| Sunday, 25th August 2024, 5:53 pm

ടെലഗ്രാം മേധാവി പവേല്‍ ദുരോവിനെ വെറുതെ വിടണം: ഇലോണ്‍ മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പാരിസിലെ വിമാനത്താവളത്തില്‍ അറസ്റ്റിലായ ടെലഗ്രാം മേധാവി പവേല്‍ ദുരോവിനെ വെറുതെ വിടണമെന്ന ആവശ്യവുമായി യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. പവേല്‍ ദുരോവ് അമേരിക്കന്‍ ജേര്‍ണലിസ്റ്റ് ടക്കര്‍ കാള്‍സണുമായി നടത്തിയ അഭിമുഖത്തിന്റെ വീഡിയോക്കൊപ്പം ഫ്രീപവേല്‍ എന്ന ഹാഷ്ടാഗ് പങ്ക് വെച്ചാണ് മസ്‌ക് ദുരോവിന്റെ മോചനത്തിനായി ആവശ്യപ്പെട്ടത്.

വീഡിയോയില്‍, ഓണ്‍ലൈനിലെ അഭിപ്രായ സ്വാതന്ത്രത്തെക്കുറിച്ചും ഇലോണ്‍ മസ്‌ക് ട്വിറ്റര്‍(എക്‌സ്) ഏറ്റെടുത്തതിലുള്ള സന്തോഷവും പവേല്‍ പങ്ക് വെക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ 2030 ആകുമ്പോഴേക്കും യൂറോപ്പില്‍ ഒരു മീമിന് ലൈക്ക് ചെയ്താല്‍ പോലും നിങ്ങള്‍ വധിക്കപ്പെട്ടേക്കാം എന്ന സന്ദേശവും മസ്‌ക് എക്‌സില്‍ പങ്ക് വെച്ചിട്ടുണ്ട്.

ടെലഗ്രാം സ്ഥാപകനും സി.ഇ.ഒയുമായ പവേല്‍ ദുരോവ് അസര്‍ബൈജാനിലെ ബാക്കുവില്‍ നിന്ന് പാരിസിലെ വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അറസ്റ്റിലാവുന്നത്. ടെലഗ്രാം വഴി നടക്കുന്ന ക്രിമിനല്‍ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ദുരോവ് പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് അറസ്റ്റ്.

ഫ്രാന്‍സില്‍ നിലവില്‍ അന്വേഷണം നടക്കുന്ന കേസില്‍ ഞായറാഴ്ച ദുരോവ് കോടതിയില്‍ ഹാജരാകാനിരിക്കെയാണ് അറസ്റ്റ്.

മയക്കുമരുന്ന് കടത്ത്, തട്ടിപ്പ്, സൈബര്‍ ബുള്ളിയിങ്, സംഘടിത കുറ്റകൃത്യങ്ങള്‍, തീവ്രവാദം പ്രോത്സാഹിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഫ്രാന്‍സിലെ കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്ന ഏജന്‍സിയായ ഒ.എഫ്.എം.ഐ.എന്‍ ആണ് ദുരോവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

എന്നാല്‍ അറസ്റ്റ് സംബന്ധിച്ച വിഷയത്തില്‍ ടെലഗ്രാം ഇതുവരെ ഔദ്യോഗിക സ്ഥീരീകരണം നടത്തിയിട്ടില്ല. 2013 ലാണ് റഷ്യന്‍ പൗരനായ പവേല്‍ മെസേഞ്ചിംങ് ആപ്പായ ടെലഗ്രാം സ്ഥാപിക്കുന്നത്. എന്നാല്‍ 2014 ല്‍ പവേലിന്റെ ഉടമസ്ഥയിലുണ്ടായിരുന്ന വി.കെ എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റ് നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് റഷ്യയുടെ ആരോപണത്തെ തുടര്‍ന്ന് അദ്ദേഹം രാജ്യം വിടുകയായിരുന്നു.

നിലവില്‍ ദുബായ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ടെലഗ്രാമിന് ലോകത്താകമാനം 900 മില്യണ്‍ സജീവ ഉപയോക്താക്കളുണ്ട്. 39 വയസ്സുകാരനായ പവേലിന് 15.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ടെന്നാണ് ഫോബ്‌സിന്റെ കണക്ക്.

Content Highlight:  Elon Musk wants to release Telegram CEO Pavel Durov

We use cookies to give you the best possible experience. Learn more