ന്യൂയോര്‍ക്ക്: ഇ.വി.എമ്മിനെതിരെ വീണ്ടും വിമര്‍ശനമുയര്‍ത്തി സ്പേസ് എക്സ്, ടെസ്‌ല സി.ഇ.ഒ എലോണ്‍ മസ്‌ക്. വോട്ടിങ് മെഷിനുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് എലോണ്‍ മസ്‌ക് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് മസ്‌കിന്റെ പ്രതികരണം.
അര്‍ജന്റീനയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിലെ ഒരു പോസ്റ്റിനുള്ള മറുപടിയായാണ് മസ്‌ക് പ്രതികരിച്ചത്.
‘അര്‍ജന്റീന അവരുടെ 27 മില്യണോളം വരുന്ന പേപ്പര്‍ ബാലറ്റുകളുടെ 99.9 ശതമാനവും കൈകൊണ്ട് എണ്ണിത്തീര്‍ത്തത് ആറ് മണിക്കൂറിനുള്ളില്‍. ഇത് ഇവിടെ നടപ്പാക്കാതിരിക്കാന്‍ പ്രത്യേകിച്ച് തടസങ്ങളൊന്നുമില്ല,’ എന്നാണ് പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത്.
ഇതിന് മറുപടിയായി, അര്‍ജന്റീനയ്ക്ക് ഇത് നടപ്പിലാക്കാന്‍ കഴിയുമെങ്കില്‍ അമേരിക്കയ്ക്കും കഴിയണമെന്ന് മസ്‌ക് പറഞ്ഞു.
This should be a requirement. If Argentina can do it, so can America! https://t.co/z1hPnFyxgt
എം.3 ഇ.വി.എമ്മുകള്‍ എന്നറിയപ്പെടുന്ന മൂന്നാം തലമുറ ഇ.വി.എമ്മുകള്‍ ഇന്ത്യ ഉപയോഗിക്കുമ്പോഴാണ്, അമേരിക്കയില്‍ ഇ.വി.എമ്മുകളെ കുറിച്ചുള്ള ആശങ്കകള്‍ സജീവമാകുന്നത്. എന്നാല്‍ മസ്‌കിന്റെ മുന്നറിയിപ്പിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ബ്ലാക്ക് ബോക്‌സണെന്നും ഇതിനെ സംബന്ധിച്ച് ആര്‍ക്കും വിശകലനങ്ങള്‍ നടത്താന്‍ സാധിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ പ്രതികരണം. ഇ.വി.എമ്മുകള്‍ക്ക് പകരം പേപ്പര്‍ ബാലറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന് അഖിലേഷ് യാദവും പറഞ്ഞു.