| Wednesday, 12th April 2023, 8:33 pm

ജയിലില്‍ പോകണോ നിയമം അനുസരിക്കണോ എന്ന സാഹചര്യത്തില്‍ നിയമം അനുസരിക്കലാണ് നല്ലത്; ബി.ബി.സി ഡോക്യുമെന്ററി വിവാദത്തില്‍ ഇലോണ്‍ മസ്‌ക്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്കിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ എന്ന ബി.ബി.സി ഡോക്യുമെന്ററിയുടെ ഉള്ളടക്കങ്ങള്‍ ട്വിറ്റര്‍ നീക്കം ചെയ്തതിന്റെ കാരണം എന്താണെന്ന് തനിക്കറിയില്ലെന്ന് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാണെന്നും മസ്‌ക് അഭിപ്രായപ്പെട്ടു. ബി.ബി.സി ബ്രോഡ്കാസ്റ്റ് ലൈവിന് നല്‍കിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘പ്രസ്തുത സാഹചര്യത്തെക്കുറിച്ച്‌ എനിക്ക് വലിയ ധാരണകളൊന്നുമില്ല. എന്താണ് ചില ഉള്ളടങ്ങള്‍ക്ക് ഇന്ത്യയില്‍ സംഭവിക്കുന്നത് എന്നതിനെക്കുറിച്ചും എനിക്ക് അറിവില്ല. ഇന്ത്യയില്‍ സമൂഹ മാധ്യമങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമാണ്. ഞങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെ നിയമത്തെ മറികടന്ന് ഒന്നും ചെയ്യാന്‍ കഴിയില്ല,’ മസ്‌ക് പറഞ്ഞു.

‘ഞങ്ങളുടെ ആളുകള്‍ (ജീവനക്കാര്‍) ജയിലില്‍ പോകണോ അതോ നിയമം പാലിക്കണോ എന്ന ഒരു ഘട്ടം വരുമ്പോള്‍, നിയമം പാലിക്കുക എന്ന ചോയ്‌സാകും തെരഞ്ഞെടുക്കുക,’ മസ്‌ക് കൂട്ടിച്ചേര്‍ത്തു.

2002ല്‍ നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ് ഗുജറാത്ത് കലാപം നടക്കുന്നത്. ആയിരത്തോളം മനുഷ്യരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്. ഔദ്യോഗിക കണക്കിന്റെ ഇരട്ടിയോളം പേര്‍ കൊല്ലപ്പെട്ടതായും മുസ്‌ലിം വംശഹത്യ ലക്ഷ്യമിട്ടു കൊണ്ടുള്ള ഹിന്ദുത്വവാദികളുടെ ആക്രമണമായിരുന്നു ഗുജറാത്തില്‍ നടന്നതെന്നുമാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ പറയുന്നത്.

ജനുവരിയിലാണ് ബി.ബി.സി ഡോക്യുമെന്ററി ഇന്ത്യ നിരോധിക്കുന്നത്. ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട അമ്പതിലധികം ട്വീറ്റുകള്‍ നീക്കം ചെയ്യാനാണ് ഇന്ത്യന്‍ ഭരണകൂടം ട്വിറ്ററിനോട് ആവശ്യപ്പെട്ടത്.

ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്‌തെങ്കിലും ഇന്ത്യ ദ മോദി ക്വസ്റ്റിയന്‍ എന്ന ഡോക്യുമെന്ററി മറ്റു പല സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും രാജ്യത്തുടനീളം ഇതിന്റെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. രാജ്യത്തെ പല സര്‍വകലാശാലകളിലും ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രദര്‍ശനം നടന്നിരുന്നു.

Content Highlights: Elon musk responds about bbc documentary

We use cookies to give you the best possible experience. Learn more