെ പ്രതിമാസ നോട്ടീസില്‍ ഉള്‍പ്പെടുത്തുന്നതിന് മുന്നേ പ്രീ പ്രിന്റ് സൈറ്റ് ആയ arXiv ലാണ് ഇവരുടെ നിഗമനം പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്.

ടെസ്ല റോഡ്‌സ്റ്റര്‍ ഇലക്ട്രിക് കാറാണ്. ലോകത്തെ ഏറ്റവും ശക്തിയുള്ള റോക്കറ്റായ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റാണ് ടെസ്‌ല റോഡ്‌സ്റ്ററിനേയും കൊണ്ട് ബഹിരാകശത്തേക്ക് കുതിച്ചത്.

63,500 കിലോഗ്രാം ചരക്ക് ഭൂമിക്ക് പുറത്തെത്തിക്കാനുള്ള ശേഷി ഫാല്‍ക്കണ്‍ ഹെവിയ്ക്കുണ്ട്. 2500 ടണ്‍ ഊര്‍ജമാണ് വിക്ഷേപണത്തിനായി കത്തിയമര്‍ന്നത്.

പരീക്ഷണം വിജയിക്കുകയാണെങ്കില്‍ ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വലിയ സാധ്യതകള്‍ തുറന്നിടുമെന്ന് മാസ്‌ക് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. റോക്കറ്റ് വിക്ഷേപണം വിജയിച്ചതിനു പിന്നാലെ എലന്‍ മാസ്‌കിനെ അഭിനന്ദിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. നാസയുടെ പങ്കാളിയായ സ്പേസ് എക്സിന്റെ നേട്ടം അതുല്യമാണെന്നാണ് ട്രംപ് പ്രതികരിച്ചത്.

സ്പേസ് എക്സിന്റെ അടുത്ത പദ്ധതി നാസയുമായി ചേര്‍ന്നാണ്. ഈ വര്‍ഷം തന്നെ പദ്ധതി നടപ്പിലാക്കുമെന്ന് സ്പേസ് എക്സ് അറിയിച്ചിട്ടുണ്ട്.

വിക്ഷേപണത്തിന്റെ വീഡിയോ കാണാം:

We use cookies to give you the best possible experience. Learn more