| Friday, 30th August 2024, 1:56 pm

ബ്രസീലില്‍ എക്‌സ് നിരോധിക്കുമെന്ന് സുപ്രീം കോടതി ജഡ്ജ്; ടോയ്‌ലെറ്റ് പേപ്പറില്‍ പേരെഴുതി പരിഹസിച്ച് ഇലോണ്‍ മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

റിയോ: ബ്രസീലിലെ എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതിന് പിന്നാലെ വീണ്ടും ബ്രസീല്‍ സുപ്രീം കോടതി ജഡ്ജി അലക്‌സാണ്ട്രോ മൊറെസുമായി ഏറ്റുമുട്ടി യു.എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്.

എക്‌സിന് ബ്രസീലില്‍ നിയമകാര്യ പ്രതിനിധിയെ നിയമിച്ചില്ലെങ്കില്‍ പ്ലാറ്റ്‌ഫോമിന് രാജ്യത്ത് വിലക്കേര്‍പ്പെടുത്തുമെന്ന് അലക്‌സാണ്ട്രോ കഴിഞ്ഞ ദിവസം ഉത്തരവിട്ടതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെ അപഹസിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ തന്റെ എക്‌സ അക്കൗണ്ടിലൂടെ മസ്‌ക് പങ്കുവെച്ചത്.

മസ്‌ക് ഷെയര്‍ ചെയ്ത ഒരു പോസ്റ്റില്‍ എ.ഐയുടെ സഹായത്തോടെ നിര്‍മിച്ച അഴിക്കുള്ളിലിരിക്കുന്ന അലക്‌സാണ്ട്രോ മൊറേസിന്റെ ചിത്രമാണുള്ളത്. പോസ്റ്റിനോടൊപ്പം ഈ ചിത്രം യാഥാര്‍ത്ഥ്യമാവുന്ന ഒരു ദിവസം വരുമെന്നും എന്റെ വാക്കുകള്‍ ഓര്‍ത്ത് വെച്ചോളു എന്നും അലക്‌സാണ്ട്രോയ്ക്ക് മുന്നറിയിപ്പ് നല്‍കുന്നുണ്ട്

. മറ്റൊരു പോസ്റ്റില്‍ അല്ക്‌സാണ്ട്രോയുടെ പേരെഴുതിയ ടൊയ്‌ലറ്റ് പേപ്പറിന്റെ ചിത്രം പങ്ക് വെച്ച് നിങ്ങള്‍ക്ക് എന്റെ ടോയ്‌ലറ്റ് പേപ്പര്‍ ഇഷ്ടമായോ എന്ന് ഫോളോവേഴ്‌സിനോട് ചോദിക്കുന്നുണ്ട്. മറ്റൊന്നില്‍ ചാറ്റ് ബോട്ടായ ഗ്രോകിനോട് ഫിക്ഷണല്‍ കഥാപാത്രങ്ങളായ സിത്ത് ലോര്‍ഡിനും വോള്‍ഡമോര്‍ട്ടിനും ഒരു കുഞ്ഞുണ്ടായി ബ്രസീല്‍ ജഡ്ജ് ആയാല്‍ എങ്ങനെയിരിക്കുമെന്ന് ചോദിക്കുന്നുണ്ട്. അതിന്റെ ഫലമായി ലഭിച്ച ചിത്രവും മസ്‌ക് പങ്ക് വെച്ചിട്ടുണ്ട്.

നേരത്തെ ബ്രസീലിലെ ഇന്റര്‍നെറ്റ് നിയന്ത്രണ നിയമത്തെ ബഹുമാനിക്കാത്ത കമ്പനികള്‍ രാജ്യത്തെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് ജഡ്ജ് മസ്‌കിനെ ഉദ്ദേശിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌ക് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്.

ഈ മാസം ആദ്യം എക്സിലെ ചില ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ സുപ്രീം കോടതി ജഡ്ജിയായ അലക്സാണ്ട്രെ ഉത്തരവിട്ടതിനെത്തുടര്‍ന്ന് എക്സിന്റെ ബ്രസീലിലെ പ്രവര്‍ത്തനം നിര്‍ത്തുമെന്ന് ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ അലക്സാണ്ട്രെ ഡിമൊറേസ് ബ്രസീലിലെ എക്‌സിന്റെ നിയമ വിഭാഗം വക്താവിനെ സെന്‍സര്‍ഷിപ്പ് ഓര്‍ഡറുകള്‍ പാലിച്ചില്ല എന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിനാലാണ് ബ്രസീലിലെ എക്‌സിന്റെ പ്രവര്‍ത്തനം നിര്‍ത്തിയതെന്നായിരുന്നു അന്ന് മസ്‌ക് പറഞ്ഞത്.

തീവ്ര വലതുപക്ഷ നേതാവും മുന്‍ ബ്രസീല്‍ പ്രസിഡന്റുമായ ജൈര്‍ ബൊല്‍സൊനാരോയുടെ ഭരണകാലത്ത് വ്യാജവാര്‍ത്തകളും വിദ്വേഷപ്രയോഗങ്ങളും പ്രചരിപ്പിച്ച ചില അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ എക്സ് ഇതിന് വിപരീതമായി അക്കൗണ്ടുകള്‍ സജീവമാക്കാനുള്ള നിലപാട് സ്വീകരിച്ചതോടെ മസ്‌കും കോടതിയും തമ്മിലുള്ള ബന്ധം വഷളാവുകയും മസ്‌കിനെതിരെ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തു.

ഇതാദ്യമായല്ല മറ്റ് രാജ്യങ്ങളിലെ ഭരണകൂടവുമായും നേതാക്കളുമായും മസ്‌ക് കൊമ്പുകോര്‍ക്കുന്നത്. ജൂലൈയില്‍ വെനസ്വേലയില്‍ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് ആരോപിച്ച് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായും മസ്‌ക് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു.

Content Highlight: Elon Musk made fun of Brazil Supreme Court Judge on his warnings

We use cookies to give you the best possible experience. Learn more