| Friday, 8th November 2024, 4:22 pm

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ രാജ്യം വിടാനൊരുങ്ങി മസ്‌കിന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍;ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റ് ആയി ചുമതലയേറ്റതിന് പിന്നാലെ അമേരിക്ക വിടാനൊരുങ്ങി ഇലോണ്‍ മസ്‌കിന്റെ മകള്‍. ട്രാന്‍സ്‌ജെന്‍ഡറായ വിവന്‍ ജെന്ന വില്‍സണ്‍ ആണ് അമേരിക്കയില്‍ തനിക്ക് ഇനി ജീവിക്കാന്‍ ആവില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. ത്രെഡ്‌സിലൂടെയാണ് വിവന്‍ ഇക്കാര്യം അറിയിച്ചത്.

താന്‍ അമേരിക്ക വിടുന്ന കാര്യം കുറച്ച് കാലങ്ങളായി പരിഗണിക്കുകയാണെന്നും എന്നാല് ട്രംപ് സ്ഥാനമേറ്റതോടെ അത് ഉറപ്പിക്കുകയാണെന്നും വിവന്‍ ത്രെഡ്‌സില്‍ എഴുതി. ട്രംപ് നാല് വര്‍ഷം മാത്രമാണ് അധികാരത്തില്‍ തുടരുകയെങ്കിലും അദ്ദേഹത്തിനെ പിന്തുണച്ചവരുടെ വികാരം തന്നില്‍ ആശങ്കയുളവാക്കുന്നുവെന്നും വിവന്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

നിരന്തരം ട്രാന്‍സ്‌ജെന്‍ഡര്‍ വിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചിരുന്ന ട്രംപും വൈസ് പ്രസിഡന്റായ ജെ.ഡി. വാന്‍സും പ്രചരണകാലയളവിലും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായ നിരവധി പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം ട്രംപിനൊപ്പം ഇലോണ്‍ മസ്‌ക് നിലയുറച്ച് നിന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാം ബീച്ച് കൗണ്ടിയില്‍ വെച്ച് അണികളോട് സംസാരിച്ച ട്രംപ് മസ്‌കിന്റെ പിന്തുണയെക്കുറിച്ച് എടുത്ത് പറയുകയും മസ്‌ക് ഒരു അമാനുഷിക മനുഷ്യന്‍ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

അതേസമയം മകള്‍ക്കെതിരേയും ട്രാന്‍സ് കമ്മ്യൂണിറ്റിക്കൈതിരേയും നിരന്തരം വിദ്വേഷപരമായ പരാമര്‍ങ്ങളാണ് മസ്‌ക് ഇക്കാലമുടനീളം നടത്തിയിരുന്നത്. മകള്‍ 16 വയസില്‍ ട്രാന്‍സ് റിലേറ്റഡ് ട്രീറ്റ്‌മെന്റിനിടെ കമ്പളിപ്പിക്കപ്പെടുകയായിരുന്നെന്നും അവള്‍ പെണ്‍കുട്ടിയല്ലെന്നും മസ്‌ക് പറഞ്ഞിരുന്നു.

സമൂഹത്തിലെ ഉന്നതശ്രേണിയിലുള്ളവരുടെ സര്‍വകലാശാലകളിലേയും സ്‌കൂളുകളിലേയും നവമാര്‍ക്‌സിസ്റ്റുകളാണ് മകളും താനും തമ്മിലുള്ള ബന്ധം വഷളാവാന്‍ കാരണമെന്നായിരുന്നു മസ്‌ക് ആരോപിച്ചത്.

എന്നാല്‍ മസ്‌കിന്റെ ആരോപണങ്ങളെല്ലാം മകള്‍ തള്ളിക്കളഞ്ഞിരുന്നു. 2022ല്‍ തന്നെ പിതാവുമായുള്ള എല്ലാ ബന്ധങ്ങളും വിവന്‍ ഉപേക്ഷിച്ചിരുന്നു. ഇലോണ്‍ മസ്‌കിന്റെ ആദ്യഭാര്യയായ ജസ്റ്റിന്‍ വില്‍സണില്‍ പിറന്ന മകളാണ് വിവന്‍. സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക് എന്നായിരുന്നു ആദ്യ പേര്.

പിന്നീട് 18 വയസ് പൂര്‍ത്തിയായപ്പോഴാണ് താന്‍ പെണ്‍കുട്ടിയാണെന്ന് വെളിപ്പെടുത്തിയത്. അതേസമയം ട്രംപ് അധികാരത്തില്‍ വന്നതോടെ അമേരിക്കയിലെ ട്രാന്‍സ് സമൂഹം ആശങ്കയിലാണെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു.

Content Highlight: Elon Musk’s transgender daughter leave US after Donald Trump’s presidential win

We use cookies to give you the best possible experience. Learn more