ന്യൂയോര്‍ക്ക്: സ്പേസ് എക്സ് സഹസ്ഥാപകനും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌കിന് പണി കൊടുത്ത് സ്വന്തം എ.ഐ ചാറ്റ്ബോട്ടായ ഗ്രോക്ക്. ഇലോണ്‍ മസ്‌ക് വ്യാജവിവരങ്ങള്‍ പ്രചരിപ്പിക്കാറുണ്ടോ എന്ന ഒരു ഉപയോക്താവിന്റെ ചോദ്യത്തിന് അതെ എന്നാണ് ഗ്രോക്ക് മറുപടി നല്‍കിയിരിക്കുന്നത്.
മസ്‌ക് യു.എസ് തെരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് ഗ്രോക്കിന്റെ മറുപടിയില്‍ പറയുന്നത്. മസ്‌ക് തന്റെ ഉടമസ്ഥതയിലുള്ള എക്‌സ് ഉപയോഗിച്ച് പ്രസിഡന്‍ഷ്യല്‍ ഇലക്ഷനുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നെന്ന് ഗ്രോക് സമ്മതിച്ചു.
എക്സ് ഉപയോക്താവായ ഗാരി കോപ്നിക്ക് ഗ്രോകിനോട്, മസ്‌ക് കോടിക്കണക്കിന് ആളുകളിലേക്ക് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചോ? എന്ന് ചോദിക്കുകയായിരുന്നു. തുടര്‍ന്ന് ചാറ്റ്‌ബോട്ട് നല്‍കിയ മറുപടിയിലാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മസ്‌കിന്റെ പങ്ക് ഗ്രോക്ക് എടുത്തുപറഞ്ഞത്.
തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സ് ഉപയോഗിച്ച് കോടിക്കണക്കിന് പ്രേക്ഷകരിലേക്ക് തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് കാര്യമായ തെളിവുകളും വിശകലനങ്ങളും ഉണ്ടെന്നും ഗ്രോക്ക് ഉപഭോക്താവിന് മറുപടി നല്‍കി.
‘എക്സിന്റെ ഉടമ എന്ന നിലയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ എക്‌സില്‍ പിന്തുടരുന്ന വ്യക്തി എന്ന നിലയിലും മസ്‌കിന്റെ പോസ്റ്റുകള്‍ക്ക് കാര്യമായ സ്വീകാര്യത ലഭിക്കുന്നുണ്ട്. പല പോസ്റ്റുകളും ബില്യണ്‍ കണക്കിന് ഉപയോക്താക്കളാണ് കാണുന്നത്. ഇതിലൂടെ മസ്‌കിന്റെ വ്യാജമായ വാര്‍ത്തകളും വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു,’ ഗ്രോക്ക് വിശദീകരിച്ചു.
ഇത്തരത്തില്‍ വ്യാപകമായി തെറ്റായ വിവരങ്ങള്‍ പ്രചരിച്ചു എന്നതിന്റെ ഉദാഹരണമാണ് സെന്റര്‍ ഫോര്‍ കൗണ്ടറിങ് ഡിജിറ്റല്‍ ഹേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടില്‍ 2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി മസ്‌ക് കൊടുത്ത തെറ്റായ വിവരങ്ങള്‍ 2 ബില്യണിലധികം തവണ ആളുകള്‍ കണ്ടതായി കണ്ടെത്തിയിരുന്നു, ഗ്രോക്ക് പറയുന്നു.
Content Highlight: Elon Musk spreading misinformation online; his AI chatbot Grok says yes