കാലിഫോര്‍ണിയ: വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതുമായ ട്വീറ്റുകള്‍ പങ്കുവെച്ചതിനായിരുന്നു അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്.
എന്നാല്‍ ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിച്ച നടപടി അധാര്‍മികവും മണ്ടത്തരവുമാണെന്ന് പറയുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. താന്‍ ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് മേലുള്ള നിരോധനം പിന്‍വലിക്കുമെന്നും അക്കൗണ്ട് പുനസ്ഥാപിക്കുമെന്നും മസ്‌ക് സൂചന നല്‍കി.
ഫിനാന്‍ഷ്യല്‍ ടൈംസിന്റെ ‘ഫ്യൂചര്‍ ഓഫ് ദ കാര്‍’ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മസ്‌ക്.
താന്‍ ട്വിറ്റര്‍ ഏറ്റെടുത്ത് കഴിഞ്ഞാല്‍ താല്‍ക്കാലികമായി അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്യുകയേ ഉള്ളൂവെന്നും പെര്‍മനന്റ് ആയി നിരോധിക്കുന്നത് വളരെ വിരളമായ നടപടിയായിരിക്കുമെന്നും മസ്‌ക് സൂചന നല്‍കുന്നുണ്ട്.
തന്നെ ഒരു ഫ്രീ സ്പീച്ച് അബ്‌സൊല്യൂട്ടിസ്റ്റ് (free speech absolutist) എന്നാണ് കോണ്‍ഫറന്‍സില്‍ വെച്ച് മസ്‌ക് വിശേഷിപ്പിച്ചത്.
ട്വിറ്റര്‍ വാങ്ങുന്നതിനായി നേരത്തെ 46.5 ബില്യണ്‍ ഡോളറോളം മസ്‌ക് നല്‍കിയിരുന്നു.
അതേസമയം, ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ കമ്പനിയുടെ സി.ഇ.ഒ സ്ഥാനത്ത് നിന്നും ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാളിനെ മാറ്റി പകരം പുതിയയാളെ നിയമിക്കാന്‍ മസ്‌ക് നീക്കമിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.