| Wednesday, 11th October 2023, 6:22 pm

ഹമാസിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു; മസ്‌കിന് മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ യൂണിയന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഹമാസ്- ഇസ്രഈല്‍ ആക്രമണത്തില്‍ വ്യാജ വാര്‍ത്തകളും വീഡിയോകളും പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ എക്‌സിന്റെ (മുമ്പ് ട്വിറ്റര്‍) സി.ഇ.ഒ ഇലോണ്‍ മസ്‌കിന് മുന്നറിയിപ്പ് നല്‍കി യൂറോപ്യന്‍ യൂണിയന്‍. ഫലസ്തീന്‍- ഇസ്രഈല്‍ യുദ്ധത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി വ്യാജവാര്‍ത്തകള്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പ്രചരിച്ചിരുന്നു.

ഫലസ്തീന്‍ പോരാളികള്‍ ഇസ്രാഈലി പൗരന്മാരെ വധിക്കുന്നു എന്നും ഇത് നമ്മുടെ അയല്‍പ്രദേശത്തും കുടുംബത്തിലുമാണ് സംഭവിച്ചതെങ്കിലോ എന്നും തലക്കെട്ടുകള്‍ നല്‍കിയാണ് എക്‌സില്‍ വ്യാജ വീഡിയോകള്‍ പ്രചരിക്കുന്നത്.

എക്‌സില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതിന് പിന്നാലെ മസ്‌കിനെതിരെ പരാതികള്‍ ശക്തമാവുകയായിരുന്നു. തുടര്‍ന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതികരണം ആവശ്യപ്പെട്ടുകൊണ്ട് മസ്‌കിനോട് യൂറോപ്പ്യന്‍ യൂണിയന്‍ കത്തെഴുതി.

എക്‌സിന് പുറമെ ഫേസ്ബുക്, ഇന്‍സ്റ്റഗ്രാം, ടിക്ടോക് തുടങ്ങിയ പ്ലാറ്റുഫോമുകളിലൂടെയും നിരവധി വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ ഹമാസില്‍ നിന്നുള്ളതല്ലെന്ന് ഇന്ത്യ ടുഡേ അടക്കമുള്ള മാധ്യമങ്ങള്‍ ഫാക്ട് ചെക്കിങ്ങിലൂടെ കണ്ടെത്തി.

ഹമാസ് ഇസ്രഈല്‍ കുട്ടികളെ വെടിവെച്ച് കൊല്ലുന്നു എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന വീഡിയോ ‘എംപ്റ്റി പ്ലേസ്’ എന്ന ഷോര്‍ട്ട് ഫിലിം ഷൂട്ട് ചെയ്യുന്നതിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ ആണെന്ന് ഇന്ത്യ ടുഡേ നടത്തിയ അന്വേഷണത്തിലൂടെ കണ്ടെത്തി.

ഇസ്രഈലിന് നേരെ ആക്രമണം അഴിച്ചുവിടാന്‍ സഹായങ്ങള്‍ ലഭിച്ചതിനെതുടര്‍ന്ന് ഇറാനെ അനുമോദിച്ചുകൊണ്ടുള്ള ഹമാസ് വക്താവിന്റെ വീഡിയോ 2014ല്‍ ഉള്ളതാണെന്നും ഈ വീഡിയോ യു.എന്‍ ഇസ്രഈല്‍ പ്രതിനിധി ഗിലാഡ് എര്‍ദന്‍ ഫാക്ട് ചെക്ക് നടത്താതെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: Elon Musk’s X Spreading disinformation After Hamas Attack, Warns EU

We use cookies to give you the best possible experience. Learn more