| Friday, 22nd November 2024, 4:02 pm

ടൈം മാഗസിനിന്റെ ഫ്രണ്ട് പേജിലുള്ളത് തന്റെ ചെക്ക്‌ലിസ്റ്റല്ലെന്ന് ഇലോണ്‍ മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ടൈം മാഗസീനിന്റെ ഫ്രണ്ട് കവറില്‍ നല്‍കിയിരിക്കുന്നത് തന്റെ ചെക്ക് ലിസ്റ്റല്ലെന്ന് ഇലോണ്‍ മസ്‌ക്. താനിതുവരെ ഒരു മാധ്യമത്തിനും അഭിമുഖം നല്‍കിയിട്ടില്ലെന്നും ഇലോണ്‍ മസ്‌ക് എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

താന്‍ ചെയ്യാനുദ്ദേശിക്കുന്ന കാര്യങ്ങളല്ല ടൈം മാഗസീനിന്റെ ഫ്രണ്ട് കവറില്‍ നല്‍കിയിരിക്കുന്നതെന്നും താന്‍ അഭിമുഖങ്ങളൊന്നും ഇതുവരെ നല്‍കിയിട്ടില്ലെന്നുമാണ് ഇലോണ്‍ മസ്‌ക് പറഞ്ഞത്.

‘വ്യക്തമായി പറഞ്ഞാല്‍ ഞാന്‍ മാധ്യമങ്ങളുമായി അഭിമുഖം നടത്തിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ഇത് എന്റെ ചെക്ക് ലിസ്റ്റല്ല. ബോധപൂര്‍വമായ ആയുസിന് വേണ്ടി ജീവിതത്തെ ബഹുഗ്രഹത്വപരമാക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. അതിന് താഴെ കൊടുത്തിരിക്കുന്ന ചില കാര്യങ്ങള്‍ ആവശ്യമാണ്,’ ഇലോണ്‍ മസ്‌ക് കുറിച്ചു.

ടൈം മാഗസീനിന്റെ ഡിസംബര്‍ പതിപ്പില്‍ ‘സിറ്റിസണ്‍ മസ്‌ക്’ ചെയ്യേണ്ട കാര്യങ്ങളുടെ പട്ടിക എന്നായിരുന്നു നല്‍കിയത്. ഇതില്‍ ഇലക്ട്രിക് വാഹനങ്ങള്‍, ഏറ്റവും ധനികനാവുക, ട്വിറ്റര്‍ വാങ്ങുക, റോക്കറ്റ് വിക്ഷേപണം, റോക്കറ്റ് തിരികെ കൊണ്ടുവരിക, ഇംപ്ലാന്റ് ഹ്യൂമന്‍ ബ്രെയിന്‍ ചിപ്പ്, ട്രംപിനെ തെരഞ്ഞെടുക്കുക, മാര്‍എലാഗോയില്‍ നിന്നും പ്രവര്‍ത്തിക്കുക, മാഴ്‌സിലേക്ക് പറക്കുക, രണ്ട് ട്രില്യണ്‍ ഡോളര്‍ കുറയ്ക്കുക തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതേസമയം ഇലോണ്‍ മസ്‌ക്കിന്റെ ചെക്ക് ലിസ്റ്റില്‍ മാഴ്‌സിലേക്ക് പോവുക, രണ്ട് ട്രില്യണ്‍ കുറക്കുക തുടങ്ങിയവ ഒഴികെ ബാക്കിയുള്ളവയെല്ലാം സംഭവിച്ചിട്ടുള്ളവയാണെന്നും കവര്‍ പേജില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവ് ഡൊണാള്‍ഡ് ട്രംപിനെ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുത്തതില്‍ പ്രധാന പങ്കുവഹിച്ചത് ഇലോണ്‍ മസ്‌ക്കായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

തെരഞ്ഞെടുപ്പില്‍ ട്രംപിന് പിന്തുണ പ്രഖ്യാപിച്ച് പൊതു പ്രചാരണങ്ങളിലും മറ്റും സജീവ സാന്നിധ്യമാവുകയും ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു ഇലോണ്‍ മസ്‌ക്.

തെരഞ്ഞെടുപ്പിന് ശേഷം, അമേരിക്കന്‍ ബ്യൂറോക്രസിയിലെ ഗവണ്‍മെന്റ് എഫിഷ്യന്‍സി വകുപ്പിനെ (DOGE) ഇലോണ്‍ മസ്‌കും വിവേക് രാമസ്വാമിയും നയിക്കുമെന്ന് ട്രംപ് അറിയിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം ട്രംപിനൊപ്പം ഇലോണ്‍ മസ്‌ക് നിലയുറച്ച് നിന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാം ബീച്ച് കൗണ്ടിയില്‍ വെച്ച് അണികളോട് സംസാരിച്ച ട്രംപ് മസ്‌കിന്റെ പിന്തുണയെക്കുറിച്ച് എടുത്ത് പറയുകയും മസ്‌ക് ഒരു അമാനുഷിക മനുഷ്യന്‍ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Elon Musk says that what is on the front page of Time magazine is not his checklist

We use cookies to give you the best possible experience. Learn more