| Thursday, 14th April 2022, 6:07 pm

ട്വിറ്ററിന് വിലയിട്ട് മസ്‌ക്; മൂന്ന് ലക്ഷം കോടി രൂപയ്ക്ക് വാങ്ങാന്‍ തയ്യാര്‍; പ്രതികരിക്കാതെ ട്വിറ്റര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ട്വിറ്റര്‍ വാങ്ങാന്‍ നീക്കവുമായി ടെസ്ല മേധാവി ഇലോണ്‍ മസ്‌ക്. കമ്പനിയില്‍ ഓഹരി സ്വന്തമാക്കിയതിന് പിന്നാലെയാണ് നീക്കം. 41 ബില്യന്‍ ഡോളറാണ്(ഏകദേശം മൂന്ന് ലക്ഷം കോടി രൂപ) രൂപയാണ് കമ്പനിക്ക് വിലയിട്ടിരിക്കുന്നത്. ഒരു ഓഹരിക്ക് 54.20 ഡോളര്‍(ഏകദേശം 4,125 രൂപ) ആണ് മസ്‌ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.

കമ്പനി വാങ്ങാനുള്ള താല്‍പര്യം അറിയിച്ച് മസ്‌ക് ട്വിറ്റര്‍ ചെയര്‍മാന്‍ ബ്രെറ്റ് ടൈലര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. ”നിലവിലെ സ്ഥിതിയില്‍ സാമൂഹികമായ അനിവാര്യത നിര്‍വഹിക്കാനോ അഭിവൃദ്ധിപ്പെടാനോ കമ്പനിക്കാകില്ലെന്ന് ട്വിറ്ററില്‍ നിക്ഷേപം നടത്തിയതു മുതല്‍ ഞാന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കമ്പനിയെ ഒരു സ്വകാര്യ കമ്പനിയായി മാറ്റേണ്ടതുണ്ട്.”കത്തില്‍ മസ്‌ക് പറഞ്ഞു.

തനിക്ക് നല്‍കാനാകുന്ന ഏറ്റവും മികച്ചതും ഒടുവിലത്തേയും ഓഫറാണിതെന്നും ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ട്വിറ്ററിലെ ഓഹരി പങ്കാളിത്തത്തെക്കുറിച്ച് തനിക്ക് വീണ്ടും ആലോചിക്കേണ്ടി വരുമെന്ന് മസ്‌ക് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മൂന്ന് ബില്യണ്‍ ഡോളറിന് ട്വിറ്ററിന്റെ 9.2 ശതമാനം ഓഹരി മസ്‌ക് സ്വന്തമാക്കിയിരുന്നു.

എന്നാല്‍, ട്വിറ്റര്‍ ബോര്‍ഡില്‍ അംഗമാകാനുള്ള ക്ഷണം മസ്‌ക് നിരസിച്ചിരുന്നു. ഇലോണ്‍ മസ്‌ക് ബോര്‍ഡ് അംഗമാകില്ലെന്ന് ട്വിറ്റര്‍ സി.ഇ.ഒ പരാഗ് അഗര്‍വാള്‍ പിന്നീട് വ്യക്തമാക്കുകയായിരുന്നു. മസ്‌ക് ട്വിറ്റര്‍ ബോര്‍ഡിലെത്തുമെന്ന് പരാഗ് അഗര്‍വാള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Elon Musk Offers To Buy Twitter For $41 Billion: “If Not Accepted…”

We use cookies to give you the best possible experience. Learn more