|

വ്യാജ വാര്‍ത്തകള്‍ തടയണമെന്ന് ആവശ്യം; ബ്രസീലിലെ എക്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി എലോണ്‍ മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ ഡി ജനീറ: ലാറ്റിനമേരിക്കന്‍ രാജ്യമായ ബ്രസീലില്‍ സാമൂഹ്യമാധ്യമമായ എക്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി എലോണ്‍ മസ്‌ക്. എക്‌സിലെ ചില ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ ബ്രസീല്‍ സുപ്രീം കോടതി ജഡ്ജ് അലക്‌സാണ്ട്രെ ഡി മൊറേസ് ഉത്തരവിട്ടതിന് പിന്നാലെയാണ് തീരുമാനം.

തീവ്ര വലതുപക്ഷ നേതാവും മുന്‍ ബ്രസീല്‍ പ്രസിഡന്റുമായ ജൈര്‍ ബൊല്‍സൊനാരോയുടെ ഭരണകാലത്ത് വ്യാജവാര്‍ത്തകളും വിദ്വേഷപ്രയോഗങ്ങളും പ്രചരിപ്പിച്ച ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ എക്‌സ് ഇതിന് വിപരീതമായി അക്കൗണ്ടുകള്‍ സജീവമാക്കാനുള്ള നിലപാട് സ്വീകരിച്ചതോടെ മസ്‌കിനെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു.

ഇതിന് പിന്നാലെയാണ് ബ്രസീലിലെ എക്‌സിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് എക്‌സിന്റെ ഗ്ലോബല്‍ അഫയേഴ്‌സ് ടീം രംഗത്തെത്തിയത്.

‘കഴിഞ്ഞ ദിവസം അലക്‌സാണ്ട്രെ ഡി മൊറേസ് ബ്രസീലിലെ ഞങ്ങളുടെ നിയമ വിഭാഗം വക്താവിനെ സെന്‍സര്‍ഷിപ്പ് ഓര്‍ഡറുകള്‍ പാലിച്ചില്ല എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തുകയുണ്ടായി. എന്നാല്‍ അദ്ദേഹം ആ ഓര്‍ഡര്‍ വളരെ രഹസ്യമായി പുറത്ത് വിട്ടതുകൊണ്ട് ഞങ്ങള്‍ അത് ഇവിടെ പങ്ക് വെയ്ക്കുകയാണ്.

സുപ്രീം കോടതിയില്‍ ഞങ്ങള്‍ ഫയല്‍ ചെയ്ത നിരവധി അപ്പീലുകള്‍ പരിഗണിക്കാത്ത സാഹചര്യത്തില്‍ ബ്രസീലിലെ ജനങ്ങള്‍ ഈ ഓര്‍ഡറുകള്‍ കണ്ടിരിക്കാന്‍ സാധ്യതയില്ല. ഞങ്ങളുടെ കമ്പനിയിലെ ബ്രസീലിലെ സ്റ്റാഫുകള്‍ക്ക് ഇനി കണ്ടന്റുകള്‍ ബ്ലോക്ക് ആയോ ഇല്ലയോ എന്നതില്‍ യാതൊരു നിയന്ത്രണവുമില്ല.

മൊറേസ് ഞങ്ങളുടെ സ്റ്റാഫിനെ ഭീഷണിപ്പെടുത്തുന്ന സാഹചര്യത്തില്‍ അവരുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഞങ്ങള്‍ ബ്രസീലിലെ പ്രവര്‍ത്തനം അടിയന്തരമായി നിര്‍ത്തുകയാണ്.

എന്നാല്‍ ഉപയോക്താക്കള്‍ക്ക് തുടര്‍ന്നും എക്‌സ് ഉപയോഗിക്കാം. ഇങ്ങനെയൊരു ദൗര്‍ഭാഗ്യകരമായ തീരുമാനം എടുക്കുന്നതില്‍ പ്രയാസമുണ്ട്. എന്നാല്‍ ഈ തീരുമാനത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം അലക്‌സാണ്ട്രെ ഡി മൊറേസിനാണ്.

അദ്ദേഹത്തിന്റെ പ്രവര്‍ത്തനം ഒരിക്കലും ഒരു ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. അതിനാല്‍ വൈകാതെ ബ്രസീലിലെ ജനങ്ങള്‍ക്ക് ജനാധിപത്യത്തിനും മൊറേസിനും ഇടയില്‍ ഒരാളെ മാത്രം തെരഞ്ഞെടുക്കേണ്ടി വരും,’ എക്‌സിന്റെ ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു. ഈ കുറിപ്പിന് പുറമെ മൊറേസ് ഒപ്പ് വെച്ചതെന്ന പേരില്‍ ഒരു ഓര്‍ഡറിന്റെ ചിത്രവും പോസ്റ്റില്‍ പങ്ക് വെച്ചിട്ടുണ്ട്.

സുപ്രീം കോടതിയുടെ തീരുമാനത്തില്‍ അസംതൃപ്തനായ മസ്‌ക് കഴിഞ്ഞ ദിവസം ജഡ്ജിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അലക്‌സാണ്ടറുടെ നിലപാടുകള്‍ നിയമവിരുദ്ധമാണെന്നായിരുന്നു മസ്‌കിന്റെ നിലപാട്.

ഇതാദ്യമായല്ല മറ്റ് രാജ്യങ്ങളിലെ ഭരണകൂടവുവുമായും നേതാക്കളുമായി മസ്‌ക് കൊമ്പുകോര്‍ക്കുന്നത്. ജൂലൈയില്‍ വെനസ്വേലയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് രംഗത്തെത്തിയപ്പോള്‍ വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായയും മസ്‌ക് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Content Highlight: Elon Musk’s X shutdown opertaions in Brazil