ലജ്ജാകരം; ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു: ഇലോണ്‍ മസ്‌ക്
World News
ലജ്ജാകരം; ട്രൂഡോ അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു: ഇലോണ്‍ മസ്‌ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd October 2023, 8:22 am

 

ഒട്ടാവ: കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സ്‌പേസ് എക്‌സ് സി.ഇ.ഒ ഇലോണ്‍ മസ്‌ക്. ട്രൂഡോ കാനഡയിലെ അഭിപ്രായ സ്വാതന്ത്ര്യം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് മസ്‌കിന്റെ വിമര്‍ശനം.

ഓണ്‍ലൈന്‍ സട്രീമിങ് സര്‍വീസുകളുടെ നിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാരിന് മുമ്പാകെ രജിസ്റ്റര്‍ ചെയ്യണമെന്ന കാനഡ ഗവണ്‍മെന്റിന്റെ സമീപകാല ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഗ്ലെന്‍ ഗ്രീന്‍വാള്‍ഡിന്റെ പോസ്റ്റിന് പിന്നാലെ മസ്‌ക് പ്രതികരിക്കുകയായിരുന്നു. പോഡ്കാസ്റ്റുകള്‍ നല്‍കുന്ന ഓണ്‍ലൈന്‍ സ്ട്രീമിങ് സര്‍വീസുകള്‍ നിയന്ത്രണങ്ങള്‍ക്കായി സര്‍ക്കാരിന് മുമ്പാകെ രജിസ്റ്റര്‍ ചെയ്യണമെന്ന് കാനഡ പ്രഖ്യാപിച്ചിരിക്കുയാണെന്നാണ് ഗ്ലെന്‍ ഗ്രീന്‍വാള്‍ഡ് പോസ്റ്റില്‍ കുറിച്ചത്.

‘ലജ്ജാകരം, കാനഡയിലെ അഭിപ്രായ സ്വാതന്ത്ര്യത്തെ തകര്‍ക്കാനാണ് ട്രൂഡോ ശ്രമിക്കുന്നത്,’ പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് മസ്‌ക് പ്രതികരിച്ചു.

അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമായാണ് ട്രൂഡോ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന വിമര്‍ശനം നേരത്തെയും ഉണ്ടായിരുന്നു. 2022ല്‍ കൊവിഡ് കാലത്ത് വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ ട്രക്ക് ഉടമകള്‍ നടത്തിയ സമരത്തോടുള്ള ട്രൂഡോയുടെ പ്രതികരണം വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയായിരുന്നു.

Content Highlights: Elon Musk criticizes Justin Trudeau