സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ സി.ഇ.ഒ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് ഇലോണ്‍ മസ്‌ക്. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
സി.ഇ.ഒ സ്ഥാനത്തേക്ക് പകരക്കാരനായി ഒരാളെ കണ്ടെത്തുമെന്നും താന്‍ പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളാണ് ശ്രദ്ധിക്കുകയെന്നും ഇലോണ്‍ മസ്‌ക് അറിയിച്ചിട്ടുണ്ട്.
‘ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനം ഏറ്റെടുക്കാന്‍ മാത്രം മണ്ടനായ ഒരാളെ കിട്ടിയാല്‍ ഉടന്‍ തന്നെ ഞാന്‍ ഈ സ്ഥാനത്ത് നിന്നും രാജിവെക്കും. അതിനുശേഷം സോഫ്റ്റ് വെയര്‍ ആന്റ് സെര്‍വര്‍ വിഭാഗമായിരിക്കും ഞാന്‍ കൈകാര്യം ചെയ്യുക,’ മസ്‌ക് പറഞ്ഞു.
I will resign as CEO as soon as I find someone foolish enough to take the job! After that, I will just run the software & servers teams.
ട്വിറ്ററിന്റെ മേധാവി സ്ഥാനത്ത് നിന്നും താന്‍ രാജി വെക്കണമോ എന്നത് സംബന്ധിച്ച് വോട്ട് ചെയ്യാന്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ദിവസം യൂസേഴ്‌സിനോട് ആവശ്യപ്പെട്ടിരുന്നു. ”ഞാന്‍ ട്വിറ്ററിന്റെ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലം ഞാന്‍ പാലിക്കും,” എന്നായിരുന്നു വോട്ടെടുപ്പിനുള്ള ഓപ്ഷന്‍ മുന്നോട്ട് വെച്ചുകൊണ്ട് മസ്‌ക് ട്വീറ്റ് ചെയ്തത്.
”ഏതോ പഴഞ്ചൊല്ലില്‍ പറയുന്നത് പോലെ, നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുക, കാരണം നിങ്ങള്‍ക്കത് ലഭിച്ചേക്കാം,” എന്നും മസ്‌ക് മറ്റൊരു ട്വീറ്റില്‍ പറഞ്ഞിരുന്നു.
ഇതിന് മറുപടിയായി വോട്ട് ചെയ്തവരില്‍ 57.5 ശതമാനം പേരും മസ്‌ക് സ്ഥാനമൊഴിയണമെന്നാണ് അഭിപ്രായപ്പെട്ടത്. ഈ തിരിച്ചടിക്ക് പിന്നാലെ മസ്‌ക് ട്വിറ്ററിന് പുതിയ സി.ഇ.ഒയെ തിരയുന്നത് ഊര്‍ജിതമാക്കിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണമൊന്നും വന്നിരുന്നില്ല.
Should I step down as head of Twitter? I will abide by the results of this poll.
ഇന്ത്യന്‍ വംശജനായ പരാഗ് അഗര്‍വാളിനെ സി.ഇ.ഒ സ്ഥാനത്ത് നിന്നും പുറത്താക്കിക്കൊണ്ടായിരുന്നു ശതകോടീശ്വരനും ടെസ്ല, സ്പേസ് എക്സ് കമ്പനികളുടെ സ്ഥാപകനുമായ ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ മേധാവിയായി സ്ഥാനമേറ്റിരുന്നത്. 44 ബില്യണ്‍ ഡോളറിനായിരുന്നു മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തത്. പിന്നാലെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെയും ഇദ്ദേഹം പിരിച്ചുവിട്ടിരുന്നു.
അതേസമയം, കമ്പനിയുടെ ഏറ്റവും പുതിയ നയമാറ്റങ്ങളും നടപടികളും വിവാദമാകുകയും ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നായിരുന്നു മസ്‌ക് വോട്ടെടുപ്പ് നീക്കത്തിലേക്ക് കടന്നത്.
മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ”സൗജന്യ പ്രൊമോഷന്‍” ട്വിറ്ററില്‍ ഇനി അനുവദിക്കില്ലെന്ന പ്രഖ്യാപനം ഉപയോക്താക്കള്‍ക്കിടയില്‍ തിരിച്ചടി സൃഷ്ടിച്ചതിന് പിന്നാലെയായിരുന്നു നീക്കം.
ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മാസ്റ്റോഡോണ്‍ തുടങ്ങി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി യൂസര്‍നെയിമും അക്കൗണ്ടുകളിലേക്കുള്ള ലിങ്കുകളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോക്താക്കളെ ഇനി അനുവദിക്കില്ലെന്നായിരുന്നു ട്വിറ്റര്‍ ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.
ഇതിനിടെ തന്നെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്ത ഇലോണ്‍ മസ്‌കിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. വ്യാഴാഴ്ച കൂട്ടക്കൊല (Thursday Massacre) എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടപടിക്കെതിരെ വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളുമാണ് രംഗത്തുവന്നത്.
ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും മസ്‌കിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് ഫ്രീ സ്പീച്ച് അനുകൂലിയെന്ന് (Free Speech absolutist) അവകാശപ്പെടുന്നയാളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നാണ് വിമര്‍ശനം.
മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്ത നടപടി ഐക്യരാഷ്ട്ര സഭയെ അസ്വസ്ഥപ്പെടുത്തിയെന്നാണ് യു.എന്‍ വക്താവായ സ്റ്റെഫാനി ദുജാറിക് പ്രതികരിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു പ്ലാറ്റ്ഫോമില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍, വോയ്‌സ് ഓഫ് അമേരിക്ക, ദ ഇന്റര്‍സെപ്റ്റ് എന്നിവയിലെ ഏഴോളം മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയായിരുന്നു സസ്‌പെന്‍ഷന്‍.
Content Highlight: Elon Musk says he will resign from Twitter CEO position