| Monday, 22nd January 2024, 11:32 pm

മറ്റ് സമൂഹ മാധ്യമങ്ങളെ അപേക്ഷിച്ച് എക്‌സില്‍ യഹൂദവിരുദ്ധ ഉള്ളടക്കങ്ങള്‍ കുറവ്: പുറത്തുവിടാത്ത ഓഡിറ്റ് റിപ്പോട്ടുകളുമായി എലോണ്‍ മസ്‌ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഴ്‌സ: മറ്റ് സമൂഹ മാധ്യമങ്ങളെ അപേക്ഷിച്ച് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ യഹൂദവിരുദ്ധ ഉള്ളടക്കങ്ങള്‍ കുറവാണെന്ന് എക്സിന്റെ ഉടമയായ എലോണ്‍ മസ്‌ക്. തെക്കന്‍ പോളിഷ് നഗരമായ ക്രാക്കോവില്‍ നടന്ന യഹൂദവിരുദ്ധതക്കെതിരെ പോരാടുന്നതിനുള്ള സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എലോണ്‍ മസ്‌ക്.

സമീപ ദിവസങ്ങളിലായി കമ്പനി നടത്തിയ ഓഡിറ്റുകളിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ ഉള്‍പ്പെടുന്നതെന്ന് മസ്‌ക് പറഞ്ഞു. തന്റെ പ്ലാറ്റ്ഫോമില്‍ പങ്കുവെക്കപ്പെടുന്ന വ്യാജ ഉള്ളടക്കങ്ങള്‍ വേര്‍തിരിച്ചറിയണമെന്നും അഭിപ്രായ സ്വാതന്ത്ര്യമെന്നത് മാധ്യമങ്ങളുടെ സുപ്രധാന ഘടകമാണെന്നും മസ്‌ക് പ്രതികരിച്ചു.

2023 സെപ്റ്റംബറില്‍ പ്രമുഖരായ റബ്ബിമാരും പണ്ഡിതന്മാരും ഉള്‍പ്പെടെയുള്ള 100 യഹൂദ നേതാക്കളുടെ ഒരു സംഘം യഹൂദവിരുദ്ധ ഉള്ളടക്കങ്ങള്‍ ചൂണ്ടിക്കാട്ടി മസ്‌കിന് ഒരു തുറന്ന കത്തയച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഉള്ളടക്കങ്ങളില്‍ പരിശോധന നടത്താനുള്ള ഓഡിറ്റിങ് ഗ്രൂപ്പുകളെ എക്‌സ് നിയോഗിച്ചതെന്നാണ് മസ്ക് അവകാശപ്പെട്ടത്.

എന്നാല്‍ പണ്ഡിതരുടെ തുറന്ന കത്തില്‍ യഹൂദ വിരുദ്ധ ഉള്ളടക്കങ്ങള്‍ക്ക് മസ്‌ക് പിന്തുണ നല്‍കുന്നുവെന്നതിനുള്ള ഏതാനും തെളിവുകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ഈ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്ററുകളും ഉള്ളടക്കങ്ങളും മസ്‌ക് പ്രചരിപ്പിച്ചതായും കത്ത് വ്യക്തമാക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

യഹൂദ സമൂഹം വെള്ളക്കാര്‍ക്കെതിരെ വെറുപ്പ് സൃഷ്ട്ടിക്കുന്നുവെന്ന പരാമര്‍ശം സത്യമാണെന്ന രീതിയിലുള്ള ഒരു പോസ്റ്റിന് മസ്‌ക് പിന്തുണ നല്‍കിയതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനം നിലനില്‍ക്കവെയാണ് മസ്‌കിന്റെ പുതിയ വെളിപ്പെടുത്തലുകള്‍.

ഓഡിറ്റ് റിസള്‍ട്ടുകളും ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പുറത്തുവിടാന്‍ എലോണ്‍ മസ്‌ക് തയ്യാറായിട്ടില്ലെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Elon Musk claims X has less anti-Semitic content than other social media platforms

Latest Stories

We use cookies to give you the best possible experience. Learn more