| Friday, 12th May 2023, 2:25 pm

ട്വിറ്റര്‍ സി.ഇ.ഒ സ്ഥാനമൊഴിയാന്‍ ഇലോണ്‍ മസ്‌ക്; ആറ് ആഴ്ചക്കുള്ളില്‍ പകരക്കാരി സ്ഥാനമേല്‍ക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാത്തിരിപ്പിനൊടുവില്‍ പുതിയ ട്വിറ്റര്‍ സി.ഇ.ഒയെ കണ്ടെത്തിയെന്ന് സ്ഥിരീകരിച്ച് ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. മസ്‌ക് തന്നെയാണ് ഈ വിവരം ട്വീറ്റ് ചെയ്തത്. പുതിയ സി.ഇ.ഒ വനിതയായിരിക്കുമെന്നും ആറ് ആഴ്ചക്കുള്ളില്‍ സ്ഥാനമേല്‍ക്കുമെന്നും അദ്ദേഹം ഇന്ന് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു.

പകരക്കാരിയുടെ പേര് വിവരങ്ങള്‍ ഇലോണ്‍ മസ്‌ക് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ട്വിറ്ററിന്റെ ചീഫ് ടെക്‌നോളജി ഓഫീസര്‍ റോളിലേക്ക് താന്‍ മാറുമെന്നും മസ്‌ക് അറിയിച്ചിട്ടുണ്ട്.

എന്‍.ബി.സി യൂണിവേഴ്‌സല്‍ എക്‌സിക്യൂട്ടീവ് ലിന്‍ഡ യാക്കാരിനോ ആയിരിക്കും ഈ സ്ഥാനത്തേക്ക് എത്തുകയെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യം എന്‍.ബി.സി യൂണിവേഴ്‌സല്‍ സ്ഥിരീകരിച്ചിട്ടില്ല.

യാഹൂ മുന്‍ സി.ഇ.ഒ മരിസ മേയര്‍, യൂട്യൂബ് മുന്‍ സി.ഇ.ഒ സൂസന്‍ വോജ്‌സിക്കി, മസ്‌കിന്റെ ബ്രെയിന്‍-ചിപ്പ് സ്റ്റാര്‍ട്ടപ്പായ ന്യൂറലിങ്കിന്റെ ടോപ്പ് എക്‌സിക്യൂട്ടീവായ ശിവോണ്‍ സിലിസ്, സ്‌പേസ് എക്‌സ് പ്രസിഡന്റ് ഗ്വിന്നേ ഷോട്ട്വെല്‍, ടെസ്ല ഇന്‍ക് ചെയര്‍ റോബിന്‍ ഡെന്‍ഹോം എന്നിവരുടെ പേരുകളും ട്വിറ്റര്‍ മേധാവി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ഡിസംബറില്‍ നടത്തിയ ട്വിറ്റര്‍ പോളില്‍ 57.5% ഉപയോക്താക്കളും മസ്‌ക് സി.ഇ.ഒ സ്ഥാനം ഒഴിയണമെന്ന ആവശ്യത്തെ പിന്തുണച്ചിരുന്നു. പിന്നാലെ ഈ ജോലി ഏറ്റെടുക്കാന്‍ മാത്രം വിഡ്ഢിയായ ഒരാളെ കണ്ടെത്തിയാലുടന്‍ സി.ഇ.ഒ സ്ഥാനം രാജിവെക്കുമെന്ന് മസ്‌ക് വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ ട്വിറ്റര്‍ സി.ഇ.ഒ ആയി സ്ഥാനമേറ്റ ശേഷം ഇലോണ്‍ മസ്‌ക് നടത്തിയ പരിഷ്‌കാരങ്ങളും ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടലും നേരത്തെ വന്‍ വിവാദമായിരുന്നു.

content highlights: Elon Musk announced he hired a new CEO for Twitter

We use cookies to give you the best possible experience. Learn more