ന്യൂയോര്‍ക്ക്: ട്വിറ്ററിന്റെ മുന്‍ സി.ഇ.ഒയും ഇന്ത്യന്‍ വംശജനയുമായ പരാഗ് അഗര്‍വാളിനെ പിരിച്ചുവിട്ടത് ജോലി ചെയ്യാത്തതിനാലാണെന്ന് ഇലോണ്‍ മസ്‌ക്. യു.എസില്‍ ഫെഡറല്‍ ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതിനിടെയാണ് മസ്‌കിന്റെ പ്രതികരണം.
ഫെഡറല്‍ ജീവനക്കാരെ പിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് സമൂഹ മാധ്യമങ്ങളില്‍ മസ്‌കിനെതിരെ വ്യത്യസ്തമായ മീമുകളും ഹാഷ്ടാഗുകളും വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനിടെ, പരാഗ് അഗര്‍വാളിനോട് എന്താണോ ചെയ്തത്, അതുതന്നെയാണ് യു.എസിലെ ജീവനക്കാരോടും മസ്‌ക് ചെയ്യാന്‍ പോകുന്നതെന്ന് ഒരു യൂസര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.
ഇതിന് മറുപടി നല്‍കികൊണ്ടായിരുന്നു മസ്‌കിന്റെ പ്രതികരണം. 2022ല്‍ ട്വിറ്ററിന്റെ ഉടമസ്ഥാവകാശം നേടിയതിന് പിന്നാലെയാണ് പരാഗിനെ മസ്‌ക് പിരിച്ചുവിട്ടത്. പരാഗിനെ പുറമെ ഒന്നിലധികം ജീവനക്കാരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. പ്രവര്‍ത്തന റിപ്പോര്‍ട്ട് മാനദണ്ഡമാക്കിയാണ് നടപടിയെന്ന് മസ്‌ക് വിശദീകരണവും നല്‍കിയിരുന്നു.
എന്നാല്‍ പരാഗും മൂന്ന് മുന്‍ എക്‌സിക്യൂട്ടിവുകളൂം ചേര്‍ന്ന് മസ്‌കിനെതിരെ പരാതി ഫയല്‍ ചെയ്തിരുന്നു. പിരിച്ചുവിടല്‍ ഡെപ്പോസിറ്റായി 128 മില്യണ്‍ ഡോളര്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം ‘അവധിയെല്ലാം ആഘോഷിച്ചില്ലേ? ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ഫെഡറല്‍ ജീവനക്കാരെ പുറത്താക്കും’ എന്ന് മസ്‌ക് ഭീഷണി മുഴക്കിയിരുന്നു. നേരത്തെ പ്രൊബേഷനിലുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.
അതേസമയം അവധിയിലുള്ള ജീവനക്കാര്‍ എന്ത് ചെയ്യണമെന്നതില്‍ മസ്‌കും ട്രംപ് സര്‍ക്കാരും വ്യക്തത നല്‍കിയിട്ടില്ല. ജീവനക്കാരെ കൂട്ടമായി പിരിച്ചുവിടുന്നതില്‍ പ്രതിഷേധിച്ച് നിരവധി തൊഴിലാളി സംഘടനകള്‍ മസ്‌കിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.
ദേശീയ കാലാവസ്ഥാ വകുപ്പ്, വിദേശ വകുപ്പ് തുടങ്ങി പല മേഖലകളില്‍ നിന്നും മസ്‌കിന്റെ നീക്കത്തിനെതിരെ പരസ്യമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇതിനിടെ ജീവനക്കാരില്‍ നിന്ന് ആരോഗ്യകരമായ പ്രതികരണങ്ങള്‍ ലഭിച്ച് തുടങ്ങിയെന്നും മറുപടി നല്‍കിയവരെയാണ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കുകയെന്നും മസ്‌ക് പ്രതികരിച്ചിട്ടുണ്ട്.
Content Highlight: Elon Musk reacts to comparison of Agrawal and Federal worker mandate amid ‘report or resign’ order