'ഇതാ തിരിച്ചുവരുന്നു'; വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ പുറത്താക്കിയ ട്രംപിനെ തിരിച്ചെടുത്ത് മസ്‌ക്
World News
'ഇതാ തിരിച്ചുവരുന്നു'; വിദ്വേഷ പ്രചരണത്തിന്റെ പേരില്‍ പുറത്താക്കിയ ട്രംപിനെ തിരിച്ചെടുത്ത് മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th November 2022, 10:11 am

വാഷിങ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ (Donald Trump) ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കാനുള്ള നീക്കവുമായി ട്വിറ്ററിന്റെ പുതിയ മേധാവിയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക് (Elon Musk).

വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു  2021 ജനുവരി ആറിന് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തിരുന്നത്.

എന്നാല്‍ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പില്‍ ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കുന്നതിനെ അനുകൂലിച്ചുകൊണ്ട് ഭൂരിഭാഗം പേരും വോട്ട് ചെയ്തുവെന്നാണ് മസ്‌ക് അവകാശപ്പെടുന്നത്. മസ്‌കായിരുന്നു വോട്ടെടുപ്പ് നടത്തിയത്.

ഒന്നര കോടിയിലധികം (15 മില്യണ്‍) പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. ഇതില്‍ 51.8 ശതമാനം പേരും ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കണമെന്നാണ് അഭിപ്രായപ്പെട്ടതെന്നും മസ്‌ക് പറയുന്നു. വോട്ടെടുപ്പിന്റെ വിശദാംശങ്ങള്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ മസ്‌ക് തന്നെ പങ്കുവെച്ചിട്ടുമുണ്ട്.

”ആളുകള്‍ അവരുടെ മനസിലുള്ളത് തുറന്നുപറഞ്ഞു. ട്രപിനെ തിരിച്ചെടുക്കും,” മസ്‌ക് ട്വീറ്റ് ചെയ്തു.

അതേസമയം, ട്വിറ്ററിലേക്ക് തിരിച്ചുവരാന്‍ പ്രത്യേകിച്ച് താല്‍പര്യമൊന്നുമില്ലെന്നും തന്റെ പുതിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ (Truth Social) തന്നെ തുടരുമെന്നും ട്രംപ് റിപ്പബ്ലിക്കന്‍ ജൂത സഖ്യത്തിന്റെ വാര്‍ഷിക നേതൃയോഗത്തില്‍ പങ്കെടുക്കവെ പ്രതികരിച്ചതായാണ് റിപ്പോര്‍ട്ട്.

”അതിന് ഒരു കാരണവും ഞാന്‍ കാണുന്നില്ല,” ട്വിറ്ററിലേക്ക് തിരിച്ചുവരാനുള്ള പ്ലാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പ് (TMTG) സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത പ്ലാറ്റ്ഫോമാണ് ട്രൂത്ത് സോഷ്യല്‍. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ആപ്പ് ലോഞ്ച് ചെയ്തത്.

താന്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് മേലുള്ള നിരോധനം പിന്‍വലിക്കുമെന്നും അക്കൗണ്ട് പുനസ്ഥാപിക്കുമെന്നും മസ്‌ക് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി അധാര്‍മികവും മണ്ടത്തരവുമാണെന്നും ഇലോണ്‍ മസ്‌ക് പ്രതികരിച്ചിരുന്നു.

ട്വിറ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ താല്‍ക്കാലികമായി അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്യുകയേ ഉള്ളൂവെന്നും പെര്‍മനന്റ് ആയി നിരോധിക്കുന്നത് വളരെ വിരളമായ നടപടിയായിരിക്കുമെന്നുമായിരുന്നു മസ്‌ക് പറഞ്ഞത്.

തന്നെ ഒരു ഫ്രീ സ്പീച്ച് അബ്സൊല്യൂട്ടിസ്റ്റ് (free speech aboslutist) എന്നായിരുന്നു ഫിനാന്‍ഷ്യല്‍ ടൈംസിന്റെ കോണ്‍ഫറന്‍സില്‍ വെച്ച് മസ്‌ക് വിശേഷിപ്പിച്ചത്.

യു.എസ് ക്യാപിറ്റോളില്‍ 2021 ജനുവരിയില്‍ നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ സസ്പെന്‍ഡ് ചെയ്തത്.

ട്രംപിനെ ട്വിറ്ററില്‍ തിരിച്ചെത്തിക്കാനുള്ള മസ്‌കിന്റെ നീക്കത്തിനെതിരെ വലിയ രീതിയില്‍ പ്രതിഷേധവും ഉയരുന്നുണ്ട്.

അതിനിടെ വരാനിരിക്കുന്ന 2024 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നും ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്.

‘ചെലവുചുരുക്കല്‍’ നയത്തിന്റെ ഭാഗമായി Twitter Inc. എന്ന സോഷ്യല്‍ മീഡിയ കമ്പനിയിലെ പകുതിയിലധികം തൊഴിലാളികളെയും (3700ഓളം) ഒഴിവാക്കാനാണ് മസ്‌കിന്റെ തീരുമാനം. ഇതിനെതിരെ വ്യാപകമായി വിമര്‍ശനമുയരുന്നുണ്ട്.

നേരത്തെ ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിനെയും മസ്‌ക് പിരിച്ചുവിട്ടിരുന്നു.

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ വാങ്ങി, അതിന്റെ മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ സി.ഇ.ഒയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍, ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെയായിരുന്നു മസ്‌ക് സ്ഥാനത്ത് നിന്നും പുറത്താക്കിയത്.

നിലവില്‍ ട്വിറ്ററിന്റെ പൂര്‍ണനിയന്ത്രണം മസ്‌കിന്റെ കൈകളിലാണ്.

Content Highlight: Elon Musk says will reinstate Donald Trump’s Twitter account