ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം; കരാര്‍ 4400 കോടി ഡോളറിന്
World News
ട്വിറ്റര്‍ ഇനി മസ്‌കിന് സ്വന്തം; കരാര്‍ 4400 കോടി ഡോളറിന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th April 2022, 8:00 am

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ സ്വന്തമാക്കി ശതകോടീശ്വരനായ വ്യവസായി ഇലോണ്‍ മസ്‌ക്. 4400 കോടി ഡോളറിനാണ് ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ട്വിറ്ററുമായി മസ്‌ക് കരാറില്‍ ഒപ്പിട്ടത്.

എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം നല്‍കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തു. ‘ജനാധിപത്യത്തിന്റെ ജീവനുള്ള അടിത്തറയാണ് അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യരാശിയുടെ ഭാവിയില്‍ സുപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയറാണ് ട്വിറ്റര്‍.

പുതിയ ഫീച്ചറുകള്‍ ഉപയോഗിച്ച് ട്വിറ്ററിനെ മെച്ചപ്പെടുത്തി, അല്‍ഗോരിതങ്ങള്‍ ഓപ്പണ്‍ സോഴ്സ് ആക്കി വിശ്വാസം വര്‍ധിപ്പിക്കുക, സ്പാം ബോട്ടുകളെ പരാജയപ്പെടുത്തുക, എല്ലാവര്‍ക്കും ആധികാരികത നല്‍കുക തുടങ്ങിയവയിലൂടെ ട്വിറ്ററിനെ എക്കാലത്തേയും മികച്ചതാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

ട്വിറ്ററിന് അനന്തമായ സാധ്യതകളുണ്ട്. അത് അണ്‍ലോക്ക് ചെയ്യുന്നതിന് കമ്പനിയുമായും ഉപയോക്താക്കളുടെ കമ്മ്യൂണിറ്റിയുമായും ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ മസ്‌ക് ട്വീറ്റ് ചെയ്തു.

ട്വിറ്റര്‍ മസ്‌കിന്റെ ഉടമസ്ഥതയിലാകുന്നതോടെ പൊതു സംരംഭം എന്ന നിലയില്‍ നിന്ന് സ്വകാര്യ കമ്പനിയായി മാറും. കമ്പനിയില്‍ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു ട്വിറ്റര്‍ വാങ്ങിക്കാനുള്ള മസ്‌കിന്റെ നീക്കം. 41 ബില്യന്‍ ഡോളറാണ് (ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) കമ്പനിക്ക് വിലയിട്ടിരുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍ (ഏകദേശം 4,125 രൂപ) മസ്‌ക് വാഗ്ദാനം ചെയ്തിരുന്നു.

കമ്പനി വാങ്ങാനുള്ള താല്‍പര്യം അറിയിച്ച് മസ്‌ക് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടൈലര്‍ക്ക് കത്തെഴുതുകയായിരുന്നു. ‘നിലവിലെ സ്ഥിതിയില്‍ സാമൂഹികമായ അനിവാര്യത നിര്‍വഹിക്കാനോ അഭിവൃദ്ധിപ്പെടാനോ കമ്പനിക്കാകില്ലെന്ന് ട്വിറ്ററില്‍ നിക്ഷേപം നടത്തിയതു മുതല്‍ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കമ്പനിയെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്,’ കത്തില്‍ മസ്‌ക് പറഞ്ഞിരുന്നു.

‘ട്വിറ്ററിന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ഒരു ലക്ഷ്യവും പ്രസക്തിയും ഉണ്ട്. ഞങ്ങളുടെ ടീമിനെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനം തോന്നുന്നു. ഇതുവരെയുണ്ടായ പ്രധാന്യമായ കാര്യങ്ങളെക്കാള്‍ ഇപ്പോഴുണ്ടായത് ഞങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നുണ്ട്,’ ട്വിറ്ററിന്റെ സി.ഇ.ഒ പരാഗ് അഗര്‍വാള്‍ ട്വീറ്റ് ചെയ്തു.

ട്വിറ്റര്‍ വാങ്ങുന്നതിനായി മസ്‌ക് കഴിഞ്ഞ ആഴ്ച ഏകദേശം 46.5 ബില്യണ്‍ ഡോളര്‍ നല്‍കിയിരുന്നു. ബോര്‍ഡിന് മറ്റൊരാളെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ മസ്‌കിന്റെ ഓഫര്‍ സ്വീകരിക്കുമെന്ന് വെഡ്ബുഷ് സെക്യൂരിറ്റീസിലെ അനലിസ്റ്റായ ഡാന്‍ ഐവ്‌സ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Content Highlights: Elon Musk To Buy Twitter For $44 Billion