|

അടിമുടി അഴിച്ചുപണി തുടങ്ങി മസ്‌ക്; ട്വിറ്ററിലെ പരാഗ് അഗര്‍വാളടക്കം നാല് പേരെ പുറത്താക്കി; ട്രംപിന്റെ ഭാവി ഉടനറിയാം

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോ: മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ ട്വിറ്ററില്‍ അടിമുടി അഴിച്ചുപണി നടത്തി ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ തലപ്പത്തിരുന്നവരെ പുറത്താക്കി കൊണ്ടാണ് ഇലോണ്‍ മസ്‌ക് തന്റെ അധികാരം ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത്.

ട്വിറ്റര്‍ ചീഫ് എക്‌സിക്യൂട്ടീവായ പരാഗ് അഗര്‍വാളിനെ പുറത്താക്കിയതായാണ് യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിനൊപ്പം ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍, ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ കൂടി സ്ഥാനത്ത് നിന്നും നീക്കിയതായാണ് വാഷിങ്ടണ്‍ പോസ്റ്റും സി.എന്‍.ബി.സിയും റിപ്പോര്‍ട്ട് ചെയ്യുന്നത്.

അതേസമയം ഇലോണ്‍ മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്ത ട്വിറ്ററിലെ നിരവധി തൊഴിലാളികള്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു.

ലോകത്തെ ഏറ്റവും സമ്പന്നരായ മനുഷ്യരിലൊരാളായ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ നാടകീയമായ പല സംഭവങ്ങളും നടന്നിരുന്നു. ആദ്യം ഏറ്റെടുക്കല്‍ നടപടികള്‍ അതിവേഗത്തില്‍ പോയതിന് ശേഷം പിന്നീട് മസ്‌ക് ഇതില്‍ നിന്നും പിന്മാറാന്‍ ശ്രമിക്കുകയായിരുന്നു.

ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയത്. എന്നാല്‍ പരാഗ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നിയമപോരാട്ടം ആരംഭിക്കുകയും ഒടുവില്‍ മസ്‌കിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയുമായിരുന്നു.

തുടര്‍ന്ന് കരാറില്‍ നിന്നും പിന്മാറാനാവില്ലെന്നും ട്വിറ്റര്‍ ഏറ്റെടുക്കുന്ന തീയതിയുടെ കാര്യത്തില്‍ അവസാന തീരുമാനം അറിയിക്കണമെന്നും കോടതി വിധിച്ചു. ഇതിന് പിന്നാലെയാണ് മസ്‌ക് ട്വിറ്ററിനെ വാങ്ങുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്.

‘വ്യത്യസ്തമായ ആശയങ്ങള്‍ക്ക് സംവദിക്കാനാകുന്ന ഒരു പൊതു ഡിജിറ്റല്‍ ടൗണ്‍ സ്‌ക്വയര്‍ ഉണ്ടായിരിക്കുക എന്നത് ഭാവി തലമുറക്ക് ഏറെ പ്രധാനപ്പെട്ട കാര്യമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു,’ എന്നായിരുന്നു ട്വിറ്റര്‍ മേധാവിയായി സ്ഥാനമേറ്റെടുത്ത വ്യാഴാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തത്.

അതേസമയം ഒരു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ലോകത്തെ അതിസമ്പന്നനായ വ്യക്തിയുടെ കീഴില്‍ വരുന്നതില്‍ സാമൂഹ്യപ്രവര്‍ത്തകരടക്കം നിരവധി പേര്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

മുന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ വിദ്വേഷകമന്റുകളുടെയും വ്യാജവാദങ്ങളുടെയും പേരില്‍ ട്വിറ്റര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മസ്‌ക് എടുത്തുകളയുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

Content Highlight: Elon Musk sacks Twitter CEO Parag Agrawal and others

Video Stories