| Saturday, 9th November 2024, 10:44 pm

ട്രംപിന്റെ വിജയത്തില്‍ നേട്ടം കൊയ്ത് മസ്‌ക്; ആസ്തി 300 ബില്യണ്‍ ഡോളര്‍ കവിഞ്ഞു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ആസ്തി 300 ബില്യണ്‍ ഡോളര്‍ കവിഞ്ഞതായി റിപ്പോര്‍ട്ട്. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്‌ലയുടെ മൂല്യമാണ് ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്.

ഫോബ്സിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം മസ്‌കിന്റെ സമ്പത്ത് 300 ബില്യണ്‍ ഡോളറിലെത്തിയതായാണ് വിവരം.
ബ്ലൂംബെര്‍ഗിന്റെ സമ്പത്ത് സൂചിക പ്രകാരം നിലവില്‍ ലോകത്ത് 300 ബില്യണ്‍ ഡോളറിലധികം സമ്പത്തുള്ള   ഏകവ്യക്തിയാണ് മസ്‌ക്. 2022 ജനുവരിയിലാണ് മസ്‌കിന്റെ ആസ്തി അവസാനമായി 300 ബില്യണ്‍ കവിഞ്ഞത്. 2021ല്‍ അത് 340.4 ബില്യണ്‍ ഡോളറായിരുന്നു.

പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇലക്ട്രിക് കാര്‍ നിര്‍മാതാക്കളായ ടെസ്‌ലയുടെ ഓഹരികള്‍ 8.2 ശതമാനം ഉയര്‍ന്ന് 321.22 ഡോളറിലെത്തി. രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ടെസ്‌ലയുടെ വിപണി മൂല്യം ഒരു ട്രില്യണ്‍ ഡോളറിന് മുകളില്‍ ക്ലോസ് ചെയ്തത്. ഇതിന് പുറമെ കമ്പനിയുടെ സ്റ്റോക്ക് ഈ ആഴ്ച 29% നേട്ടമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മസ്‌ക് നല്‍കിയ പിന്തുണ കാരണം ട്രംപ് വൈറ്റ് ഹൗസില്‍ ചുമതലയേറ്റാല്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനിക്ക് അതിന്റെ ഫലം ലഭിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതിന് പുറമെ മസ്‌കിന്റെ ബിസിനസുകള്‍ക്ക് നേട്ടമുണ്ടാക്കുന്ന തീരുമാനങ്ങള്‍ ട്രംപ് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മസ്‌കിന്റെ പിന്തുണ കാരണം ഇലക്ട്രിക് വാഹനങ്ങളുടെ വരവ് മന്ദഗതിയിലാക്കാനുള്ള തന്റെ പദ്ധതികള്‍ പുനഃപരിശോധിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ ചൊവ്വ ദൗത്യത്തിനും ട്രംപ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

ഡൊണാള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചരണവേളയിലുടനീളം ട്രംപിനൊപ്പം ഇലോണ്‍ മസ്‌ക് നിലയുറച്ച് നിന്നിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ പാം ബീച്ച് കൗണ്ടിയില്‍ വെച്ച് അണികളോട് സംസാരിച്ച ട്രംപ് മസ്‌കിന്റെ പിന്തുണയെക്കുറിച്ച് എടുത്ത് പറയുകയും മസ്‌ക് ഒരു അമാനുഷിക മനുഷ്യന്‍ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു.

Content Highlight: Elon Musk’s networth exceed $300 billion after Trump’s victory

We use cookies to give you the best possible experience. Learn more