ഗസയില്‍ സ്റ്റാര്‍ലിങ്ക് ഇന്റെര്‍നെറ്റ് സംവിധാനം ഒരുക്കും ; ഇലോണ്‍ മസ്‌ക്
വാഷിങ്ടണ്‍: ഇസ്രഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തില്‍ ഗസയിലെ ആശയവിനിമയം പൂര്‍ണമായും നിലച്ച സാഹചര്യത്തില്‍ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സംവിധാനം ഗസയിലെ ചാരിറ്റി സംഘടനകള്‍ക്ക് ഒരുക്കുമെന്ന് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്.
‘ഗസയിലെ അന്താരാഷ്ട്ര ചാരിറ്റി സംഘടനകള്‍ക്കായുള്ള കണക്ടിവിറ്റിക്ക് സ്റ്റാര്‍ ലിങ്ക് പിന്തുണയ്ക്കും,’ യു.എസ് പ്രതിനിധി അലക്‌സാണ്ടറിയ ഒകാസിയോ കോര്‍ട്ടേഴ്‌സിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് എക്‌സ് അക്കൗണ്ടിലൂടെ മസ്‌ക് തന്റെ പ്രസ്താവന അറിയിച്ചത്.
വെള്ളിയാഴ്ച രാത്രി ഇസ്രഈല്‍ സൈന്യം ബോംബാക്രമണം ശക്തമാക്കിയതിനെതുടര്‍ന്നാണ് ഗസയിലെ ഇന്റര്‍നെറ്റ് സംവിധാനം പൂര്‍ണമായും തകര്‍ന്നത്. ഇസ്രഈലിന്റെ ക്രൂരനടപടിക്ക് പിന്നാലെ സ്റ്റാര്‍ലിങ്ക് സംവിധാനം ഗസയില്‍ ഒരുക്കണമെന്ന് സാമൂഹികമാധ്യമങ്ങളിലുടനീളം മസ്‌കിന് അഭ്യര്‍ത്ഥന ലഭിച്ചിരുന്നു.
അതേസമയം പശ്ചാത്തല സൗകര്യങ്ങളുടെ അഭാവം കാരണം സ്റ്റാര്‍ ലിങ്കിന്റെ സേവനം ഗസയില്‍ ഫലപ്രദമായി ലഭിക്കുമോ എന്ന ആശങ്കയുണ്ട്.
സ്റ്റാര്‍ ലിങ്ക് സംവിധാനവുമായി ആശയവിനിമയം നടത്താന്‍ ഗസയില്‍ നിന്നുള്ള ഒരു ടെര്‍മിനലും ശ്രമിച്ചില്ലെന്ന് മസ്‌ക്ക് തന്റെ എക്സ് പോസ്റ്റിലൂടെ പറഞ്ഞിട്ടുണ്ട്. റഷ്യന്‍ ആക്രമണത്തെത്തുടര്‍ന്ന യുക്രെയിനില്‍ സ്റ്റാര്‍ ലിങ്ക് സേവനം മസ്‌ക് നല്‍കിയിരുന്നു.
ഉപഗ്രഹഫോണും ഇന്റര്‍നാഷണല്‍ സിംകാര്‍ഡുകളും ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ ഗസയിലെ ജനങ്ങള്‍ ശ്രമിക്കുന്നുണ്ട്. ഇസ്രഈലിന്റെ ക്രൂരത പുറംലോകത്ത് എത്തിക്കാന്‍ തീവ്രപരിശ്രമത്തിലാണ് ഇവര്‍. ഉപഗ്രഹഇന്റര്‍നെറ്റും ഇതിനായി ഉപയോഗിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
നിലവില്‍ ഗസയില്‍ 7326 പേര്‍ കൊല്ലപ്പെട്ടതായി ഫലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 3038 കുട്ടികളും ഉള്‍പ്പെടുന്നുണ്ട്.
Content Highlight: Elon Musk will allow starlink internet facilities in Gaza