ന്യൂയോര്‍ക്ക്: ട്വിറ്റര്‍ വാങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി ശതകോടീശ്വരനും ടെസ്‌ല സി.ഇ.ഒയുമായ ഇലോണ്‍ മസ്‌ക്. വില്‍പന കരാറിലെ വ്യവസ്ഥകള്‍ ട്വിറ്റര്‍ പാലിച്ചില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയില്ലെന്നും ആരോപിച്ചാണ് പിന്മാറ്റമെന്ന് മസ്‌ക് അറിയിച്ചു.
വ്യക്തമായ കാരണങ്ങളില്ലാതെ ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്മാറിയ മസ്‌കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു.
സ്പാം, വ്യാജ അക്കൗണ്ടുകള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ ട്വിറ്റര്‍ തയ്യാറായില്ലെങ്കില്‍, കരാറില്‍ നിന്ന് താന്‍ പുറത്തുപോകുമെന്ന് കഴിഞ്ഞ മാസം മസ്‌ക് അറിയിച്ചിരുന്നു. പ്രതിദിനം ഒരു ദശലക്ഷം സ്പാം അക്കൗണ്ടുകള്‍ തടയുന്നുണ്ടെന്ന് ട്വിറ്റര്‍ അവകാശപ്പെട്ടിരുന്നു.
4,400 കോടി ഡോളറിനായിരുന്നു (44,000 മില്യണ്‍/ 44 ബില്യണ്‍) ട്വിറ്റര്‍ വാങ്ങുന്നതിനുള്ള കരാറില്‍ മസ്‌ക് ഒപ്പുവെച്ചിരുന്നത്. ട്വിറ്റര്‍ വാങ്ങുന്നതിനായി നേരത്തെ 46.5 ബില്യണ്‍ ഡോളറോളം മസ്‌ക് നല്‍കിയിരുന്നു.
എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്യം നല്‍കുമെന്ന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു.
ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ നീളം കൂട്ടുക, അല്‍ഗൊരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക എന്നിവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുതായി മസ്‌ക് അറിയിച്ചിരുന്നു.
CONTENT HIGHLIGHTS: Elon Musk has abandoned plans to buy Twitter