| Tuesday, 28th February 2023, 5:15 pm

അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളക്കാരോടും ഏഷ്യക്കാരോടും വംശീയത വെച്ചുപുലര്‍ത്തുന്നു: ഇലോണ്‍ മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അമേരിക്കന്‍ മാധ്യമങ്ങള്‍ വെള്ളക്കാരോടും ഏഷ്യക്കാരോടും വര്‍ണവിവേചനം കാണിക്കുന്നുണ്ടെന്ന് ട്വിറ്റര്‍ സി.ഇ.ഒ ഇലോണ്‍ മസ്‌ക്. കറുത്ത വര്‍ഗക്കാരെ അധിക്ഷേപിച്ച് യൂട്യൂബില്‍ വീഡിയോ ചെയ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റ് സകോട്ട് ആഡംസിനെ ന്യായീകരിച്ച് കൊണ്ടാണ് മസ്‌ക് തന്റെ അഭിപ്രായം തുറന്ന് പറഞ്ഞത്.

ഒഫീഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ട്വീറ്റിന് താഴെ മസ്‌കിനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പ്രതികരണങ്ങളാണ് വരുന്നത്.

‘കുറേയധികം വര്‍ഷങ്ങളായി അമേരിക്കന്‍ മാധ്യമങ്ങള്‍ കറുത്തവര്‍ഗക്കാരോടാണ് വംശീയ വിദ്വേശം കാണിച്ചിരുന്നത്. എന്നാല്‍ ഇന്ന് അത് വെള്ളക്കാരോടും ഏഷ്യക്കാരോടുമായി മാറിയിരിക്കുന്നു.

അമേരിക്കയിലെ കോളേജുകളിലും ഹൈസ്‌കൂളുകളിലും ഇതേ പ്രവണതയാണ് കാണുന്നത്. റേസിസ്റ്റാവാതിരിക്കാനാണ് നാം ശ്രമിക്കേണ്ടത്,’ മസ്‌ക് പറഞ്ഞു.

മസ്‌കിനുള്ളിലെ വംശീയവാദി പുറത്ത് ചാടിയെന്നാണ് ട്വീറ്റിന് താഴെ വന്ന ഒരു കമന്റ്. അതല്ല മസ്‌ക് പറഞ്ഞ കാര്യം വാസ്തവമാണെന്നും വെള്ളക്കാരന്റെ വംശീയത ചര്‍ച്ച ചെയ്യുന്ന ആളുകള്‍ കറുത്ത വര്‍ഗക്കാരുടെ വര്‍ണ വെറിയെ കാര്യമാക്കുന്നില്ലെന്നും ചിലര്‍ കമന്റിടുന്നുണ്ട്.

അമേരിക്കയിലെ പ്രശസ്തമായ ഡില്‍ബര്‍ട്ട് കാര്‍ട്ടൂണിന്റെ രചയിതാവായ ആഡം സ്‌കോട്ടിന്റെ വംശീയ പ്രസ്താവന വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അമേരിക്കയിലെ കറുത്ത വര്‍ഗക്കാരെ വെള്ളക്കാര്‍ അകറ്റി നിര്‍ത്തണമെന്നാണ് ആഡം തന്റെ യൂട്യൂബിലൂടെ പറഞ്ഞത്.

കറുത്ത വര്‍ഗക്കാര്‍ക്ക് വെള്ളക്കാരോട് വിദ്വേഷ മനോഭാവമാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. പ്രസ്താവന വിവാദമായതോടെ പല മുന്‍നിര മാധ്യമ സ്ഥാപനങ്ങളും ആഡംസിന്റെ കാര്‍ട്ടൂണ്‍ വിലക്കാന്‍  തീരുമാനമെടുത്തിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് ഇലോണ്‍ മസ്‌കിന്റെ ട്വീറ്റ്. ഇതിനോടകം നിരവധി അമേരിക്കക്കാരാണ് സ്‌കോട്ടിന് പിന്തുണയുമായെത്തിയത്.

ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷം മസ്‌കിന്റെ നടപടികള്‍ പലതും വലിയ വിവാദങ്ങളായിട്ടുണ്ട്. കൂട്ട പിരിച്ചുവിടലുകളും കമ്പനിയുടെ പോളിസികളില്‍ വരുത്തിയ മാറ്റങ്ങളും വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വക്താവായി സ്വയം അവരോധിക്കുന്ന മസ്‌ക് ആര്‍ക്ക് വേണമെങ്കിലും തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനുള്ള ഇടമായി ട്വിറ്ററിനെ മാറ്റുമെന്നും പറഞ്ഞിരുന്നു.

Content Highlight: Elon musk comment on racism in America

We use cookies to give you the best possible experience. Learn more