| Monday, 19th December 2022, 5:14 pm

'നിങ്ങള് പറ, ഞാന്‍ പോണോ'; സ്ഥാനമൊഴിയുന്ന കാര്യത്തില്‍ ട്വിറ്റര്‍ യൂസേഴ്‌സിനോട് വോട്ട് ചെയ്യാനാവശ്യപ്പെട്ട് മസ്‌ക്; വേണമെന്ന് ഭൂരിഭാഗം പേരും

ഡൂള്‍ന്യൂസ് ഡെസ്‌ക്

സാന്‍ ഫ്രാന്‍സിസ്‌കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിന്റെ മേധാവി സ്ഥാനത്ത് നിന്നും താന്‍ രാജി വെക്കണമോ എന്നത് സംബന്ധിച്ച് വോട്ട് ചെയ്യാന്‍ ട്വിറ്റര്‍ യൂസേഴ്‌സിനോട് ആവശ്യപ്പെട്ട് മേധാവി ഇലോണ്‍ മസ്‌ക്.

കമ്പനിയുടെ ഏറ്റവും പുതിയ നയം മാറ്റം വിവാദമാകുകയും ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുകയും ചെയ്തതിനെ തുടര്‍ന്നാണിത്. മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ”സൗജന്യ പ്രൊമോഷന്‍” ട്വിറ്ററില്‍ ഇനി അനുവദിക്കില്ലെന്ന പ്രഖ്യാപനം ഉപയോക്താക്കള്‍ക്കിടയില്‍ തിരിച്ചടി സൃഷ്ടിച്ചതിന് പിന്നാലെയാണ് മസ്‌കിന്റെ വോട്ടെടുപ്പ് നീക്കം.

”ഞാന്‍ ട്വിറ്ററിന്റെ മേധാവി സ്ഥാനം ഒഴിയണോ? ഈ വോട്ടെടുപ്പിന്റെ ഫലം ഞാന്‍ പാലിക്കും,” എന്നാണ് മസ്‌ക് ഞായറാഴ്ച ട്വീറ്റ് ചെയ്തത്.

”ഏതോ പഴഞ്ചൊല്ലില്‍ പറയുന്നത് പോലെ, നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളില്‍ സൂക്ഷ്മത പുലര്‍ത്തുക, കാരണം നിങ്ങള്‍ക്കത് ലഭിച്ചേക്കാം,” എന്നും മസ്‌ക് മറ്റൊരു ട്വീറ്റില്‍ പറയുന്നു.

തിങ്കളാഴ്ച രാവിലെ വരെ, ഏകദേശം 10.5 ദശലക്ഷം ഉപയോക്താക്കള്‍ വിഷയത്തില്‍ വോട്ട് ചെയ്തതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 57.5 ശതമാനം പേര്‍ മസ്‌ക് സ്ഥാനമൊഴിയണമെന്നാണ് വോട്ട് ചെയ്തത്.

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, മാസ്റ്റോഡോണ്‍ തുടങ്ങീ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കായി യൂസര്‍നെയിമും അക്കൗണ്ടുകളിലേക്കുള്ള ലിങ്കുകളും ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ ഉപയോക്താക്കളെ ഇനി അനുവദിക്കില്ലെന്നായിരുന്നു ട്വിറ്റര്‍ ഞായറാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞത്.

അതേസമയം, തന്നെക്കുറിച്ച് വാര്‍ത്തകള്‍ നല്‍കിയ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്ത ഇലോണ്‍ മസ്‌കിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വ്യാഴാഴ്ച കൂട്ടക്കൊല (Thursday Massacre) എന്നാണ് ഈ നടപടി ഇപ്പോള്‍ വിശേഷിപ്പിക്കപ്പെടുന്നത്.

വിവിധ രാജ്യങ്ങളുടെ പ്രതിനിധികളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളുമാണ് മസ്‌കിനെതിരെ രംഗത്തുവന്നിരിക്കുന്നത്.

ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ഐക്യരാഷ്ട്രസഭയും മസ്‌കിന്റെ നടപടിയില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നടപടിയാണ് ഫ്രീ സ്പീച്ച് അനുകൂലിയെന്ന് (Free Speech absolutist) അവകാശപ്പെടുന്നയാളുടെ ഭാഗത്ത് നിന്നും ഉണ്ടാവുന്നതെന്നാണ് വിമര്‍ശനം.

മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്ത നടപടി ഐക്യരാഷ്ട്ര സഭയെ അസ്വസ്ഥപ്പെടുത്തിയെന്നാണ് യു.എന്‍ വക്താവായ സ്റ്റെഫാനി ദുജാറിക് പ്രതികരിച്ചത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും സ്വതന്ത്രമായ ആശയവിനിമയത്തിനും വേണ്ടി നിലകൊള്ളുന്ന ഒരു പ്ലാറ്റ്ഫോമില്‍ നിന്നും ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത നടപടിയാണിതെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ഇലോണ്‍ മസ്‌കിനെ വിമര്‍ശിച്ചുകൊണ്ട് വാര്‍ത്ത കൊടുത്ത മാധ്യമപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ടുകളാണ് സസ്പെന്‍ഡ് ചെയ്തിരുന്നത്. ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, സി.എന്‍.എന്‍, വോയ്‌സ് ഓഫ് അമേരിക്ക, ദ ഇന്റര്‍സെപ്റ്റ് എന്നിവയിലെ ഏഴോളം മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് ഇത്തരത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. യാതൊരുവിധ മുന്നറിയിപ്പും ഇല്ലാതെയായിരുന്നു സസ്‌പെന്‍ഷന്‍.

Content Highlight: Elon Musk asks Twitter users to vote on whether he should step down from position

We use cookies to give you the best possible experience. Learn more