'ഇവിടെ തല്‍ക്കാലം ഒരു മുതലാളി മതി'; ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട് മസ്‌ക്
World News
'ഇവിടെ തല്‍ക്കാലം ഒരു മുതലാളി മതി'; ട്വിറ്ററിന്റെ ഡയറക്ടര്‍ ബോര്‍ഡ് പിരിച്ചുവിട്ട് മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st November 2022, 5:42 pm

സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിനെ പിരിച്ചുവിട്ട് ശതകോടീശ്വരനും ട്വിറ്ററിന്റെ പുതിയ മേധാവിയുമായ ഇലോണ്‍ മസ്‌ക്. ഇതോടെ ഡയറക്ടര്‍ ബോര്‍ഡിലെ ഏക അംഗമായി, ഒരേയൊരു ഡയറക്ടറായി മസ്‌ക് മാറി.

യു.എസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് കമ്പനി തിങ്കളാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാകുന്നത്.

44 ബില്യണ്‍ ഡോളറിന് ട്വിറ്റര്‍ ഏറ്റെടുത്തതിന് പിന്നാലെ അക്ഷരാര്‍ത്ഥത്തില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമിന്റെ ‘ഏകാധിപതി’യായി മാറിയിരിക്കുകയാണ് മസ്‌ക്. ട്വിറ്ററിന്റെ പൂര്‍ണനിയന്ത്രണം നിലവില്‍ മസ്‌കിന്റെ കൈകളിലാണ്.

എന്നാല്‍ ബോര്‍ഡ് സജ്ജീകരണങ്ങള്‍ താല്‍ക്കാലികം മാത്രമാണെന്ന് പ്രതികരിച്ച മസ്‌ക് പക്ഷെ വിശദാംശങ്ങള്‍ നല്‍കാന്‍ തയ്യാറായിട്ടില്ല.

സ്‌പേസ്ഫ്‌ളൈറ്റ് കമ്പനിയായ സ്‌പേസ് എക്‌സിന്റെയും (SpaceX) ന്യൂറോടെക്‌നോളജി സ്റ്റാര്‍ട്ടപ്പായ ന്യൂറാലിങ്കിന്റെയും (Neuralink) മേധാവിയായ മസ്‌ക് ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു ട്വിറ്ററിന്റെ മേധാവിയായി ചുമതലയേറ്റത്. മേധാവി സ്ഥാനം ഏറ്റെടുത്തതിന് പിന്നാലെ മസ്‌ക് ട്വിറ്ററില്‍ അടിമുടി അഴിച്ചുപണികള്‍ നടത്തുകയാണ്. ട്വിറ്ററിന്റെ തലപ്പത്തിരുന്നവരെ പുറത്താക്കി കൊണ്ടാണ് ഇലോണ്‍ മസ്‌ക് തന്റെ അധികാരം ഉപയോഗിച്ച് തുടങ്ങിയത്.

ട്വിറ്റര്‍ സി.ഇ.ഒയായിരുന്ന ഇന്ത്യന്‍ വംശജന്‍ പരാഗ് അഗര്‍വാള്‍, ചീഫ് ഫൈനാന്‍ഷ്യല്‍ ഓഫീസര്‍ നെഡ് സെഗാള്‍ എന്നിവരുള്‍പ്പെടെയുള്ളവരെയായിരുന്നു മസ്‌ക് പുറത്താക്കിയത്. ലീഗല്‍ പോളിസി മേധാവി, ട്രസ്റ്റ് ആന്റ് സേഫ്റ്റി വിഭാഗം മേധാവി എന്നിവരെ കൂടി സ്ഥാനത്ത് നിന്നും മസ്‌ക് നീക്കിയതായി വാഷിങ്ടണ്‍ പോസ്റ്റും സി.എന്‍.ബി.സിയുമടക്കമുള്ള യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതിനിടെ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതില്‍ പ്രതിഷേധിച്ചുകൊണ്ട് ട്വിറ്ററിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒയുമായ ജാക്ക് ഡോര്‍സി പുതിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോം തുടങ്ങാന്‍ പദ്ധതിയിടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

ബ്ലൂ സ്‌കൈ (Bluesky) എന്ന പുതിയ ആപ്പ് പരീക്ഷണ ഘട്ടത്തിലാണെന്നാണ് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇലോണ്‍ മസ്‌കിനോടുള്ള വിയോജിപ്പ് കാരണമാണ് ഡോര്‍സി ഈ നീക്കം നടത്തുന്നതെന്നാണ് സൂചന. നിലവില്‍ ആപ്പ് ബീറ്റ ടെസ്റ്റിങ് സ്റ്റേജിലാണ്.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിനോട് കടുത്ത വിയോജിപ്പുണ്ടായിരുന്നയാളായിരുന്നു ജാക്ക് ഡോര്‍സി.

മസ്‌കിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലാത്ത ട്വിറ്ററിലെ നിരവധി തൊഴിലാളികള്‍ നേരത്തെ തന്നെ രാജിവെച്ചിരുന്നു.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുന്നതിന്റെ നടപടികള്‍ ആദ്യം അതിവേഗത്തില്‍ നീങ്ങിയിരുന്നെങ്കിലും പിന്നീട് മസ്‌ക് ഇതില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചിരുന്നു. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളുടെ സാന്നിധ്യമായിരുന്നു ഇതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.

എന്നാല്‍ പരാഗ് അഗര്‍വാളിന്റെ നേതൃത്വത്തില്‍ നിയമപോരാട്ടം ആരംഭിക്കുകയും ഒടുവില്‍ മസ്‌കിന്റെ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിയുകയുമായിരുന്നു.

പിന്നാലെ, കരാറില്‍ നിന്നും പിന്മാറാനാവില്ലെന്നും ട്വിറ്റര്‍ ഏറ്റെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം അറിയിക്കണമെന്ന കോടതി വിധി വന്നതോടെയാണ് മസ്‌ക് ഇത് സംബന്ധിച്ച നടപടികള്‍ പൂര്‍ത്തിയാക്കിയത്.

ലോകത്തെ അതിസമ്പന്നനായ വ്യക്തിയുടെ കീഴില്‍ ട്വിറ്റര്‍ വരുന്നതില്‍ വിവിധ കോണുകളില്‍ നിന്ന് ആശങ്കയും വിമര്‍ശനവും ഉയരുന്നുണ്ട്. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ വിലക്ക് മസ്‌ക് എടുത്തുകളയുമെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവരുന്നുണ്ട്.

Content Highlight: Elon Musk fires Twitter board, making himself the sole director