ന്യൂദൽഹി: ഇന്ത്യയിൽ ബാറ്ററി സ്റ്റോറേജ് സിസ്റ്റം നിർമിക്കാനും വില്പന നടത്താനും ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ടെസ്‌ല പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ. ഫാക്ടറി നിർമിക്കുന്നതിനായി ടെസ്‌ല ഇൻസെന്റീവുകൾ തേടി പ്രൊപോസൽ സമർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്.
രാത്രികളിലും പവർ ക്ഷാമം ഉണ്ടാകുമ്പോഴും ഉപയോഗിക്കാൻ സോളാർ പാനലുകളിൽ നിന്ന് പവർ സ്റ്റോർ ചെയ്യുന്ന പവർവോൾ സംവിധാനം ഉപയോഗിച്ച് ഇന്ത്യയുടെ ബാറ്ററി സ്റ്റോറേജ് സംവിധാനത്തെ പിന്തുണക്കണക്കുമെന്നാണ് ടെസ്‌ല പ്രൊപോസലിൽ പറയുന്നതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ടെസ്‌ലക്ക് ഇൻസെന്റീവുകൾ ലഭ്യമാകില്ലെന്നും എന്നാൽ അത്തരം ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് സബ്‌സിഡികൾ അനുവദിക്കുന്ന ബിസിനസ് മാതൃക തയ്യാറാക്കാൻ സഹായിക്കാമെന്ന് ഇന്ത്യൻ സർക്കാർ പറഞ്ഞതായും സൂചനയുണ്ട്. സർക്കാർ ടെസ്‌ലയുടെ പ്രൊപോസൽ പരിശോധിച്ചുവരികയാണ്.
24,000 ഡോളർ വരുന്ന കാർ നിർമിക്കുന്ന ഇലക്ട്രിക് വാഹന ഫാക്ടറി ഇന്ത്യയിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യൻ സർക്കാരുമായി ടെസ്‌ല ചർച്ചകൾ നടത്തിവരികയാണ്. എന്നാൽ ഇലക്ട്രിക് വാഹനങ്ങളെക്കാൾ വലിയ പദ്ധതിയായ പവർവോളിലൂടെ ഇന്ത്യയിലെ വമ്പൻ സാന്നിധ്യമാകാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ വൈദ്യുതി വിതരണം പ്രധാനമായും കൽക്കരി അടിസ്ഥാനമാക്കിയുള്ള ഉത്പാദനമാണ്. എന്നാൽ ഫോസിൽ ഇതര ഇന്ധനങ്ങളിലേക്ക് മാറാനും 2030ഓടെ പവർ കപ്പാസിറ്റി 500 ജിഗാവാട്ട് ആയി ഉയർത്താനും ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്.
ഗാർഹിക ആവശ്യങ്ങൾക്കും ചെറിയ തോതിലുള്ള വാണിജ്യ ഉപയോഗത്തിനുമാണ് വീടുകളുടെ പുറത്ത് തൂക്കിയിടാവുന്ന മീറ്റർ-ഹൈ യൂണിറ്റായ പവർവോൾ ലക്ഷ്യമിടുന്നത്. ഇന്ത്യയിൽ ഭാവിയുണ്ടെന്ന് കണ്ടാൽ വ്യവസായങ്ങൾക്ക് ആവശ്യമായ വലിയ സംവിധാനങ്ങൾ ടെസ്‌ല വികസിപ്പിക്കും.
സോളാർ പാനലുകൾക്ക് പുറമേ കാലിഫോർണിയയിൽ പവർവോളുകൾ സ്ഥാപിക്കാൻ 45,000 രൂപക്ക് മുകളിൽ വില വരും. ബാറ്ററി സ്റ്റോറേജ് ഉത്പന്നങ്ങളുടെ വില ടെസ്‌ല കുറക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Content Highlight: Elon Musk’s Tesla proposes setting up battery storage factory in India: Report