സാന്‍ ഫ്രാന്‍സിസ്‌കോ: വാര്‍ത്തകള്‍ക്കും വിവാദങ്ങള്‍ക്കും വിശ്രമം കൊടുക്കാതെ ടെസ്‌ല സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ഏറ്റെടുത്തത് മുതലാണ് മസ്‌ക് നിരന്തരമായി പ്രതികരണങ്ങള്‍ നടത്തുകയും വാര്‍ത്തകളില്‍ ഇടംപിടിക്കുകയും ചെയ്യുന്നത്.
താന്‍ പണ്ട് വോട്ട് ചെയ്തിരുന്നത് ഡെമോക്രാറ്റുകള്‍ക്കായിരുന്നെന്നും എന്നാല്‍ ഇനി അങ്ങനെ ചെയ്യില്ലെന്നും പറയുകയാണ് മസ്‌ക്. ഇനിമുതല്‍ താന്‍ റിപബ്ലിക്കന്‍സിനായിരിക്കും വോട്ട് ചെയ്യുകയെന്നും ബുധനാഴ്ച നടത്തിയ ഒരു പ്രതികരണത്തില്‍ മസ്‌ക് പറഞ്ഞു.
”പണ്ട് ഞാന്‍ ഡെമോക്രാറ്റുകള്‍ക്കായിരുന്നു വോട്ട് ചെയ്തത്. കാരണം അവര്‍ താരതമ്യേന ദയയുള്ള പാര്‍ട്ടിയായിരുന്നു. എന്നാല്‍ അവര്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിഘടനത്തിന്റെയും പാര്‍ട്ടിയായി മാറിക്കഴിഞ്ഞിരിക്കുന്നു.
അതുകൊണ്ട് ഇനി എനിക്ക് അവരെ സപ്പോര്‍ട്ട് ചെയ്യാനാകില്ല. ഞാന്‍ ഇനിമുതല്‍ റിപബ്ലിക്കന്‍സിന് വോട്ട് ചെയ്യും,” മസ്‌ക് തന്റെ ട്വീറ്റില്‍ പറഞ്ഞു.
ഇക്കാരണത്താല്‍ തനിക്കെതിരെ ഡെമോക്രാറ്റുകള്‍ ക്യാംപെയിന്‍ നടത്തുമെന്നും മസ്‌ക് കൂട്ടിച്ചേര്‍ത്തു. ”ഇനി കണ്ടോളൂ, എങ്ങനെയാണ് അവര്‍ എനിക്കെതിരെ വൃത്തികെട്ട ട്രിക്കി ക്യാമ്പെയിന്‍ നടത്തുന്നതെന്ന്,” മസ്‌ക് ട്വീറ്റ് ചെയ്തു.
In the past I voted Democrat, because they were (mostly) the kindness party.
But they have become the party of division & hate, so I can no longer support them and will vote Republican.
Now, watch their dirty tricks campaign against me unfold … 🍿
— Elon Musk (@elonmusk) May 18, 2022
അതേസമയം, റിപബ്ലിക്കന്‍സിനെ പിന്തുണക്കുമെന്ന പ്രസ്താവനക്ക് പിന്നാലെ ടെസ്ല കമ്പനിയുടെ ഓഹരികളില്‍ 6.8 ശതമാനം ഇടിവുണ്ടായി.
നേരത്തെ റിപബ്ലിക്കന്‍ പാര്‍ട്ടി നേതാവും യു.എസ് മുന്‍ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് മേലുള്ള നിരോധനം പിന്‍വലിക്കുമെന്നും മസ്‌ക് പ്രഖ്യാപിച്ചിരുന്നു. ഇത് വലിയ പ്രതിഷേധത്തിനും കാരണമായിരുന്നു.
ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി അധാര്‍മികവും മണ്ടത്തരവുമാണെന്നും താന്‍ ട്വിറ്റര്‍ ഏറ്റെടുത്താല്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് പുനസ്ഥാപിക്കുമെന്നും മസ്‌ക് സൂചന നല്‍കിയിരുന്നു.
താന്‍ ഒരു ഫ്രീ സ്പീച്ച് അബ്സൊല്യൂട്ടിസ്റ്റ് (free speech absolutist) ആണെന്നും മസ്‌ക് പറഞ്ഞു.
യു.എസ് കാപിറ്റോളില്‍ ജനുവരി ആറിന് നടന്ന അക്രമസംഭവങ്ങള്‍ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ പെര്‍മനന്റായി സസ്പെന്‍ഡ് ചെയ്തത്.
വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തത്.
ജോ ബൈഡന്‍ ഭരണകൂടത്തിന്റെ കടുത്ത വിമര്‍ശകന്‍ കൂടിയാണ് ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്.
അതേസമയം, 4400 കോടി ഡോളറിന് (44,000 മില്യണ്‍/ 44 ബില്യണ്‍) ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചിരിക്കുകയാണ് ടെസ്‌ല കമ്പനി സ്ഥാപകന്‍ കൂടിയായ മസ്‌ക്.
മസ്‌കിന്റെ ഉടമസ്ഥതയിലാകുന്നതോടെ പൊതുസംരംഭം എന്ന നിലയില്‍ നിന്ന് ട്വിറ്റര്‍ സ്വകാര്യ കമ്പനിയായി മാറും.
Content Highlight: Elon Musk says he will no longer support Democrats and will vote for Republicans